പകരക്കാരനല്ല, രാജസ്ഥാന്റെ നെടുംതൂൺ; മിന്നും ഫോമിൽ ഡേവിഡ് മില്ലർ

പകരക്കാരനായെത്തി ടീമിന്റെ  നെടുംതൂണായി മാറിയ കഥയാണ് രാജസ്ഥാന്‍ താരം ഡേവിഡ് മില്ലര്‍ക്ക് പറയാനുള്ളത്. മികച്ച ഫോമിലുള്ള മില്ലര്‍ ധോണിക്കും സംഘത്തിനും കനത്ത വെല്ലുവിളിയാണ്.

ഒന്ന് ചീഞ്ഞാലെ മറ്റൊന്നിന് വളമാകൂ എന്നൊരു ചൊല്ലുണ്ട്. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് പരുക്കേറ്റ് മടങ്ങിയത് രാജസ്ഥാനെ ഞെട്ടിച്ചെന്നത് ശരി തന്നെ. എന്നാല്‍ കിട്ടിയ അവസരം നന്നായി മുതലാക്കിയ മില്ലര്‍ നിര്‍ണായക പ്രകടനം കാഴ്ചവച്ച് ടീമിന്റെ വിശ്വസ്ഥനായി. 

ഡല്‍ഹിക്കെതിരായ ത്രസിപ്പിക്കുന്ന ജയത്തിന് പിന്നില്‍ മില്ലറുടെ വലിയ സംഭാവനയുണ്ട്. 62 റണ്‍സെടുത്ത് ടീമിന്റെ െനടുംതൂണായി. സ്റ്റോക്സ് പരുക്കേറ്റ് പുറത്തായില്ലെങ്കില്‍ സൈഡ് ബെഞ്ചില്‍ ഒതുങ്ങിപ്പോയേനെ മില്ലര്‍. ‌ഈ സീസണില്‍ കളത്തിലിറങ്ങുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ എപ്പോള്‍ അവസരം ലഭിച്ചാലും മല്‍സരിക്കാന്‍ തയ്യാറെടുത്തിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായെന്നും മില്ലര്‍ പറഞ്ഞു. കില്ലര്‍ മില്ലര്‍ ചെന്നൈ ബോളര്‍മാരെ വെള്ളം കുടിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാന്‍ ആരാധകര്‍.