‘എന്നെ കൊല്ലാക്കൊല ചെയ്യുന്നു, മനസ്സു തളർന്നു’; വിഷാദരോഗം പിടിപെട്ടു: വിനേഷ്

vinesh-fogut
SHARE

ന്യൂഡൽഹി: കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘർഷത്തിലാണെന്നും ഗുസ്തി നിർത്തിയാലോ എന്നു പോലും ചിന്തിച്ചുപോകുന്നുവെന്നും ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്. 2019ൽ സ്പെയിനിൽ വച്ചു വിഷാദരോഗം സ്ഥിരീകരിച്ചുവെന്നും ഏറെക്കാലം ഉറങ്ങാൻ സാധിച്ചിട്ടില്ലെന്നും ഒരു ദേശീയ മാധ്യമത്തിൽ എഴുതിയ കുറിപ്പിൽ വിനേഷ് വെളിപ്പെടുത്തി. ടോക്കിയോ ഒളിംപിക്സിനിടെ അച്ചടക്കലംഘനം നടത്തിയെന്നു കാട്ടി ദേശീയ ഗുസ്തി ഫെഡറേഷൻ വിനേഷിനെ കഴിഞ്ഞ ദിവസം  സസ്പെൻഡ് ചെയ്തിരുന്നു.

‘ഞാൻ എന്നെത്തന്നെ ഗുസ്തിക്കു സമർപ്പിച്ചതാണ്. ഇപ്പോൾ ഗുസ്തി നിർത്തിയാലോ എന്നു പോലും ചിന്തിച്ചു പോവുകയാണ്. എന്നാൽ, അതു ചെയ്താൽ പൊരുതാതെ കീഴടങ്ങുന്നതു പോലെയാകും. പുറത്തുനിന്നുള്ള പലരും എന്റെ വിധിയെഴുതിക്കഴിഞ്ഞു. എന്നെ കൊല്ലാക്കൊല ചെയ്യുകയാണ്. ഒരു മെഡൽ നഷ്ടത്തോടെ അവർ എനിക്കെതിരെ നിരന്തരം വിമർശനങ്ങൾ അഴിച്ചുവിടുകയാണ്.’

‘കൂടെയുള്ള താരങ്ങൾ എന്തു പറ്റിയെന്നു ചോദിക്കില്ല. കുറ്റപ്പെടുത്തലാണ് അവരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. എല്ലാ താരങ്ങളെയും പോലെ ഒളിംപിക് വേദിയിൽ കടുത്ത സമ്മർദത്തിലൂടെയാണു ഞാനും കടന്നുപോയത്. അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം. ഞാനൊരിക്കലും സമ്മർദം കൊണ്ടു തോറ്റുപോയിട്ടില്ല.’

‘നമ്മൾ സിമോൺ ബൈൽസിനെ ആഘോഷിക്കുന്നു. ഞാൻ തയാറല്ലെന്ന് ഇവിടെപ്പറഞ്ഞാൽ അവസ്ഥയെന്താകും. ഞാൻ മത്സരരംഗത്തേക്ക് ഇനി ചിലപ്പോൾ മടങ്ങിവന്നേക്കില്ല. എന്റെ ശരീരം തളർന്നിട്ടില്ല. എന്നാൽ, മനസ്സാകെ തളർന്നിരിക്കുന്നു’ – വിനേഷ് വിശദീകരിച്ചു.

ഇന്ത്യൻ സംഘത്തോടൊപ്പം യാത്ര ചെയ്തില്ല, ഒളിംപിക്സ് വില്ലേജിൽ തങ്ങാനും മറ്റു താരങ്ങൾക്കൊപ്പം പരിശീലനം നടത്താനും വിസമ്മതിച്ചു, ഇന്ത്യൻ സംഘത്തിന്റെ ഔദ്യോഗിക സ്പോൺസറുടെ ലോഗോ ജഴ്സിയിൽ ധരിച്ചില്ല എന്നീ കാരണങ്ങൾ നിരത്തിയാണു വിനേഷിനെ സസ്പെൻഡ് ചെയ്തത്. 

വിനേഷിനു കൊടുത്ത കാരണം കാണിക്കൽ നോട്ടിസിനു മറുപടി ലഭിച്ചിട്ടില്ലെന്നു ഗുസ്തി ഫെഡറേഷൻ അറിയിച്ചു. 

MORE IN SPORTS
SHOW MORE
Loading...
Loading...