1952ൽ അരങ്ങേറ്റം; 10 മെഡലുകൾ; ഒളിമ്പിക്സ് മുത്തശ്ശിയുടെ അതിജീവനകഥ

agnus
SHARE

ജീവിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും പ്രായം കൂടിയ ഒളിംപ്യനാണ് നൂറു പിന്നിട്ട ഹംഗറിയുടെ ആഗ്നസ് കലേറ്റി. കാലാന്തരത്തില്‍ ഒളിംപിക്സിന് വന്നമാറ്റവും ലോകമഹായുദ്ധവും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുമെല്ലാം കലേറ്റിയുടെ കണ്‍മുന്നിലൂടെ കടന്ന് പോയി.

ഇരുട്ട് നിറഞ്ഞ കാലത്തെ അതിജീവിച്ചാണ് ഒളിംപിക്സ് പകര്‍ന്ന ഒരുമയുടെ, സമത്വത്തിന്റെ വെളിച്ചത്തിേലക്ക് ആഗ്നസ് എത്തിയത്. ഒളിംപിക്സില്‍ അരങ്ങേറാനിരുന്ന വര്‍ഷം നാസികളുടെ കയ്യില്‍ പെടാതെ ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തിലായിരുന്നു അവര്‍. ഓഷ്‌വിറ്റ്സിലെ കോണ്‍സണ്‍ട്രേഷന്‍ ക്യാംപില്‍ അച്ഛനുള്‍പ്പടെ കുടുംബാംഗങ്ങളെ നഷ്ടമായി. ലോകമഹായുദ്ധവും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും ബെര്‍ലിന്‍ മതിലിന്റെ വീഴ്ചയും കണ്ടു. അവിടെ നിന്ന് 1952–ല്‍ 31–ാം വയസില്‍ ഒളിംപിക്സ് അരങ്ങേറ്റം. മടങ്ങിയത് നാല് മെഡലുകളുമായി

തൊട്ടടുത്ത മെല്‍ബണ്‍ ഒളിംപിക്സില്‍ നാല് സ്വര്‍ണമടക്കം ആറ് മെഡലുകള്‍. ആ ഒളിംപിക്സിലെ ഏറ്റവും മികച്ച അത്‌ലീറ്റ്. കരിയറിലാകെ പത്ത് ഒളിംപിക്സ് മെഡലുകള്‍. നൂറ് വര്‍ഷത്തെ ജീവിതത്തില്‍ സാക്ഷിയായത് എത്ര ഒളിംപിക്സുകള്‍ക്ക്. അസ്വാതന്ത്രത്തിന്റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ച് ഒരു തലമുറ സ്വാതന്ത്ര്യത്തെ ഫിനിഷ് ലൈനില്‍  തൊടുന്നത് കണ്ടു. അമ്മയായ ശേഷവും ട്രാക്കിലെത്തി ഒരുവള്‍ ഇതിഹാസം രചിക്കുന്നതിന് സാക്ഷിയായി. ഷൂസില്ലാതെ ട്രാക്കിലിറങ്ങിയവര്‍ ആര്‍ജവം കൊണ്ട് ദൂരത്തേയും വേഗത്തേയും കാല്‍കീഴിലാക്കുന്നത് കണ്ട് നിര്‍വൃതി കൊണ്ടു. ലോകത്തെ ഏറ്റവും വേഗമറിയ മനുഷ്യനേയും ജലത്തെ കീറിമുറിച്ച് പായുന്നവരേയും പ്രോല്‍സാഹിപ്പിച്ചു.  വര്‍ഷങ്ങള്‍ക്കിപ്പുറം ടോക്കിയോയില്‍ സ്കൈ ബ്രൗണിനെപ്പോലെ പേരക്കുട്ടികളുടെ പ്രായത്തിലുള്ളവരുടെ അരങ്ങേറ്റം കാത്തിരിക്കുകയാണ് ഈ ഒളിംപിക്സ് മുത്തശി.

MORE IN SPORTS
SHOW MORE
Loading...
Loading...