വഞ്ചകിയല്ല, വെള്ളക്കാരനെ പ്രണയിച്ചത് എന്റെ ഇഷ്ടം; വിനി

vini-01
SHARE

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്‌വെലിനെ പ്രണയിച്ചതിന്റെ പേരിൽ കേൾക്കേണ്ടി വന്ന 'വഞ്ചകി' വിളിയോട് പ്രതികരിച്ച് വിനി രാമൻ. മാക്സ് വെല്ലുമൊത്തുള്ള ചിത്രം വിനി പങ്കുവച്ചപ്പോഴാണ് ആരാധകരിലൊരാൾ വിനി വെള്ളക്കാരനെയാണ് പ്രണയിച്ചതെന്നും വഞ്ചകിയാണെന്നും കമന്റ് ചെയ്തത്. മാക്സ് വെല്ലിനെ ഉപേക്ഷിച്ച് ഇന്ത്യക്കാരനെ വിവാഹം ചെയ്യാനും ഇയാൾ വിനിയോട് ആവശ്യപ്പെട്ടു. ഇതോടെയാണ് വിനി പ്രതികരിച്ചത്.

ദേശത്തിനും വംശത്തിനും അപ്പുറം ആളുകളെ സ്നേഹിക്കുകയെന്നത് തന്റെ മാത്രം തീരുമാനവും തിരഞ്ഞെടുപ്പുമാണെന്ന് വിനി വ്യക്തമാക്കി. ഇന്റർനെറ്റിലെ മുഖമില്ലാത്തവരുടെ വിമർശനങ്ങൾ വകവച്ചു കൊടുക്കുന്നില്ലെന്നും അവർ കുറിച്ചു. ഇതിനു പിന്നാലെയാണ് വിശദമായ മറുപടിയിട്ടത്.

'പൊതുവെ ഇത്തരം കമന്റുകളോട് ഞാൻ പ്രതികരിക്കാറില്ല. കാരണം, അനാവശ്യ ശ്രദ്ധ നേടാൻ പടച്ചുവിടുന്നതാണ് ഇതെന്ന് എനിക്ക് വ്യക്തമായി അറിയാം. പക്ഷേ, ആറു മാസം പിന്നിട്ട ലോക്ഡൗൺ മൂലം എനിക്കിപ്പോൾ ആവശ്യത്തിലേറെ സമയമുണ്ട്. അതുകൊണ്ട് അജ്ഞരായ വിഡ്ഢികൾക്ക് ചില കാര്യങ്ങൾ പറഞ്ഞുകൊടുക്കാമെന്ന് കരുതി.

vinione-01

ചർമത്തിന്റെ നിറം വ്യത്യസ്തമായ ഒരാളെ പ്രണയിക്കുന്നതുകൊണ്ട് നിങ്ങൾ വഞ്ചകിയാകുന്നില്ല. ഒരു വെള്ളക്കാരനെ സ്നേഹിച്ചതുകൊണ്ട് ഇന്ത്യക്കാരിയാണെന്ന് പറയാൻ എനിക്ക് നാണക്കേടാണെന്നും അർഥമില്ല. വെള്ളക്കാരനെ പ്രണയിക്കുക എന്നത് എന്റെ ഇഷ്ടമാണ്. അതേക്കുറിച്ച് മറ്റുള്ളവർ എന്തു ചിന്തിക്കുമെന്ന് കരുതേണ്ട ആവശ്യവും എനിക്കില്ല.' വിനിയുടെ മറുപടി മാക്സ്​വെല്ലും ഷെയർ ചെയ്തിട്ടുണ്ട്. 

കിങ്സ് ഇലവൻ പഞ്ചാബിന്റെ താരമാണ് മാക്സ്‌വെൽ. ഇക്കഴിഞ്ഞ മാർച്ചിലാണ് ഇന്ത്യൻ വംശജയായ വിനി രാമനുമായുള്ള മാക്സ്‌വെലിന്റെ വിവാഹനിശ്ചയം നടന്നത്. തമിഴ്നാട്ടിൽ വേരുകളുള്ള വിനി രാമൻ ജനിച്ചതും വളർന്നതും ഓസ്ട്രേലിയയിലാണ്. ഓസ്ട്രേലിയയിൽ ഫാർമസിസ്റ്റായി ജോലി നോക്കുകയാണ് വിനി. മാക്‌സ്‌വെലും വിനിയും 2017 മുതൽ പ്രണയത്തിലാണ്. ബിഗ് ബാഷ് ലീഗിൽ മാക്‌സ്‌വെലിന്റെ ടീമായ മെൽബൺ സ്റ്റാർസിന്റെ ഒരു പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. 

MORE IN SPORTS
SHOW MORE
Loading...
Loading...