ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമംഗം; ഇപ്പോൾ ആശാരിപ്പണി; വിഡിയോ

aus-cricket-carpenter
SHARE

ക്രിക്കറ്റ് താരത്തിന്റെ വേഷമഴിച്ചുവച്ച ശേഷം ആശാരിപ്പണിയിലേക്കു തിരിഞ്ഞ ഒരു ഓസീസ് മുൻതാരമാണ് ഇപ്പോൾ വാർത്തകളിലെ താരം. 2015ൽ ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായിരുന്ന സ്പിന്നർ സേവ്യർ ദോഹർട്ടി വിരമിച്ചതിനുശേഷം തിരഞ്ഞെടുത്തത് ആശാരിപ്പണിയാണ്. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളുടെ സംഘടനയായ എസിഎ ആണ് വിരമിച്ചതിനു ശേഷം പുതിയ തൊഴിൽ കണ്ടെത്തിയ ദോഹർട്ടിയുടെ ചിത്രവും വിഡിയോയും പുറത്തുവിട്ടത്. തന്റെ പുതിയ തൊഴിലിനെക്കുറിച്ചും എങ്ങനെ ഇവിടേക്കെത്തി എന്നുമൊക്കെ ദോഹർട്ടി ഇതിൽ വിശദീകരിക്കുന്നുണ്ട്. ഒട്ടേറെപ്പേരാണ് സ്പിന്നറുടെ വേഷം അഴിച്ചുവച്ച് ആശാരിയായ ദോഹർട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്.

‘ആശാരിപ്പണി പഠിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ കുറച്ചുനാളായി. കെട്ടിടം പണിയുമായി ബന്ധപ്പെട്ട പുതിയ തൊഴിൽ ഞാൻ ആസ്വദിക്കുന്നുണ്ട്. അനുദിനം പുതിയ കാര്യങ്ങൾ പഠിക്കുന്ന കൈത്തൊഴിലാണിത്. ക്രിക്കറ്റുമായി യാതൊരു ബന്ധവുമില്ലെന്നേയുള്ളൂ’. ദോഹർട്ടി വിഡിയോയിൽ പറയുന്നു.

‘ക്രിക്കറ്റിൽനിന്ന് വിരമിച്ച സമയത്ത്, ഇനിയെന്തു ചെയ്യും എന്നതിനേക്കുറിച്ച് എനിക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. അതുകൊണ്ട് വിരമിച്ചശേഷമുള്ള ആദ്യത്തെ ഒരു വർഷം കിട്ടിയ ജോലിയെല്ലാം ചെയ്തുനോക്കി. ഓഫിസ് ജോലിയും ക്രിക്കറ്റുമായി ബന്ധപ്പെട്ട ചില ജോലികളുമെല്ലാം ചെയ്തു. ഒടുവിൽ ഇതാണ് എന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞാണ് ഇവിടെയെത്തിയത്’. ദോഹർട്ടി വിശദീകരിച്ചു.

ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലൂടെ 2010ലാണ് ദോഹർട്ടി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറുന്നത്. അതേ വർഷം ഇംഗ്ലണ്ടിനെതിരെ സിഡ്നിയിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. ഏതാനും വർഷങ്ങൾക്കുശേഷം ഇന്ത്യയ്‌ക്കെതിരെ സിഡ്നിയിലായിരുന്നു ട്വന്റി20 അരങ്ങേറ്റം.നാലു ടെസ്റ്റുകളിൽനിന്ന് ഏഴു വിക്കറ്റും 60 ഏകദിനങ്ങളിൽനിന്ന് 55 വിക്കറ്റുകളുമാണ് ദോഹർട്ടിയുടെ സമ്പാദ്യം. 11 രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽനിന്ന് 10 വിക്കറ്റും വീഴ്ത്തി. 2016–17 സീസണിലാണ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 

MORE IN SPORTS
SHOW MORE
Loading...
Loading...