‘ആ ഇരുട്ടും മണിയൊച്ചയും നൊസ്റ്റാള്‍ജിയ’; ഇടിക്കൂട്ടിനോട് സലാം പറഞ്ഞ് അണ്ടർടേക്കർ

കുട്ടികൾ മുതൽ യുവാക്കൾ വരെ ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന താരം. ഡബ്ല്യുഡബ്ല്യുഇ പോരാട്ടത്തിൽ ഇരുട്ടും മണിമുഴക്കവുമായി എത്തി എതിരാളികളെയും കാണികളെയും ഒരുപോലെ അമ്പരപ്പിച്ച ഇതിഹാസ താരം അണ്ടര്‍ടേക്കര്‍(മാര്‍ക് വില്യം കലവെ) ഇടിക്കൂട്ടിൽ നിന്നും പടിയിറങ്ങി. 30 വർഷം നീണ്ട കരിയറിനാണ് ഈ 55കാരൻ വിടചൊല്ലിയത്. 

മാസങ്ങൾക്ക് മുൻപ് താരം വിരമിക്കൽ തീരുമാനം ആരാധകരെ അറിയിച്ചിരുന്നു.  കരിയറിലെ അവസാന അങ്കത്തിനൊടുവില്‍ ആരാധകര്‍ക്ക് നന്ദിയറിയിച്ച് ട്വിറ്ററില്‍ അണ്ടര്‍ടേക്കര്‍ രംഗത്തെത്തി. റസലിംഗ് എന്‍റര്‍ടെയ്‌ന്‍മെന്‍റ് രംഗത്ത് ഏറെ ആരാധകരുള്ള താരമാണ് അണ്ടര്‍ടേക്കർ. ഏറ്റവും കൂടുതൽ കാലം ഡബ്ല്യുഡബ്ല്യുഇയുടെ ഭാഗമായിരുന്ന റസ്‌ലർ എന്ന റെക്കോർഡും സ്വന്തമാക്കിയാണ് ഈ 55 വയസ്സുകാരൻ ഇടി നിർത്തുന്നത്.

മാർക്ക് വില്യം കാലവേ എന്നു യഥാർഥ പേരുള്ള അണ്ടർടേക്കർ 1990ലാണു ഡബ്ല്യുഡബ്ല്യുഇയി‍ൽ ചേർന്നത്. ആദ്യപോരാട്ടം തോറ്റെങ്കിലും ചുരുങ്ങിയകാലം കൊണ്ടു തന്നെ ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരെ നേടിയെടുത്തു. ഏഴുതവണ ലോക ഹെവിവെയ്റ്റ് ചാംപ്യൻഷിപ് നേടിയ ഈ യുഎസ്സുകാരൻ ഡബ്ല്യുഡബ്ല്യുഇയുടെ വാർഷിക ഇവന്റായ റസ്ൽമാനിയയിൽ 1991 മുതൽ 2013 വരെ തുടർച്ചയായി 21 വിജയങ്ങൾ നേടിയിട്ടുണ്ട്. സബർബൻ കമാൻഡോ ഉൾപ്പെടെ അഞ്ചു ഹോളിവുഡ് സിനിമകളുടെയും ഭാഗമായി. ‘റെസ്റ്റ് ഇൻ പീസ്’ എന്ന വാക്യമായിരുന്നു അണ്ടർടേക്കറുടെ ഏറ്റവും പ്രശസ്തമായ ഡയ ലോഗ്. കണ്ണുരുട്ടി പ്രത്യേക മുഖഭാവത്തോടെ അദ്ദേഹം ഇത് ഉരുവിട്ടപ്പോൾ എതിരാളികൾ മാത്രമല്ല, പ്രേക്ഷകരും പേടിച്ചിരുന്നു ഈ താരം.