പുതിയ കോച്ചിനും ക്യാപ്റ്റനും കീഴിൽ ടീം ഇന്ത്യ; പുതുയുഗം പിറക്കുന്നു

dravid-rohit-rahul-2
SHARE

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പുതിയ യുഗം പിറക്കുന്നു. പുതിയ കോച്ചിനും ക്യാപ്റ്റനും കീഴില്‍ ഇന്ത്യയുടെ ആദ്യ പരമ്പര നാളെതുടങ്ങും. ന്യൂസീലന്‍ഡാണ് എതിരാളി. മൂന്ന് ട്വന്റി 20 മല്‍സരങ്ങളുടെ ആദ്യ അങ്കത്തിന് നാളെ ജയ്പൂര്‍ വേദിയാകും. രാഹുല്‍ ദ്രാവിഡ് ടീമിന് പുതിയ സംസ്കാരം നല്‍കുമെന്ന് വൈസ് ക്യാപ്റ്റന്‍ കെ.എല്‍.രാഹുല്‍ പറഞ്ഞു. ട്വന്റി 20 ലോകകപ്പ് ഫൈനലിലെ തോല്‍വിയുടെ ആഘാതത്തിലാണ് ന്യൂസീലന്‍ഡ്. ഇന്ത്യയാവട്ടെ സെമി കാണാതെ പുറത്തായതിന്റെ ക്ഷീണത്തിലും. എന്നാല്‍ മുഖ്യപരിശീലകനായി രാഹുല്‍ ദ്രാവിഡ് എത്തിയതും ക്യാപ്റ്റനായി രോഹിത് ശര്‍മ വന്നതും ടീം ഇന്ത്യയ്ക്ക് ഉണര്‍വാകുമെന്നാണ് കണക്ക്കൂട്ടല്‍. ഇന്ത്യന്‍ ടീം ജയ്പൂര്‍ സ്റ്റേഡിയത്തില്‍ മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ബോളിങ് പരിശീലകന്‍ പരസ് മാംബ്രയ്ക്കും ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോറിനുമൊപ്പം  പരിശീലനം നടത്തി. ദ്രാവിഡ് ടീം മാന്‍ ആണെന്നും അതിനാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ക്ക് പുതിയ കാഴ്ചപ്പാട് നല്‍കുമെന്നും വൈസ് ക്യാപ്റ്റന്‍ രാഹുല്‍ പറഞ്ഞു.

കെ.എൽ രാഹുലും, ഗെയ്ക്‌വാദും വെങ്കിടേഷ് അയ്യരും ആവേഷ് ഖാനും ഹര്‍ഷൽ‍ പട്ടേലും ശ്രേയ്സ് അയ്യരും ഉള്‍പ്പെടുന്ന ടീമിന്റെ ഡ്രസിങ് റൂം ശാന്തമാക്കാന്‍ രോഹിത് ശര്‍മയ്ക്ക് ആകുമെന്ന് വൈസ് ക്യാപ്റ്റന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കെ.എൽ രാഹുൽ ട്വന്റി 20യ്ക്കും ഏകദിനത്തിനും നിലവില്‍ വേറെ വേറെ ക്യാപ്റ്റന്മാരാണ് ഇന്ത്യയ്ക്കുള്ളത്. ന്യൂസീലന്‍ഡിനെതിരായ പരമ്പര ഒരു പക്ഷേ ഇതിന് മാറ്റംവരുത്തിയേക്കും. അതിനാല്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത് ശര്‍മയ്ക്ക് ഈ പരമ്പര നിര്‍ണായകമാകും.

MORE IN Sports
SHOW MORE