ആഷസ് രണ്ടാം ടെസ്റ്റ്; ആദ്യദിനം ഓസ്ട്രേലിയന്‍ ആധിപത്യം

asheshtest
SHARE

ആഷസ് രണ്ടാം ടെസ്റ്റില്‍ ആദ്യദിനം ഓസ്ട്രേലിയന്‍ ആധിപത്യം.  ഡേവിഡ് വാര്‍ണര്‍ – മാര്‍നസ് ലബുഷേന്‍ കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ ശക്തമായ നിലയിലെത്തിച്ചത്. ആദ്യദിനം കളിനിര്‍ത്തുമ്പോള്‍  2 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെന്ന നിലയിലാണ് ഓസീസ്.  95 റണ്‍സുമായി ലബുഷേന്‍ ഇന്ന് ബാറ്റിങ്ങ് പുനരാരംഭിക്കും 

സ്റ്റുവര്‍ട് ബ്രോഡും ജേമി ആന്‍ഡേഴ്സനും മടങ്ങിയെത്തിയിട്ടും ഓസീസ് ബാറ്റര്‍മാെര വെല്ലുവിളിക്കാനുള്ള കരുത്ത് ഇംഗ്ലീഷ് ബോളിങ് നിരയ്ക്കുണ്ടായില്ല. കൂടെ പിഴവുകളുമായി ഫീല്‍ഡര്‍മാരും. ഓപ്പണര്‍ മാര്‍ക്കസ് ഹാരിസ് രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ടതോടെ മൂന്നുറണ്‍സിന് പുറത്ത്. പിന്നാലെ ഒന്നിച്ച വാര്‍ണര്‍ – ലബുഷേന്‍ കൂട്ടുകെട്ട് ചേര്‍ത്തത് 172 റണ്‍സ്. സെഞ്ചുറിക്ക് അഞ്ചുറണ്‍സ് മാത്രമകലെ വാര്‍ണറെ സ്റ്റോക്സ് പുറത്താക്കി.

തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലാണ് വാര്‍ണര്‍ 90ല്‍ വീഴുന്നത്. കഴിഞ്ഞ മല്‍സരത്തില്‍ പുറത്തായത് 94 റണ്‍സില്‍. മര്‍നസ് ലബുഷേനെ ഇംഗ്ലണ്ട് കൈവിട്ടത് രണ്ടുതവണ. 95 റണ്‍സുമായി നില്‍ക്കുന്ന ലബുഷേനിലും  ഇടവേളയ്ക്ക് ശേഷം ക്യാപ്റ്റന്‍സി ഏറ്റെടുത്ത സ്റ്റീവ് സ്മിത്തിലുമാണ്  രണ്ടാം ദിനം ഓസീസിന്റെ പ്രതീക്ഷ. 

MORE IN SPORTS
SHOW MORE