അരങ്ങേറ്റത്തിൽ അർധസെഞ്ചുറിക്കരികെ സഞ്ജു വീണു; 46 പന്തിൽ 46 റൺസ്!

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മൂന്നാം വിക്കറ്റ് നഷ്ടം. അരങ്ങേറ്റ മത്സരം കളിക്കുന്ന സ‍ഞ്ജു സാംസൺ അർധസെഞ്ചുറിക്ക് അരികെ പുറത്തായി. 46 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 46 റൺസെടുത്താണ് സഞ്ജുവിന്റെ മടക്കം. 19 ഓവർ പൂർത്തിയാകുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 120 റൺസ് എന്ന നിലയിലാണ് ഇന്ത്യ. മനീഷ് പാണ്ഡെ (4), സൂര്യകുമാർ യാദവ് (ഒന്ന്) എന്നിവർ ക്രീസിൽ.

ഓപ്പണർമാരായ ക്യാപ്റ്റൻ ശിഖർ ധവാൻ (11 പന്തിൽ 13), പൃഥ്വി ഷാ (49 പന്തിൽ 49) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. ശ്രീലങ്കയ്ക്കായി ദുഷ്മന്ത ചമീര, പ്രവീൺ ജയവിക്രമ, ക്യാപ്റ്റൻ ദസൂൺ ഷാനക എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. രണ്ടാം വിക്കറ്റിൽ പൃഥ്വി ഷാ – സഞ്ജു സാംസൺ സഖ്യം 80 പന്തിൽ കൂട്ടിച്ചേർത്ത 74 റൺസാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്.

ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ശിഖർ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. സ്കോർ ബോർഡിൽ 28 റൺസ് ഉള്ളപ്പോൾ 11 പന്തിൽ മൂന്നു ഫോറുകൾ സഹിതം 13 റൺസെടുത്ത ധവാനെ ദുഷ്മന്ത ചമീരയാണ് പുറത്താക്കിയത്. അഖില ധനഞ്ജയ്‌ക്കെതിരെ തുടർച്ചയായി മൂന്നു ഫോറുകൾ നേടി കരുത്തുകാട്ടിയതിനു പിന്നാലെയാണ് ധവാന്റെ മടക്കം. ചമീരയുടെ പന്തിൽ വിക്കറ്റ് കീപ്പർ മിനോദ് ഭാനക ക്യാച്ചെടുത്തു.

രണ്ടാം വിക്കറ്റിൽ മലയാളി താരം സഞ്ജു സാംസണിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് പൃഥ്വി ഷാ ഇന്ത്യയെ കരകയറ്റിയതാണ്. 80 പന്തിൽ 74 റൺസാണ് ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർ ബോർഡിൽ എത്തിച്ചത്. എന്നാൽ, അർധസെഞ്ചുറിയുടെ വക്കിൽ സ്കോറിങ് പതുക്കെയാക്കിയ ഷായെ, ശ്രീലങ്കൻ നായകൻ ഷാനക എൽബിയിൽ കുരുക്കി. ഷാ റിവ്യൂ ആവശ്യപ്പെട്ടെങ്കിലും രക്ഷയുണ്ടായില്ല. 49 പന്തിൽ എട്ടു ഫോറുകൾ സഹിതം 49 റൺസെടുത്ത് ഷായ്ക്ക് മടക്കം. അർധസെഞ്ചുറിക്ക് അരികെ സഞ്ജുവിനെയും ശ്രീലങ്ക വീഴ്ത്തി. 46 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 46 റൺസെടുത്ത സഞ്ജു, പ്രവീൺ ജയവിക്രമയുടെ പന്തിൽ ആവിഷ്ക ഫെർണാണ്ടോയ്ക്ക് ക്യാച്ച് സമ്മാനിച്ചു.

നേരത്തെ, പരമ്പര വിജയം സമ്മാനിച്ച ആത്മവിശ്വാസത്തിൽ അഞ്ച് പുതുമുഖങ്ങളുമായാണ് ഇന്ത്യ മൂന്നാം ഏകദിനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസൺ, നിതീഷ് റാണ, ചേതൻ സാകരിയ, കൃഷ്ണപ്പ ഗൗതം, രാഹുൽ ചാഹർ എന്നിവരാണ് ഇന്ന് ഏകദിന അരങ്ങേറ്റം കുറിച്ചത്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര ഉറപ്പാക്കിക്കഴിഞ്ഞു. ശ്രീലങ്കൻ നിരയിലും മൂന്നു മാറ്റങ്ങളുണ്ട്. പ്രവീൺ ജയവിക്രമ, അഖില ധനഞ്ജയ, രമേഷ് മെൻഡിസ് എന്നിവർ ഇന്ന് കളിക്കുന്നു.

ശിഖർ ധവാൻ നയിക്കുന്ന ടീം ആദ്യ മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഏഴു വിക്കറ്റിന്റെ അനായാസ വിജയം നേടിയിരുന്നു. രണ്ടാം മത്സരത്തിൽ തോൽവിയുടെ വക്കിലായിരുന്നെങ്കിലും ദീപക് ചാഹറിന്റെ അവിശ്വസനീയ ബാറ്റിങ് പ്രകടനം ടീമിന് അപ്രതീക്ഷിത വിജയവും പരമ്പരയും സമ്മാനിച്ചു. ഈ മത്സരത്തിൽ മൂന്നു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിൽ കളിച്ച ടീമിൽ ക്യാപ്റ്റൻ ശിഖർ ധവാൻ, പൃഥ്വി ഷാ, ഹാർദിക് പാണ്ഡ്യ, മനീഷ് പാണ്ഡെ, സൂര്യകുമാർ യാദവ് എന്നിവർക്ക് മാത്രമാണ് ഈ മത്സരത്തിൽ ഇന്ത്യ അവസരം നൽകിയത്. അഞ്ച് പുതുമുഖങ്ങൾക്കൊപ്പം നവ്ദീപ് സെയ്നിയും ടീമിൽ ഇടംപിടിച്ചു.