'സിറ്റി' കുപ്പായം അഴിച്ച് സൂപ്പർ താരം; അഗ്യൂറോ യുഗം അവസാനിച്ചു

aguero
SHARE

മാഞ്ചസ്റ്റര്‍‌ സിറ്റിയില്‍ അഗ്യൂറോ യുഗം അവസാനിച്ചു. സിറ്റിയിലെ പത്തു വര്‍ഷം നീണ്ട കരിയറിനാണ് അര്‍ജന്‍റീനിയന്‍ സൂപ്പര്‍ താരം വിരാമമിടുന്നത്.  ക്ലബിനായി 384 മല്‍സരങ്ങളില്‍ നിന്ന് 257ഗോളുകളാണ് അഗ്യൂറോ അടിച്ചു കൂട്ടിയത്. ക്ലബിന്‍റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം, പ്രീമിയര്‍ ലീഗിലെ ഗോള്‍ വേട്ടക്കാരില്‍ നാലാമന്‍, പ്രീമിയര്‍ ലീഗില്‍ ഏറ്റവുമധികം ഗോള്‍ നേടിയ വിദേശതാരം എന്നീ ബഹുമതികളോടെയാണ് സെര്‍ജിയോ അഗ്യൂറോ പ്രീമിയര്‍ ലീഗിനോട് വിടപറയുന്നത്. 

സൂപ്പര്‍ താരം പിറക്കുന്നു

***********************

2011–12 സീസണില്‍ കിരീടം നേടാന്‍ അവസാന  മല്‍സരത്തില്‍ ജയം അനിവാര്യമായിരുന്ന സിറ്റിയെ ഇന്‍ജുറി ടൈം ഗോളിലൂടെ ചാംപ്യന്‍മാരാക്കിയതോടെയാണ് അഗ്യൂറോ സൂപ്പര്‍ താരമാകുന്നത്. 44 വര്‍ഷത്തിന് ശേഷം സിറ്റി പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിടുമ്പോള്‍ ഫുട്ബോള്‍ ലോകം ചര്‍ച്ച ചെയ്തത് അഗ്യൂറോയുടെ ഗോളിനെക്കുറിച്ചായിരുന്നു. പിന്നീടങ്ങോട്ട് ഗോളടിച്ചും ഗോളടിപ്പിച്ചും സിറ്റിയെ വിജയപഥത്തിലേത്ത് നയിച്ചു ഈ അര്‍ജന്‍റീനക്കാരന്‍. അലന്‍ ഷിയറര്‍ക്കും വെയിന്‍ റൂണിക്കും ആന്‍ഡി കോളിനും പിന്നാലെ പ്രീമിയര്‍ ലീഗിലെ ടോപ് സ്കോററായ അഗ്യൂറോ 12 ഹാട്രിക്കുകളും സ്വന്തമാക്കി.

2011ല്‍ അത്‌ലറ്റികോ മഡ്രിഡില്‍ നിന്നാണ് അഗ്യൂറോ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തുന്നത്. പിന്നീട് ടീമിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ വളരെ നിര്‍ണായക സ്ഥാനമാണ് അഗ്യൂറോക്ക് ഉണ്ടായിരുന്നത്. സിറ്റിക്കൊപ്പം നാലു പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, ഒരു എഫ്.എ കപ്പ് , അ​ഞ്ച് ലീഗ് കപ്പ് കിരീടങ്ങള്‍ നേടിയാണ് സിറ്റിയോട് അഗ്യൂറോ വിടപറയുന്നത്.  എന്നാല്‍ നിലവിലെ സീസണ്‍ അവസാനിക്കാറാകുമ്പോള്‍ പരുക്കും കോവിഡും മൂലം വെറും 14 മല്‍സരങ്ങളില്‍ മാത്രമാണ് 32കാരനായ അഗ്യൂറോക്ക് കളിക്കാനായത്.  സിറ്റിയില്‍ പത്തു വര്‍ഷം കളിക്കാനായത് വലിയ ബഹുമതിയായി കാണുന്നുവെന്ന് വിടവാങ്ങള്‍ സന്ദേശത്തില്‍ അഗ്യൂറോ കുറിച്ചു. സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദില്‍ അഗ്യൂറോയുടെ പ്രതിമ സ്ഥാപിച്ചാകും ക്ലബ് അദ്ദേഹത്തെ ആദരിക്കുക. 

ഇനി എങ്ങോട്ട്?

*****************

സിറ്റി വിടുന്നതോടെ അഗ്യൂറോ എങ്ങോട്ട് എന്ന ചോദ്യമാണ് ഫുട്ബോള്‍ ലോകത്ത് കേള്‍ക്കുന്നത്. വീണ്ടും സ്പെയിനിലെത്തുമോ അതോ ഫ്രഞ്ച് ലീഗിലേക്ക് പോകുമോ? ഇത്തരം ഊഹാപോഹങ്ങളാണ് കേള്‍ക്കുന്നത്. സ്പാനിഷ് ക്ലബ് ബാര്‍സിലോനയിലേക്കെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത സുഹൃത്ത് കൂടിയായ മെസിക്കൊപ്പം കളിക്കാന്‍ അഗ്യൂറോ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല ലൂയിസ് സുവാരസ് പോയ ഒഴിവ് ബാര്‍സയില്‍ ഇപ്പോഴും ഉണ്ട്. ഇതാകാം സ്പാനിഷ് മാധ്യമങ്ങള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണമെന്ന് കരുതുന്നു. അതേ സമയം ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുമായി അഗ്യൂറോയുടെ ഏജന്‍റ് ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

MORE IN SPORTS
SHOW MORE
Loading...
Loading...