നവീന്‍ ബാബു, നന്ദി..; ഇന്ത്യന്‍ ഹോക്കിയുടെ ചങ്കിടിപ്പായതിന്..!

odisha-05
SHARE

ഇന്ത്യന്‍ ഹോക്കി മഹിമയുടെയും മികവിന്‍റെയും പുതിയ യുഗത്തിലേയ്ക്ക് നീങ്ങുമ്പോള്‍ അതിന്‍റെ ക്രെഡിറ്റ് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനും അവകാശപ്പെട്ടതാണ്. 41 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ പുരുഷ ടീം മെഡല്‍ നേടി. പെണ്‍പടയുടെ തീപാറുന്ന പോരാട്ടം കണ്ട് ത്രസിച്ചിരിക്കുകയാണ് ഒരു ജനത. വിജയത്തിന് അവകാശികള്‍ പലരുണ്ടാകാമെങ്കിലും നവീന്‍ ബാബുവാണ് ഒളിംപിക്സിലെ ഇന്ത്യന്‍ ഹോക്കി മുന്നേറ്റത്തിന്‍റെ നേരവകാശി.

ഇന്ത്യന്‍ പുരുഷ, വനിത ടീമുകളുടെ ജീവശക്തി. 2018 മുതല്‍ ജൂനിയര്‍, സീനിയര്‍ ടീമുകളുടെ ഔദ്യോഗിക സ്പോണ്‍സറാണ് ഒഡീഷ. ഒരു ദേശീയ ടീമിനെ സ്പോണ്‍സര്‍ ചെയ്ത ആദ്യ സംസ്ഥാനം. ഒളിംപിക് മെഡല്‍ നേട്ടത്തില്‍ ഇന്ത്യയുടെ പാര്‍ലമെന്‍റ് നവീന്‍ പട്നായക്കിനോട് നന്ദി പറഞ്ഞു.

naveenpatnaik-05

ഇന്ത്യയുടെ ദേശീയ കായിക വിനോദമാണെങ്കിലും ക്രിക്കറ്റിന്‍റെ ആഘോഷപ്പൊലിമയ്ക്കു മുന്നില്‍ ഹോക്കിക്ക് പഴയ പ്രൗഢിയില്ല. 1995 മുതല്‍ സഹാറയായിരുന്നു ഇന്ത്യന്‍ ഹോക്കിയുടെ സ്പോണ്‍സര്‍. സാമ്പത്തിക പ്രതിസന്ധിമൂലം സഹാറ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറിയപ്പോള്‍ 2018ല്‍ ഒഡീഷ സര്‍ക്കാര്‍ മുന്നോട്ടുവന്നു. നവീന്‍ പട്നായിക്കിന്റെ ആ തീരുമാനം ഭ്രാന്താണെന്നായിരുന്നു പലരും വിമര്‍ശിച്ചത്. പ്രകൃതിദുരന്തങ്ങള്‍ നിരന്തരം വേട്ടയാടുന്ന, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒരു സംസ്ഥാനത്തിന് ഇത്തരം ഒരു ബാധ്യതകൂടി ഏറ്റെടുക്കാന്‍ കഴിയുമോയെന്ന ചോദ്യം ഉയര്‍ന്നു. 100 കോടി രൂപ സംസ്ഥാന ഖജനാവില്‍ നിന്ന് ധൂര്‍ത്തടിക്കുന്നുവെന്ന് പരിഹസിച്ചവരുണ്ട്. ''ഇന്ത്യന്‍ ഹോക്കിയുടെ മുന്നേറ്റ യാത്രയില്‍ ഒഡീഷയും പങ്കാളിയാകുന്നു'' എന്ന വാക്കുകളോടെ പത്ര പരസ്യം നല്‍കിയാണ് നവീന്‌‍ പട്നായിക് വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടി നല്‍കിയത്.

അഞ്ച് വര്‍ഷത്തേയ്ക്ക് 150 കോടി രൂപയുടെ സ്പോണ്‍സര്‍ഷിപ്പ്. സഹാറ പിന്മാറിയതോടെ നിരാലംബമായ ടീമിന് നവീന്‍ പട്നായിക്കിന്‍റെ ഇച്ഛാശക്തി താങ്ങായി. പഴയ പ്രതാപത്തിന്റെ നഷ്ടബോധത്തില്‍ അവഗണനയിലേയ്ക്ക് എല്ലാവരും തള്ളിമാറ്റിയപ്പോള്‍ അര്‍ഥവും അടിസ്ഥാന സൗകര്യവും നല്‍കി ഇന്ത്യന്‍ ഹോക്കിയുടെ തലവരമാറ്റാന്‍ മുന്നിട്ടിറങ്ങി. ചാംപ്യന്‍സ് ട്രോഫി, ഹോക്കി വേള്‍ഡ് ലീഗ് തുടങ്ങി നിരവധി മല്‍സരങ്ങള്‍ക്ക് ഒഡീഷ ആതിഥേയരായി. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഭുവനേശ്വര്‍ ആസ്ഥാനമായ കലിംഗ ലാന്‍സേഴ്സ് ക്ലബും. "കായിക മേഖലയ്ക്കുള്ള നിക്ഷേപം യുവത്വത്തിനുള്ള നിക്ഷേപമാണ്. ഭാവിയിലേയ്ക്കുള്ള നിക്ഷേപമാണ്. ഞങ്ങളുടെ സുന്ദര്‍ഗഡ് ജില്ലയിലേയ്ക്ക് ഒന്നു പോയി നോക്കൂ. കുട്ടികള്‍ ഹോക്കി സ്റ്റിക്കുമായി നടക്കുന്നത് കാണാം'' നവീന്‍ പട്നായിക്ക് പറഞ്ഞു.

hockpat-05

പൊതുവേ മിതഭാഷിയും ലജ്ജാശീലനുമായ നവീന്‍ പട്നായിക്ക് ഹോക്കിയെ പിന്തുണയ്ക്കാന്‍ അരയുംതലയും മുറക്കി പൊതുവേദികളിെലത്തി. ട്രൗസറും ടീ ഷര്‍ട്ടുമൊക്കെ ധരിച്ച്. വനിത, പുരുഷ ടീമുകളെ നിരന്തരം പ്രചോദിപ്പിച്ചു. ഒളിംപിക്സ് സെമിഫൈനലില്‍ പരാജയം നേരിട്ടപ്പോള്‍ ആത്മബലം നല്‍കി. ഹോക്കി കുട്ടിക്കാലത്തെ ശീലം കൂടിയായിരുന്നു നവീന്‍ പട്നായിക്കിന്. ഡൂണ്‍ സ്കൂളിലെ ഗോള്‍ കീപ്പര്‍. 1970 മുതല്‍ തിരിച്ചടി നേരിടാന്‍ തുടങ്ങിയ ഇന്ത്യന്‍ ഹോക്കിയുടെ തിരിച്ചുവരവ് നവീന്‍ പട്നായിക്കിന്‍റെ എക്കാലത്തെയും സ്വപ്നമായിരുന്നു. മുഖ്യമന്ത്രിയുടെ ഒരോ ചുവടുവയ്പ്പിലും ഒഡീഷയിലെ ജനങ്ങള്‍ ഒപ്പം നിന്നു. മഴയും വെയിലും വകവയ്ക്കാതെ നിറഞ്ഞ സ്റ്റേഡിയങ്ങളില്‍ ഹോക്കിയെ ഒഡീഷക്കാര്‍ നെഞ്ചോടുചേര്‍ത്തു. ദിലീപ് ടര്‍ക്കിയെന്ന ഹോക്കി താരത്തെ രാജ്യസഭാംഗമാക്കിയ ചരിത്രവും നവീന്‍ പട്നായക്കിന്‍റെ പാര്‍ട്ടിയായ ബിജെഡിക്കുണ്ട്. രാജ്യത്തിന്‍റെ കായിക ഭൂപടത്തില്‍ നവീന്‍ പട്നായിക്കും തലയുയര്‍ത്തി നില്‍ക്കുന്നു. ഇന്ത്യന്‍ ഹോക്കിയുടെ പുതിയ മുന്നേറ്റങ്ങള്‍ക്കൊപ്പം.

MORE IN SPORTS
SHOW MORE
Loading...
Loading...