ഇഭ എന്ന പെൺസിംഹം; അണ്ടര്‍ 17 പെണ്‍കുട്ടികളുടെ ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യചിഹ്നം

ഇന്ത്യ ആതിഥ്യം വഹിക്കുന്ന അണ്ടര്‍ 17 പെണ്‍കുട്ടികളുടെ ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യചിഹ്നം അവതരിപ്പിച്ചു. ഇഭ എന്ന പെണ്‍സിംഹത്തെ രാജ്യാന്തര ബാലികാദിനത്തിലാണ് ഫിഫ അവതരിപ്പിച്ചത്. 

ഏഷ്യന്‍ പെണ്‍സിംഹത്തിന്റെ പ്രതീകമായ ഇഭ സ്ത്രീശക്തിയെയാണ് പ്രതിനിധീകരിക്കുന്നത്. വ്യക്തമായ കാഴ്ചപ്പാടും തീരുമാനവും ഉള്ളവള്‍ എന്നാണ് മേഘാലയയിലെ ഔദ്യോഗികഭാഷയായ ഖാസിയില്‍ ഈ വാക്കിന്റെ അര്‍ഥം. അണ്ടര്‍ 17 പെണ്‍കുട്ടികളുടെ ലോകകപ്പിന് ഇന്ത്യ വേദിയാകുമ്പോള്‍ ഇന്ത്യന്‍ ഫുട്ബോളിനും അത് ഊര്‍ജമേകുമെന്ന് ഫിഫ ചീഫ് വിമന്‍സ് ഫുട്ബോള്‍ ഓഫിസര്‍ സരായ് ബരേമാന്‍ പറഞ്ഞു.

അടുത്തവര്‍ഷം ഒക്ടോബര്‍ പതിനൊന്നുമുതല്‍ മുപ്പതുവരെ അഞ്ചുവേദികളിലായാണ് അണ്ടര്‍ 17 പെണ്‍കുട്ടികളുടെ ഫുട്ബോള്‍ ലോകകപ്പ്. മുംബൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ഭുവനേശ്വര്‍, ഗുവാഹത്തി, എന്നീ നഗരങ്ങളാണ് വേദികള്‍.