ട്വന്റി20 ലോകകപ്പിന് മുൻപേ ‍ഞെട്ടിച്ച് കോലി; തീരുമാനത്തിന് പിന്നിൽ

rohit-kohli-2
SHARE

വിരാട് കോലി ട്വന്റി20 നായകസ്ഥാനമൊഴിയും. ദുബായില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിന് ശേഷമാകും കോലിയുടെ പടിയിറക്കം. മൂന്ന് ഫോര്‍മാറ്റിലും നായകനായി തുടരുമ്പോഴുണ്ടാകുന്ന ജോലിഭാരമാണ് കോലിയെ തീരുമാനത്തിലെത്തിച്ചത്. ട്വിറ്ററിലൂടെയാണ് കോലിയുടെ പ്രഖ്യാപനം. ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായി തുടരും. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി മൂന്ന് ഫോര്‍മാറ്റിലും ടീം ഇന്ത്യയെ നയിക്കുകയാണ്. ഇത്  കടുത്ത ജോലിഭാരമാണ്. അതിനാലാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്. ഏകദിന. ടെസ്റ്റ് ടീമുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് തീരുമാനം. ക്യാപ്റ്റന്‍ എന്ന നിലയില്‍ ട്വന്റി20 ടീമിനായി കഴിവിന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഇനിയും ഒരു ബാറ്റ്സ്മാന്‍ എന്ന നിലയില്‍ ടി–20 ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കും. 

ഏറെ ആലോചനകള്‍ക്ക് ശേഷമാണ് തീരുമാനത്തിലെത്തിയതെന്ന് കോലി പറഞ്ഞു. പരിശീലകന്‍ രവി ശാസ്ത്രി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരുമായി ചര്‍ച്ച നടത്തിയശേഷമാണ് തീരുമാനം. ബിസിസിഐ പ്രസിഡന്റ്്, സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, സെലക്ടര്‍മാര്‍ എന്നിവരുമായും കോലി സംസാരിച്ചു. എന്നാല്‍ കോലി ട്വന്റി20 നായകസ്ഥാനം ഒഴിയുന്നതുമായി  ബന്ധപ്പെട്ട് ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2017ലാണ് മഹേന്ദ്രസിങ് ധോണിയുടെ പിന്‍ഗാമിയായി വിരാട് കോലി കുട്ടിക്രക്കറ്റില്‍ നായകസ്ഥാനത്തേക്ക് എത്തുന്നത്. അടുത്തമാസം വരാനിരിക്കുന്ന ലോകകപ്പ് കോലി നയിക്കുന്ന ആദ്യത്തേയും അവസാനത്തേയും ട്വന്റി–20 ലോകകപ്പാകും.45 മല്‍സരങ്ങളില്‍ ഇന്ത്യയെ നയിച്ച കോലി 27 ജയവും നേടി. 14 മല്‍സരങ്ങളില്‍ തോറ്റു. എംഎസ് ധോണിക്ക് ശേഷം ഏറ്റവും കൂടുതല്‍ ട്വന്റി–20 മല്‍സരങ്ങള്‍ നയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍. 

CRICKET-TEST-ENG-IND/
Cricket - England v India - Second Test - LordÕs, London, Britain - August 12, 2018 India head coach Ravi Shastri and Virat Kohli during the match Action Images via Reuters/Paul Childs

നേരത്തെ കോലി ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്നും രോഹിത് ശര്‍മ സ്ഥാനമേറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ ഇത് തള്ളിയിരുന്നു. മാധ്യസൃഷ്ടിയാണ് ഇതെന്നായിരുന്നു പ്രതികരണം. ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങളുള്ള മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍  രോഹിത് ശര്‍മയാകും അടുത്ത ട്വന്റി20 ക്യാപ്റ്റന്‍ എന്നാണ് സൂചന. ഇതുവരെ ഒരു ഐപിഎല്‍  കിരീടം നേടാന്‍ ഇന്ത്യന്‍ നായകന് കഴിഞ്ഞിട്ടില്ല. നായകനായി അവസാന ട്വന്റി20 ലോകകപ്പാകും ഇതെന്നതിനാല്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും കോലി ലക്ഷ്യമിടുന്നുണ്ടാകില്ല. കോലിക്ക് ഇതുവരെ ഒരുഐസിസി കിരീടം പോലും നേടാന്‍ കോലിക്ക്കഴിഞ്ഞിട്ടില്ല.

അതേസമയം, ഐപിഎലിൽ മുംബൈ ഇന്ത്യൻസ് നായകനെന്ന നിലയിൽ മികച്ച റെക്കോർഡാണ് രോഹിത് ശർമയ്ക്കുള്ളത്. രോഹിത്തിനു കീഴിലാണ് 2013, 2015, 2017, 2019, 2020 വർഷങ്ങളിൽ മുംബൈ ഇന്ത്യൻസ് ഐപിഎൽ ജേതാക്കളായത്. ഇന്ത്യൻ ടീമിന്റെ നായകനെന്ന നിലയിലും രോഹിത്തിന് മികച്ച റെക്കോർഡാണുള്ളത്. കോലിയുടെ അഭാവത്തിൽ ഇന്ത്യയെ നയിച്ച 10 ഏകദിനങ്ങളിൽ എട്ടിലും വിജയം. ഇതിനു പുറമേ ഏഷ്യാകപ്പ് കിരീടവും ചൂടി. 18 ട്വന്റി20 മത്സരങ്ങളിൽ ഇന്ത്യയ്ക്ക് 15 വിജയങ്ങൾ സമ്മാനിച്ചു. ഇതിനു പുറമേ 2018ലെ നിദാഹാസ് ട്രോഫിയിലും ടീമിനെ ജേതാക്കളാക്കി.

kohli-web

കോലിയുടെ കുറിപ്പിന്റെ പൂർണരൂപം:

രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കഴിവിനൊത്ത് നയിക്കാനും ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഞാൻ. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനായുള്ള യാത്രയിൽ എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി. ഇന്ത്യൻ ടീമംഗങ്ങളുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും സിലക്ഷൻ കമ്മിറ്റിയുടെയും പരിശീലകരുടെയും ഈ ടീമിന്റെ വിജയത്തിനായി പ്രാർഥിച്ച നിങ്ങൾ ഓരോരുത്തരുടെയും പിന്തുണ ഇല്ലാതെ മികച്ച പ്രകടനം നടത്തുക സാധ്യമായിരുന്നില്ല.

ജോലിഭാരം ക്രമീകരിക്കുന്നത് കരിയറിൽ വളരെ പ്രധാനപ്പെട്ട കാര്യമാണ്. കഴിഞ്ഞ 8–9 വർഷമായി മൂന്നു ഫോർമാറ്റിലും ഇന്ത്യൻ താരമെന്ന നിലയിലും 5–6 വർഷമായി ക്യാപ്റ്റനെന്ന നിലയിലും വലിയ ജോലിഭാരമാണ് ഞാൻ അനുഭവിക്കുന്നത്. ഇനിയങ്ങോട്ട് ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യൻ ടീമിനെ നയിക്കാൻ ഞാൻ ജോലിഭാരം ക്രമീകരിക്കേണ്ടതുണ്ടെന്ന് കരുതുന്നു. ട്വന്റി20 ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ സാധ്യമായതെല്ലാം ഞാൻ ഇന്ത്യൻ ടീമിനായി ചെയ്തിട്ടുണ്ട്. ബാറ്റ്സ്മാനെന്ന നിലയിൽ എന്റെ കഴിവിന്റെ പരമാവധി തുടർന്നും ചെയ്യും.

‘ശരിയാണ്, ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താൻ ഒരുപാട് സമയമെടുത്തു. നീണ്ട വിചിന്തനത്തിനും ഉറ്റ സുഹൃത്തുക്കളുമായുള്ള ചർച്ചകൾക്കും ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത്. നേതൃസംഘത്തിന്റെ ഭാഗങ്ങളായ രവി ഭായിയോടും (മുഖ്യ പരിശീലകൻ രവി ശാസ്ത്രി) രോഹിത്തിനോടും ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഒക്ടോബറിൽ യുഎഇയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുശേഷം ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഞാൻ രാജിവയ്ക്കുകയാണ്. ഇതേക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവർക്കൊപ്പം എല്ലാ സിലക്ടർമാരുമായും സംസാരിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിനെയും ക്രിക്കറ്റ് ടീമിനേയും എന്റെ കഴിവിന്റെ പരമാവധി സേവിക്കുന്നത് ഇനിയും തുടരും.

വിരാട് കോലി, ഒപ്പ്.

MORE IN SPORTS
SHOW MORE
Loading...
Loading...