പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി ബ്ലാസ്റ്റേഴ്സ്; 2014ന് ശേഷം ആദ്യം

bllasters
SHARE

 ഐഎസ്എല്ലില്‍  ഹൈദരാബാദിനെ തോല്‍പിച്ച് കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. എതിരില്ലാത്ത ഒരുഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. 2014 നു ശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.

ഗോവയിലെ തിലക് മൈതാനത്തെ തീപ്പൊരി പോരാട്ടത്തില്‍ ഇരുടീമുകളും തമ്മിലുള്ള വ്യത്യാസം  ഈ ഗോളായിരുന്നു. 42ാം മിനിറ്റില്‍ സ്പാനിഷ് സ്ട്രൈക്കറുടെ ഈ ഷോട്ട് ഹൈദരാബാദിന്‍റെ വലയിലേക്ക് മാത്രമല്ല, ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസിലേക്കും കൂടിയായിരുന്നു. മൂന്നാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് മല്‍സരം തുടങ്ങിയതെങ്കിലും വിട്ടുകൊടുക്കാന്‍ ഒട്ടുംതയാറല്ലായിരുന്നു ഹൈദരാബാദ്.  എഡു ഗാര്‍സ്യയുടെ ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സിന്‍റെ ഗോള്‍മുഖത്ത് ഭീഷണിയുയര്‍ത്തി. കൊണ്ടും കൊടുത്തും കളി പുരോഗമിക്കുന്നതിനിടെ 22ാം മിനിറ്റില്‍ അഡ്രിയന്‍ ലൂണയുടെ അതിമനോഹര ക്രോസ് ഹോര്‍ഗെ പെരേര ഗോളിലേക്ക് തിരിച്ചുവിട്ടെങ്കിലും കട്ടിമണിയുടെ ഉജ്ജ്വല സേവ്  വിലങ്ങുതടിയായി.

ആക്രമിച്ച് കളിച്ച മുന്‍നിരയ്ക്കൊപ്പം ക്യാപ്റ്റന്‍ ജെസലിന്‍റെ നേതൃത്വത്തിലുള്ള പ്രതിരോധനിരയും മികച്ചു നിന്നപ്പോള്‍ ഗോള്‍ നേടുകയെന്നത് ഹൈദരാബാദിന് വെല്ലുവിളിയായി. കൂടാതെ മികച്ച ഫോമിലുള്ള ഹൈദരാബാദ് സ്ട്രൈക്കര്‍ ഓഗ്ബച്ചേയെ പിടിച്ചുകെട്ടാനും ബ്ലാസ്റ്റേഴ്സിന്‍റെ  പ്രതിരോധനിരയ്ക്കായി. മറ്റന്നാള്‍ ഒഡീഷ എഫ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മല്‍സരം.

MORE IN SPORTS
SHOW MORE