പെഡ്രി നക്ഷത്രം എണ്ണിക്കും; ഇതാ ഇനിയെസ്റ്റയുടെ പിന്‍ഗാമി

pedri-03
SHARE

നക്ഷത്രങ്ങള്‍ കാണുവാന്‍ ആളുകള്‍  കാനറി ദ്വീപിലെ ടെനറൈഫിലേക്ക് എത്തുമ്പോള്‍ ടെനറൈഫില്‍ നിന്നൊരുത്തന്‍ എതിരാളികളെ നക്ഷത്രമെണ്ണിക്കുകയാണ്. പെഡ്രോ ഗോണ്‍സാലസ് എന്ന പെഡ്രി യൂറോ കപ്പില്‍ സ്പെയിനുവേണ്ടി അരങ്ങേറ്റം കുറിക്കുന്ന പ്രായംകുറഞ്ഞതാരമായി. സ്വീഡനെതിരെ തുടക്കം മുതല്‍ ഇറങ്ങിയ പതിനെട്ടുകാരന്‍ ആന്ദ്രെ ഇനിയസ്റ്റയെ അനുസ്മരിപ്പിച്ചു.  പാസുകളിലും പന്തടക്കത്തിലും 92ശതമാനമായിരുന്നു പെഡ്രിയുടെ കൃത്യത. ജ്യോതി ശാസ്ത്ര ടൂറിസത്തില്‍ ലോകത്തെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നാണ് കാനറി ദ്വീപ്.

ബാര്‍സിലോനയെ സ്നേഹിക്കുന്ന പെഡ്രി

പെഡ്രിയുടെ വല്യപ്പന്‍ ടെനറൈഫിലെ ബാര്‍സിലോന ഫാന്‍ ക്ലബ്ബിന്റെ  സ്ഥാപകനായിരുന്നു. പെഡ്രോയും സഹോദരനും ബാര്‍സിലോന ജേഴ്സിയിലാണ് കുഞ്ഞുനാളിലെ ഫുട്ബോള്‍ തട്ടാന്‍ തുടങ്ങിയത്. പെഡ്രിയുടെ മാതാപിതാക്കളും കടുത്ത ബാര്‍സ ആരാധകരാണ്. പെഡ്രിയുടെ റോള്‍ മോഡല്‍‌ ആവട്ടെ ആന്ദ്രെ ഇനിയസ്റ്റയും. ഊണിലും ഉറക്കത്തിലും ബാര്‍സയെ സ്നേഹിക്കുന്ന പെഡ്രിക്ക് അതുകൊണ്ടാവും റയല്‍ മഡ്രിഡിലേക്കുള്ള വിളി നിരസിക്കേണ്ടിവന്നത്. 13ാം വയസിലാണ് പെഡ്രി പ്രഫഷനല്‍ താരമാകുന്നത്. ലാ പാല്‍മസിലാണ് അരങ്ങേറ്റം. 36മല്‍സരങ്ങളില്‍ നിന്ന് നാലുഗോളുകള്‍ ഈ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ നേടി. 2020ല്‍ ബാര്‍സിലോനയിലെത്തിയ പെഡ്രി മെസിക്ക് പുറംകാലുകൊണ്ട് കൊടുത്ത രണ്ടുപാസുകളും അതില്‍ നിന്ന് മെസി നേടിയ ഗോളുകളും ഏറെ ചര്‍ച്ചയായതാണ്. 

ആരുംകൊതിക്കുന്ന AMC

അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ആണ് പെഡ്രി.  സെന്‍റര്‍ മിഡ്ഫീല്‍ഡിലാണ് സ്ഥാനമെങ്കിലും പെഡ്രിയെ ഇടതുവിങ്ങിലും വലതുവിങ്ങിലും പ്രതീക്ഷിക്കാം. മുന്നേറ്റ നിരയ്ക്ക് പന്തെത്തിച്ച് നല്‍കുന്നതിനൊപ്പം പിന്നിലേക്ക് ഇറങ്ങിവന്ന് പന്ത് ശേഖരിച്ച് മുന്നേറുന്നതും പെഡ്രിയുടെ ശീലമാണ്. പാസുകളാണ് താരത്തിന്റെ കരുത്ത്. എത്ര ചുരുങ്ങിയ ഇടത്തിലും പാസ് നല്‍കാന്‍ കെല്‍പുള്ളവന്‍. ചെറുപാസുകളും നീളന്‍ പാസുകളും അളന്നുതൂക്കി നല്‍കും. എന്നാല്‍ വായുവില്‍ അത്രമികവില്ല, ഫിനിഷിങ്ങും മെച്ചപ്പെടേണ്ടതുണ്ട്. ഇനിയെസ്റ്റയെ റോള്‍ മോഡല്‍ ആയി കാണുന്ന പെഡ്രി പലപ്പോഴും താരത്തെ അനുസ്മരിപ്പിക്കുന്നു. തന്നെ ഇനിയെസ്റ്റയുമായി താരതമ്യം ചെയ്യുന്നത് വലിയ അംഗീകാരമായി കാണുന്നുവെന്ന് പെഡ്രി പറയുന്നു. 

pedri-05

അരങ്ങേറ്റം നന്നായി

സ്പെയിന്‍ ജേഴ്സില്‍ യൂറോയില്‍ ആദ്യ അരങ്ങേറ്റം നടത്തിയ പെഡ്രി നിരാശപ്പെടുത്തിയില്ല. 16 നീളന്‍ പാസുകളും 66 മീഡിയം പാസുകളുമായി കളം വാണ പെ‍ഡ്രി പൗ ടോറസിനും ജോര്‍ഡി ആല്‍ബയ്ക്കുമാണ് കൂടുതല്‍ പാസുകള്‍ നല്‍കിയത്. 97പാസുകള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ 106പാസുകള്‍ക്കായി ശ്രമം നടത്തി. 92 ശതമാനമാണ് പാസുകളില്‍ കാണിച്ച കൃത്യത. എതിരാളികള്‍ കരുതിയിരിക്കുക ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കേമനായ ഈ പതിനെട്ടുകാരനെ.

MORE IN SPORTS
SHOW MORE
Loading...
Loading...