ഹൈദരാബാദിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്; പോയിന്റ് പട്ടികയില്‍ ഒന്നാമത്

kerala-blasters-03
SHARE

പലതവണ മോഹിപ്പിച്ചശേഷം കൈവിട്ട പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ഒടുവിൽ കേരളാ ബ്ലാസ്റ്റേഴ്സ് രാജകീയമായിത്തന്നെ സ്വന്തമാക്കി. ഈ സീസണിൽ ഏറ്റവും കുറവു കളികൾ തോറ്റ ടീമുകളുടെ പോരാട്ടത്തിൽ ഹൈദരാബാദ് എഫ്‍സിയെ ഏകപക്ഷീയമായ ഒരു ഗോ‌ളിന് തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. 42–ാം മിനിറ്റിൽ സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്ക്വസ് നേടിയ ഏക ഗോ‌ളിലാണ് ബ്ലാസ്റ്റേഴ്സ് വിജയം പിടിച്ചെടുത്തത്.‌‌ ഇതോടെ തുടർച്ചയായി എട്ടു മത്സരങ്ങളിൽ തോൽവിയറിയാതെ അജയ്യരായി മുന്നേറിയെത്തിയ ഹൈദരാബാദ് സീസണിലെ രണ്ടാം തോൽവിയോടെ തിരികെ കയറി.

10 മത്സരങ്ങൾ പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സ് നാലു ജയവും അഞ്ച് സമനിലയും സഹിതം 17 പോയിന്റുമായാണ് ഒന്നാം സ്ഥാനത്തേക്ക് കയറിയത്. മത്സരം തുടങ്ങുമ്പോ‌ൾ അഞ്ചാം സ്ഥാനത്തായിരുന്ന ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് ഉൾപ്പെടെയുള്ള ടീമുകളെ പിന്തള്ളിയാണ് ഒന്നാമതെത്തിയത്. മുംബൈ സിറ്റി എഫ്‍സിക്കും 10 കളികളിൽനിന്ന് 17 പോയിന്റുണ്ടെ‌ങ്കിലും ഗോ‌ൾശരാശരിയിൽ ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തായിരുന്ന ഹൈദരാബാദ് മൂന്നാം സ്ഥാനത്തേക്ക് പതിച്ചു. ഇനി ഒഡീഷ എഫ്‍സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഏഴു വർഷത്തിനിടെ ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. ഇതിനു മുൻപ് 2014ലാണ് ഏറ്റവുമൊടുവിൽ ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തെത്തിയത്.

കീഴടങ്ങാൻ മനസ്സില്ലാത്ത പോരാളികളുടെ ഏറ്റുമുട്ടൽ പ്രതീക്ഷിച്ചതുപോലെ ആവേശകരമായിരുന്നു. കൊണ്ടും കൊടുത്തും മുന്നേറിയ ഇരു ടീമുകളും ആദ്യ പകുതിയിൽ പലതവണയാണ് ഗോ‌ളിന് അടുത്തെത്തിയത്. മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ എഡു ഗാർഷ്യയുടെ ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സിന്റെ ക്രോസ് ബാറിൽത്തട്ടി തെ‌റിക്കുന്ന കാഴ്ചയോടെയാണ് മത്സരം ചൂടുപിടിച്ചത്. ഇത്തവണ ബ്ലാസ്റ്റേഴ്സിനൊപ്പം നിന്ന ഭാഗ്യം പിന്നാലെ ഹൈദരാബാദിനെ പിന്തുണയ്ക്കുന്നതും കണ്ടു. 22–ാം മിനിറ്റിൽ അഡ്രിയൻ ലൂണയുടെ ഒരു തകർപ്പൻ ക്രോസിലേക്ക് പറന്നുവീണ ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ഹോർഹെ പെരേര പന്തിന് ഗോളിലേക്ക് വഴികാട്ടിയെ‌ങ്കിലും കോർണർ വഴങ്ങി കട്ടിമണി ഹൈദരാബാദിന്റെ രക്ഷകനായി.‌‌

ആവേശം വാനോ‌ളമുയർന്ന ആദ്യപകുതി ഗോ‌ൾരഹിതമായി അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് അൽവാരോ വാസ്ക്വസിന്റെ തകർപ്പൻ ഫിനിഷിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡെടുത്തത്. ആദ്യപകുതിയിൽ നഷ്ടമാക്കിയ സകല അവസരങ്ങളുടെയും നിരാശ മായ്ച്ചുകളഞ്ഞ് 42–ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സ് ലീഡ് നേടിയത്.

MORE IN SPORTS
SHOW MORE