ഇത്തവണ സന്തോഷ് ട്രോഫി ഫൈനൽ മൽസരം ഫുട്ബോളിന്റെ സ്വന്തം നാട്ടിൽ

സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ട് മല്‍സരങ്ങള്‍ ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് ആറു വരെ മലപ്പുറത്ത് നടക്കും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിനു പുറമേ മലപ്പുറം കോട്ടപ്പടി മൈതാനവും മല്‍സരങ്ങള്‍ക്ക് വേദിയാകും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാവും കാണികള്‍ക്കും അവസരം ലഭിക്കുക. 

ഫുട്ബോളിന്‍റെ നാടായ മലപ്പുറത്ത് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മല്‍സരങ്ങളെത്തുബോള്‍ ജില്ല വരവേല്‍പിനായി ഒരുങ്ങുകയാണ്. വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു കഴിഞ്ഞു. കേരളം അടക്കം പത്തു ടീമുകളാണുളളത്. ഒാരോ ടീമിനും നാലു വീതം 23 മല്‍സരങ്ങള്‍ നടക്കും. പയ്യനാട് സ്റ്റേഡിയത്തിലാണ് കൂടുതല്‍ മല്‍സരങ്ങള്‍ നടക്കുക. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തേയും വേദിയായി പരിഗണിക്കുന്നുണ്ട്. 

ടീമുകളുടെ പരിശീലനത്തിനായി ജില്ലയിലെ വിവിധ മൈതാനങ്ങളെ ഉപയോഗപ്പെടുത്തും. റഫറിമാര്‍ക്കായി പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. രണ്ടു ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് സ്റ്റേഡിയത്തിനുളളില്‍ പ്രവേശനം നല്‍കിയാല്‍ മതിയെന്നാണ് നിലവിലെ തീരുമാനം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കാണികളുടെ പ്രവേശന കാര്യത്തില്‍ മാറ്റങ്ങളുണ്ടായേക്കും. നിലവില്‍ 25000 കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാന്‍ സ്ഥലസൗകര്യമുണ്ടെങ്കിലും എണ്ണം കുറയ്ക്കാനാണ് സാധ്യത.