അടിക്ക് തിരിച്ചടി; ഗോവയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിന് സമനില; പട്ടികയിൽ മൂന്നാമത്

isl-blasters-04
SHARE

ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്സി ഗോവയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിനു സമനില മാത്രം. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ രണ്ടു ഗോളുകൾ നേടി ബ്ലാസ്റ്റേഴ്സ് ലീഡെടുത്തെങ്കിലും ആദ്യ പകുതിയിൽ രണ്ട് ഗോളുകളും തിരിച്ചടിച്ചു ഗോവ സമനില പിടിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സിനായി ജീക്സൻ സിങ് (10), അഡ്രിയാന്‍ ലൂണ (20) എന്നിവർ ഗോളുകൾ നേടി.

ജോർജ് ഓർട്ടിസ് മെൻഡോസ (24), എഡു ബേഡിയ എന്നിവരാണു ഗോവയ്ക്കായി ഗോൾ മടക്കിയത്. ലീഡ് നഷ്ടപ്പെടുത്തിയതോടെ രണ്ടാം പകുതിയിൽ നിറം മങ്ങിയ കളിയാണു ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. ബ്ലാസ്റ്റേഴ്സ് താരങ്ങളൊന്നാകെ പതറിയതോടെ കളി ഗോവയുടെ നിയന്ത്രണത്തിലായി. തുടർന്നങ്ങോട്ട് ഗോവയുടെ ആക്രമണങ്ങൾ തുടങ്ങി. ഇതോടെ പ്രതിരോധത്തിലൂന്നിയായി ബ്ലാസ്റ്റേഴ്സിന്റെ കളികൾ. ഗോൾ കീപ്പർ പ്രഭ്ഷുകൻ ഗില്ലിന്റെ തകർപ്പൻ പ്രകടനം കാരണം ഗോവ ഗോളെന്നുറച്ച ഒന്നിലേറെ ഷോട്ടുകൾ നഷ്ടമായി. 

ജയിച്ചിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്സിന് പട്ടികയിൽ ഒന്നാമതെത്താമായിരുന്നു. സമനിലയായതോടെ 14 പോയിന്റുമായി പട്ടികയിൽ മൂന്നാമതാണു ബ്ലാസ്റ്റേഴ്സ്. തുടർച്ചയായി രണ്ടു മത്സരം തോറ്റ ഗോവയ്ക്ക് ആശ്വാസമാണ് ഈ സമനില. 9 പോയിന്റുമായി 9–ാം സ്ഥാനത്താണ് അവർ‌. 9ന് ഹൈദരാബാദിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം.

MORE IN SPORTS
SHOW MORE