ആ പഴയ ശ്രീശാന്ത് തിരികെ; ബാറ്റ്സ്മാനെ തുറിച്ചുനോക്കി ക്രീസില്‍: വിഡിയോ

sreesanth-practice-match.jpg.image.845.440
SHARE

ആക്രമണോത്സുകത നിറഞ്ഞുനിൽക്കുന്ന അതേ ബോളിങ്, ബാറ്റ്സ്മാൻമാർ ചൂളിപ്പോകുന്ന അതേ നോട്ടം, എൽബിക്കായി അപ്പീൽ ചെയ്യുമ്പോഴും ആ പഴയ ആവേശം, വിക്കറ്റ് വീഴ്ത്തുമ്പോൾ എന്തൊക്കെയോ പിറുപിറുക്കുന്ന ആ ക്രൗര്യവും പഴയ പടി.... എട്ടു വർഷത്തോളം നീളുന്ന കാത്തിരിപ്പിനുശേഷം വീണ്ടും കളിക്കളത്തിലേക്കു തിരിച്ചെത്തുന്ന മലയാളി പേസ് ബോളർ എസ്. ശ്രീശാന്തിന് മുപ്പത്തേഴിന്റെ ‘ചെറുപ്പത്തിലും’ മാറ്റങ്ങൾ അധികമില്ല. കോവിഡ് വ്യാപനത്തോടെ നിശ്ചലമായിപ്പോയ ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് ആവേശത്തിന് വീണ്ടും തിരികൊളുത്തുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കായി ഒരുങ്ങുന്ന കേരള ടീം ക്യാംപിൽ ശ്രീശാന്തും അവസാനവട്ട തയാറെടുപ്പിലാണ്.

ജനുവരി 10ന് ആരംഭിക്കുന്ന ടൂർണമെന്റിനു മുന്നോടിയായി നടത്തുന്ന പരിശീലന മത്സരത്തിലാണ് ‘ആ പഴയ ശ്രീശാന്ത്’ അതേപടി ഒരിക്കൽക്കൂടി അവതരിച്ചത്. കളത്തിൽ സജീവമായിരുന്ന കാലത്ത് ആക്രമണോത്സുകത മുഖമുദ്രയാക്കി ശ്രദ്ധ നേടിയ ശ്രീശാന്ത്, നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷമുള്ള തിരിച്ചുവരവിലും വ്യത്യസ്തനല്ല. പരിശീലന മത്സരത്തിൽ ആവേശത്തോടെ പന്തെറിയുന്ന ശ്രീശാന്തിന്റെ വിഡിയോ വൈറലാണ്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കു മുന്നോടിയായി കേരള ക്യാപ് ഏറ്റുവാങ്ങുന്ന ദൃശ്യം കഴിഞ്ഞ ദിവസം ശ്രീശാന്ത് ട്വിറ്ററിൽ പങ്കുവച്ചിരുന്നു. സഹതാരങ്ങളെ സാക്ഷിനിർത്തി ക്യാപ് ഏറ്റുവാങ്ങുന്ന വിഡിയോയ്ക്കൊപ്പം ശ്രീശാന്ത് കുറിച്ചു: ‘തകർക്കപ്പെട്ട ശേഷം പുനഃസൃഷ്ടിക്കപ്പെട്ട മനുഷ്യനോളം കരുത്തുള്ള ഒന്നും ഈ ലോകത്തില്ല. എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും.

സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്ന എനിക്കായി കിരീടം നേടാനുള്ള ആഗ്രഹം (പരിശീലകൻ) ടിനുവും (ക്യാപ്റ്റൻ) സഞ്ജു സാംസണും പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ, എന്റെ ലക്ഷ്യം സയ്യിദ് മുഷ്താഖ് അലി ട്രോഫി മാത്രമല്ല. ഇറാനി ട്രോഫിയും രഞ്ജി ട്രോഫിയും നമുക്കു നേടണം. മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞാൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഐപിഎല്ലുമായി ബന്ധപ്പെട്ടും ചിലർ എന്നെ ബന്ധപ്പെട്ടിട്ടുണ്ട്. കായികക്ഷമത കാത്തുസൂക്ഷിക്കാനും മികച്ച രീതിയിൽ ബോൾ ചെയ്യാനുമാണ് എന്റെ ശ്രമം’ – ശ്രീശാന്ത് പറഞ്ഞു.

‘എന്റെ മുന്നിലുള്ളത് ഈയൊരു സീസൺ മാത്രമല്ല. അടുത്ത മൂന്നു വർഷമാണ് എന്റെ മനസ്സിൽ. 2023 ലോകകപ്പിൽ ഇന്ത്യയ്ക്കായി കളിക്കുകയും കിരീടം നേടുകയുമാണ് എന്റെ സ്വപ്നം’ – ശ്രീശാന്ത് പറയുന്നു

MORE IN SPORTS
SHOW MORE
Loading...
Loading...