അവസാന നിമിഷം വരെ പൊരുതി; മേരി കോം നൽകുന്ന പാഠങ്ങൾ

തളരാത്ത പോരാളിയാണ് മേരി കോം അന്നും എന്നും. ടോക്കിയോയില്‍ തോറ്റെങ്കിലും അവസാന നിമിഷം വരെ പൊരുതി. അതിജീവനത്തിന്റേയും തിരിച്ചുവരവിന്റേയും പാഠം ലോകവേദിയിലെത്തിച്ചാണ് മാഗ്‌നിഫിസന്റ് മേരി മടങ്ങുന്നത്.

മേരി കോം ഒളിംപിക്സില്‍ തോറ്റു.  ടോക്കിയോയില്‍ നിന്ന് മെഡിലില്ലാതെ മടങ്ങുന്നു. പക്ഷേ അതിനപ്പുറം 136 കോടി ജനഹൃദയങ്ങളില്‍ മേരി കോം പോരാട്ടത്തിന്റെ പര്യായമാണ്.  പൊരുതിത്തോറ്റാണ് മടക്കം ഇടിക്കൂട്ടില്‍ ഇറങ്ങിയപ്പോഴെല്ലാം എംസി മേരികോം സമ്മാനിച്ചത് അതുല്യനിമിഷങ്ങള്‍. ആറുവട്ടം ലോകചാംപ്യനായ ഏകവനിതാ താരം. ലോകവേദിയില്‍ എട്ട് മെഡലുകളുള്ള ഒരേ ഒരു താരം. 2012 സമ്മര്‍ ഒളിംപിക്സില്‍ വെങ്കലം. ഏഷ്യന്‍  ഗെയിംസില്‍ ഒരു സ്വര്‍ണവും വെങ്കലവും, ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ അഞ്ചുസ്വര്‍ണം രണ്ട് വെള്ളി...   നേട്ടങ്ങളുടെ പട്ടികയ്ക്ക് നീളമേറെയാണ്. 

ഡിങ്കോ സിങ്ങിനോട്  എത്രമനന്ദിപറഞ്ഞാലും മതിയാകില്ല. പട്ടിണിയില്‍ മുങ്ങി, പത്താംവയസില്‍ കാട്ടില്‍ വിറക് വെട്ടാന്‍ ഇറങ്ങിയ മേരിയെ സ്വപ്നം കാണാന്‍ പഠിപ്പിച്ചത് അയാളാണ്. അനാഥനായ ഡിങ്കോ സിങ് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയതോടെയാണ് മേരിയുടെ ശ്രദ്ധ റിങ്ങിലേക്കായത്.

മൂന്ന് കുട്ടികളുടെ അമ്മയായശേഷവും ലോകചാംപ്യനായ മാഗ്‌നിഫസന്റ് മേരി സ്വപ്നങ്ങള്‍ക്ക് പിറകെ പോകാന്‍ പ്രചോദിപ്പിക്കുന്നത് ആയിരക്കണക്കിന് പേരെ. ബോക്സിങ് റിങ്ങില്‍ ‍ഞങ്ങളെ ത്രസിപ്പിച്ച മുഹൂര്‍ത്തങ്ങള്‍ക്ക് നന്ദി. ഈ ജീവിതം എന്നും ഞങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും.