എവിടെയായിരുന്നു ഇത്രയും നാൾ; സച്ചിന്റെ വിവാദ ട്വീറ്റിനു പിന്നിൽ?

sachin-tweet
SHARE

കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച ഗ്രെറ്റ ട്യൂന്‍ബെര്‍ഗിനെയും പോപ്പ് ഗായിക റിഹാനയും വിമര്‍ശിച്ചും  കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചും രംഗത്തുവന്ന ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പോര്  കനക്കുകയാണ്. പ്രത്യേകിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിനെതിരെയാണ് വിമര്‍ശനം ഏറെയും.  

എവിടെയായിരുന്നു ഈ സെലിബ്രിറ്റികള്‍

കാര്‍ഷിക നിയമത്തിനെതിെര കര്‍ഷകര്‍ സമരം തുടങ്ങിയിട്ട് മാസങ്ങളായി. അന്നൊന്നും അനുകമ്പയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കാത്ത താരങ്ങളാണ് ഗ്രേറ്റ ട്യൂന്‍ബെര്‍ഗും റിഹാനയും പ്രതികരിച്ചപ്പോള്‍ സമൂഹമാധ്യമത്തിലൂടെ കേന്ദ്രസര്‍ക്കാരിനായി പടവാളെടുത്തത്. കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഇന്ത്യ ടുഗെദര്‍, ഇന്ത്യ എഗെന്‍സ്റ്റ് പ്രൊപ്പഗന്‍ഡ ഹാഷ്ടാഗുകളില്‍ ട്വീറ്റുകള്‍ പങ്കുവച്ചതാരങ്ങളില്‍ ഏറെ വിമര്‍ശനത്തിന് വിധേയനായത് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ആണ്. വിരാട് കോലിയും രോഹിത് ശര്‍മയും അജിങ്ക്യ രഹാനെയും കര്‍ഷകരെക്കൂടി അനുസ്മരിച്ച് ‘ഇലയ്ക്കും മുള്ളിനും’കേടില്ലാത്തവിധം ട്വീറ്റ് ചെയ്തപ്പോള്‍ സച്ചിന്റെ അക്കൗണ്ടിലെ ട്വീറ്റില്‍ കര്‍ഷകനെക്കുറിച്ച് ഒരു വരിപോലും ഉണ്ടായില്ല. അതുകൊണ്ടാണ് വിമര്‍ശനം ഏറെ കേള്‍ക്കേണ്ടിവന്നത്. 

എന്തുകൊണ്ട് സച്ചിന്‍

ലോക ക്രിക്കറ്റില്‍ പകരംവയ്ക്കാനില്ലാത്ത താരമാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ബാറ്റുകൊണ്ട് തീര്‍ത്ത റണ്‍മഴയും വിജയങ്ങളും തന്നെയാണ് സച്ചിനെ ക്രിക്കറ്റിലെ ദൈവമാക്കിയത്. മുമ്പ് മഹാരാഷ്ട്രയില്‍ മറാത്താ വാദം ഉയര്‍ന്നപ്പോള് ‍(മഹാരാഷ്ട്രയില്‍ മറാത്തികള്‍ മാത്രം മതി തൊഴിലെടുക്കാന്‍ എന്ന വാദം) അന്ന് അതിനെ എതിര്‍ത്ത ആളാണ് സച്ചിന്‍. അന്ന് സച്ചിന്‍ പറഞ്ഞത് ‘ഞാനൊരു മുംബൈക്കാരും മഹാരാഷ്ട്രക്കാരനുമാണ് എന്നാല്‍ ഞാന്‍ ഒരു ഇന്ത്യാക്കാരനുമാണ്’. സച്ചിനെടുത്ത ഈ നിലപാടിന് ഏറെ പിന്തുണ ലഭിച്ചിരുന്നു. രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ ഏറെക്കൂടുതലുള്ള ഒരു സംസ്ഥാനമാണ് മഹാരാഷ്ട്ര. രാജ്യസഭ എംപിയായിരുന്ന ആളാണ് സച്ചിന്‍. അങ്ങനെയുള്ള സച്ചിന്‍ കര്‍ഷക സമരത്തെക്കുറിച്ച് ഒന്നും മിണ്ടാതിരിക്കുകയും എന്നാല്‍ കര്‍ഷകസമരത്തെ പിന്തുണച്ച വിദേശ സെലിബ്രിറ്റികളെ വിമര്‍ശിക്കുകയും ചെയ്തതാണ് തിരിച്ചടിയായത്. മുമ്പ് ബാല്‍ താക്കറെ സച്ചിനെക്കുറിച്ച് പറഞ്ഞ വിഡിയോവരെ പങ്കുവച്ചാണ് ആരാധകര്‍ വിമര്‍ശനം ഉന്നയിക്കുന്നത്.  ‘സച്ചിന്‍ കളിക്കുന്നത് പണത്തിനുവേണ്ടിയാണെന്നായിരുന്നു താക്കറെയുടെ വിമര്‍ശനം. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മകനായ ജയ്ഷാ ബിസിസിഐയുടെ തലപ്പത്ത് ഇരിക്കുമ്പോള്‍ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറിന് ഇന്ത്യന്‍ ടീമിലെത്താനാണ് സച്ചിന്‍ ഇങ്ങനെ ട്വീറ്റ് ചെയ്തതെന്നും വിമര്‍ശനം ഉണ്ട്. റിലയന്‍സ് ഉടമ അംബാനിയുമായുള്ള അടുപ്പവും റിലയന്‍സിന്റെ സ്പോര്‍ട്സ് സംരംഭങ്ങളിലും പരസ്യങ്ങളിലും സച്ചിന്റെ സാന്നിധ്യവും ചൂണ്ടിക്കാട്ടിയാണ് സച്ചിനെ ചിലര്‍ ‘ഡോഗ് ഓഫ് അംബാനി’എന്നുവരെ വിമര്‍ശിച്ചത്. 

ഷറപ്പോവയോട് ക്ഷമചോദിച്ച് മലയാളികള്‍

സച്ചിന്‍ തെന്‍ഡുല്‍ക്കറെ അറിയില്ലെന്ന് പറഞ്ഞ ടെന്നിസ് താരം മരിയ ഷറപ്പോവയെ ട്രോളിയവര്‍ ഇപ്പോള്‍ ഷറപ്പോവയോട് ക്ഷമചോദിച്ചിരിക്കുകയാണ്. ഷറപോവയെ കേരളത്തിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. ഷറപ്പോവ അന്ന് പറ​ഞ്ഞത് സത്യമായിരുന്നു എന്നാണ് അന്ന് ടെന്നിസ് താരത്തെ ട്രോളിയവര്‍ ഇപ്പോള്‍ പറയുന്നത്.

MORE IN SPORTS
SHOW MORE
Loading...
Loading...