ഇതിഹാസത്തെ മറികടന്ന് കേമൻമാർ; ഇവരിൽ ആര് ഒന്നാമൻ?; പോര് കടുക്കും

messi-ronaldo-pele
SHARE

മെസിയാണോ റൊണാള്‍ഡ‍ോയാണോ കേമന്‍ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുക ബുദ്ധിമുട്ടാണ്. രണ്ടുതാരങ്ങളുടെയും ആരാധകര്‍ക്ക് വാഴ്ത്തിപ്പാടാന്‍ ഒരുപാട്കാര്യങ്ങളുണ്ട്. ഈവര്‍ഷവും ആരാധകപ്പോര് മുറുകുമെന്നാണ് ഇരുവരുടെയും പ്രകടനം വ്യക്തമാക്കുന്നത്. പെലെയുടെ റെക്കോര്‍ഡ് തിരുത്തി ലയണല്‍ മെസി വര്‍ഷാവസാനം ആഘോഷിച്ചപ്പോള്‍ പെലെയുടെ തന്നെ റെക്കോര്‍ഡ് തകര്‍ത്ത് റൊണാള്‍‍ഡോ പുതുവര്‍ഷത്തെ വരവേറ്റു. 2021ലും മെസി–റൊണാള്‍ഡോ പോരാട്ടം തുടരുമെന്ന് സാരം. ഫുട്ബോളിലെ കേമന്‍ (GOAT)ആരെന്ന ചോദ്യം 2021ലും സജീവം ആകുമെന്ന് സ്പാനിഷ് ലീഗിലെയും ഇറ്റാലിയന്‍ ലീഗിലെയും ഇരുവരുടെയും പ്രകടനം സൂചിപ്പിക്കുന്നു. 

പെലെയെ മറികടന്ന് അവര്‍

ഒരു ക്ലബ്ബിനായി നേടുന്ന കൂടുതല്‍ ഗോളുകളുടെ നേട്ടവും കരിയറിലാകെ പെലെ നേടിയ ഗോളുകളുടെ റെക്കോര്‍ഡുമാണ് മെസിയും റൊണാള്‍ഡോയും മറികടന്നത്.  ക്രിസ്മസിന് തൊട്ടുമുമ്പാണ് പെലെയുടെ റെക്കോര്‍ഡ് മെസി മറികടന്നത്. ഒരു ക്ലബ്ബിനായി കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് മെസി തിരുത്തിയത്. പെലെ സാന്റോസിനായി നേടിയ 643ഗോളുകളുടെ റെക്കോര്‍ഡാണ് മെസി ബാര്‍സിലോനയുെട ജേഴ്സിയില്‍ തിരുത്തിയത്. റൊണാള്‍‍ഡോ തിരുത്തിയത് കുറച്ചുകൂടി വലിയ റെക്കോര്‍ഡ് ആണ്. കരിയറിലാകെ നേടിയ ഗോളുകളിടെ റെക്കോര്‍ഡാണ് റൊണാള്‍ഡ‍ോ തിരുത്തിയത്. പെലെ കരിയറിലാകെ നേടിയ (ഔദ്യോഗിക ഗോളുകള്‍) 757ഗോളുകള്‍ എന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ തിരുത്തിയത്. അതും ഒരുമല്‍സരത്തില്‍ തന്നെ പെലെയ്ക്കൊപ്പമെത്തുകയും പെലെയെ മറികടക്കുകയും ചെയ്തു. സെറി എയില്‍ ഉഡിനീസിക്കെതിരെ ആദ്യപകുതിയില്‍ നേടിയ ഗോളിലൂടെ പെലെയുടെ റെക്കോര്‍ഡിനൊപ്പമെത്തി. രണ്ടാം പകുതിയില്‍ കൂടുതല്‍ ഗോള്‍ നേടുന്ന താരമായി റൊണാള്‍ഡോ. ഇരട്ട ഗോള്‍ നേടിയതിനൊപ്പം ഒരു ഗോളിന് റൊണാള്‍ഡോ വഴിവയ്ക്കുകകൂടി ചെയ്തപ്പോള്‍ റൊണാള്‍ഡോയുടെ യുവന്റസ് ഒന്നിനെതിെര നാലു ഗോളുകള്‍ക്ക് ഉഡിനീസിയെ തകര്‍ത്തു. 

ഈസീസണില്‍ മെസിയും റൊണാള്‍ഡോയും

2020–2021 സീസണില്‍ മെസിയെക്കാള്‍ മുന്നില്‍ കുതിക്കുന്നത് റൊണാള്‍ഡോ ആണ്. 15 മല്‍സരങ്ങളില്‍ നിന്ന് റൊണാള്‍ഡോ 18ഗോള്‍ നേടി. മൂന്നുഗോളിന് വഴിയൊരുക്കി. എന്നാല്‍ മെസി 19 മല്‍സരങ്ങളില്‍ നിന്ന് 10ഗോളാണ് നേടിയത്. പക്ഷെ നാലു ഗോളിന് വഴിയൊരുക്കി. ലീഗിലും ഈ വ്യത്യാസം കാണം. ഇറ്റാലിയന്‍ ലീഗില്‍ റൊണാള്‍‍ഡോ 11കളികളില്‍ നിന്ന് 14ഗോള്‍ നേടി. എന്നാല്‍ മെസി 15കളികളില്‍ നിന്ന് ഏഴുഗോളാണ് നേടിയത്. ചാംപ്യന്‍സ് ലീഗില്‍ നാലുകളികളില്‍ നിന്ന് റൊണാള്‍ഡോ നാലു ഗോളും മെസി മൂന്നുഗോളുമാണ് നേടിയത്. എന്നാല്‍ കരയിറിലാകെയുള്ള നേട്ടത്തില്‍ കൊണ്ടുംകൊടുത്തും ഇരുവരും മുന്നേറുകയാണ്. ആറ് ബാലന്‍ ഡി ഓര്‍ നേടി മെസി മുന്നിലാണെങ്കില്‍ റൊണാള്‍ഡോയ്ക്ക് അഞ്ച് ബാലന്‍ ഡി ഓര്‍ ആണ് ഉള്ളത്. എന്നാല്‍ കൂടുതല്‍ ചാംപ്യന്‍സ് ലീഗ് കിരീടം റൊണാള്‍ഡോയ്ക്കാണ്. ഒരു സീസണില്‍ 40ഗോള്‍ നേട്ടം കൂടുതല്‍ നേടിയത് മെസിയാണ്. തുടര്‍ച്ചയായി പത്തുതവണ ഈ നേട്ടം കൈവരിച്ചു. എന്നാല്‍ കൂടുതല്‍ രാജ്യാന്തര ഗോള്‍ നേട്ടം ഒരുവര്‍ഷം കൈവരിച്ചത് റൊണാള്‍ഡോയാണ്. 2017ല്‍ കുറിച്ച 32രാജ്യാന്തര ഗോളുകള്‍. മെസിയും റൊണാള്‍ഡോയും കളത്തില്‍ തീര്‍ക്കുന്ന ഈ കണക്കുകള്‍ അവര്‍തമ്മിലുള്ള പോരാട്ടം എത്രമാത്രം ശക്തമെന്ന് തെളിയിക്കുന്നു. ഒപ്പം ഓരോ നേട്ടവും ആരാധകര്‍ ആഘോഷമാക്കുമ്പോള്‍ കൂടുതല്‍ മികവും കൂടുതല്‍ ഗോളുകളും മെസിയില്‍ നിന്നും റൊണാള്‍ഡോയില്‍ നിന്നും കാണാനാകും.

MORE IN SPORTS
SHOW MORE
Loading...
Loading...