ഏറ്റവും കൂടുതല്‍ ഗോള്‍ വഴങ്ങിയ രണ്ടാമത്തെ ടീം; ബ്ലാസ്റ്റേഴ്സിന് പിഴച്ചതെവിടെ?

സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ വഴങ്ങിയ രണ്ടാമത്തെ ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ജയം ഉറപ്പിച്ച മല്‍സരങ്ങള്‍ പോലും പ്രതിരോധത്തിന്റെ പിഴവുകാരണം ബ്ലാസ്റ്റേഴ്സ് കൈവിട്ടു. 

എടികെ മോഹന്‍ ബഗാനെതിരായ ഈ മല്‍സരം ഒരു ഉദാഹരണം മാത്രം.  കേരള ബ്ലാസ്റ്റേഴ്സിന്റെ  പ്രതിരോധത്തിന്റെ ദൗര്‍ബല്യം മനസിലാക്കാന്‍. 14ാം മിനിറ്റിലും 51ാം മിനിറ്റിലും നേടിയ ഗോളുകളില്‍ ബ്ലാസ്റ്റേഴ്സ് മുന്നിലായിരുന്നു.  എട്ടുമിനിറ്റിനകം എടികെയുടെ തിരിച്ചുവരവ് തുടങ്ങി. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് 3 –2ന് തോറ്റു. മുംൈബ സിറ്റിക്കെതിരെ ബ്ലാസ്റ്റേഴ്സ് ലീഡ് ചെയ്തത് 46 മിനിറ്റുവരെ. ഈസ്റ്റ് ബംഗാളിനെതിരെ സമനില വഴങ്ങിയത് 95ാം മിനിറ്റില്‍. നോര്‍ത്ത് ഈസ്റ്റിനെതിരെ ആദ്യപകുതിയില്‍ 2–0. മല്‍സരം അവസാനിച്ചത് സമനിലയില്‍.17 മല്‍സരങ്ങളില്‍ നിന്ന് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത് 29 ഗോള്‍. 18 പോയിന്റാണ് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ പിഴവില്‍ നിന്ന് കൈവിട്ടത്. 

സ്ഥിരം പ്രതിരോധനിരയെ കണ്ടെത്താന്‍ കിബു വിക്കുനയ്ക്കായില്ല.  എല്‍ക്കോ ഷാറ്റോരിക്ക് കീഴില്‍ മധ്യനിരയില്‍കളിച്ച ജീക്സന്‍ സിങ് കിബുവിന് കീഴില്‍ തുടക്കത്തില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ആയിരുന്നെങ്കിലും പിന്നീട് സെന്റര്‍ ബാക്കായി മാറി. ഹൈദരാബാദിനെതിരായ ആദ്യമല്‍സരത്തില്‍ പ്രതിരോധത്തില്‍ ഒരു വിദേശതാരം പോലുമില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. മല്‍സരം 2–0ന് വിജയിച്ചു. എന്നാല്‍ അന്നു തിളങ്ങിയ അബ്ദുല്‍ ഹക്കു ഉള്‍പ്പെടുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്ഥിരപുലര്‍ത്താനായില്ല. സ്ഥിരമായിെത്തുന്ന പരുക്കും തിരിച്ചടിയായി.