ബ്ലാസ്റ്റേഴ്സിന് ഇനി 'രാഹുൽ കാലം'

kerala-blasters-rahul-845
SHARE

2025 വരെ കേരള ബ്ലാസ്റ്റേഴ്സിന് ഇനി 'രാഹുൽ കാലം ' ആണ്. ഇന്ത്യയിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ പ്രമുഖനായ രാഹുൽ കെ.പി, ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ 2025 വരെ ദീർഘിപ്പിച്ചിരിക്കുകയാണ്. 2022 വരെ ബ്ലാസ്റ്റേഴ്സും രാഹുലും തമ്മിൽ കരാർ നിലനിൽക്കെ ആണ് മൂന്നു വർഷത്തേക്ക് കൂടി ഒന്നിച്ചു പോകാനുള്ള തീരുമാനം വരുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നാണിതെന്ന് നിസ്സംശയം പറയാം.

വിക്ടർ മഞ്ഞിലയും ഐ എം വിജയനും ജോപോൾ അഞ്ചേരിയും സിവി പാപ്പച്ചനും അടങ്ങുന്ന തൃശ്ശൂരിന്റെ ഫുട്ബോൾ പാരമ്പര്യത്തിന്റെ ഇങ്ങേ കണ്ണിയാണ് രാഹുൽ കണ്ണോളി പ്രവീൺ. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയ്ക്കായി കളിച്ച ഏക മലയാളി താരം. ലോകകപ്പിലെ മൂന്നു മൽസരങ്ങളിലും മുഴുവൻ സമയവും രാഹുൽ കളത്തിലുണ്ടായിരുന്നു. ലോകകപ്പിലേയും ഐ ലീഗിലെയും മികച്ച പ്രകടനം ആണ് കഴിഞ്ഞ സീസണിൽ രാഹുലിന് ബ്ലാസ്റ്റേഴ്സിലേക്ക് വഴി തെളിച്ചത്. എൽകോ ഷട്ടോറിയെന്ന ഡച്ച് തന്ത്രജ്ഞന്റെ കീഴിൽ എട്ട് മത്സരങ്ങൾ കളിച്ച രാഹുൽ ഒരു ഗോളും നേടി. 

ഇത്തവണ കിബു വികുനയുടെ തന്ത്രങ്ങളിലും രാഹുലിന് നിർണായക സ്ഥാനം ഉണ്ട്. ടോട്ടൽ ഫുട്ബോളർ എന്ന് കണ്ണും പൂട്ടി വിളിക്കാവുന്ന താരമാണ് രാഹുൽ. ടീം ആവശ്യപ്പെടുന്ന ഏത് പൊസിഷനിലും കളിക്കാൻ തയാർ. പ്രതിരോധത്തിലും മധ്യനിരയിലും ആക്രമണത്തിലും ഒരുപോലെ തിളങ്ങാൻ കഴിവുള്ള പ്രതിഭ. ലെഫ്റ്റ് വിങ്‌ ആണ് പ്രിയപ്പെട്ട പൊസിഷൻ. പക്ഷേ ഇത്തവണ ബ്ലാസ്റ്റേഴ്സിൽ ലെഫ്റ്റ് വിങ്ങിൽ കിബു വികുനയുടെ വിശ്വസ്തതാരങ്ങളിൽ ഒരാളായ നൊങ്ഡാമ്പ നവറോമിനാണ് സാധ്യത കൂടുതൽ. കിബുവിന്റെ തന്ത്രങ്ങളിൽ രാഹുൽ വലതു വിങ്ങിലോ സ്‌ട്രൈക്കർ പൊസിഷനിലോ കളിക്കാൻ ആണ് സാധ്യത കൂടുതലും. പന്തുമായി അതിവേഗം കുതിക്കാൻ ഉള്ള കഴിവാണ് കളിക്കളത്തിൽ രാഹുലിനെ അപകടകാരിയാക്കുന്നത്. കഴിഞ്ഞ സീസണിൽ ഏറ്റവും വേഗതയേറിയ താരങ്ങളുടെ പട്ടികയിൽ രാഹുലും ഉണ്ടായിരുന്നു.

മികച്ച ശാരീരിക ക്ഷമതയാണ് രാഹുലിന്റെ മറ്റൊരു കരുത്ത്. ഒപ്പം അധ്വാനിച്ചു കളിക്കാൻ മടിയില്ലാത്ത താരവുമാണ്. മധ്യനിരയിൽ നിന്ന് ഡിഫെൻസിൽ ഇറങ്ങിച്ചെന്ന് ടാക്കിളുകൾ നടത്താൻ ചങ്കുറപ്പുള്ള കളിക്കാരനാണ് ഈ ഇരുപതുകാരൻ. ഇരുകാലുകളും ഉപയോഗിച്ച് പവർഫുൾ ഷോട്ടുകൾ പായിക്കാൻ കഴിവുള്ള താരം കൂടിയാണ് രാഹുൽ. 

ATK യും മുംബൈ സിറ്റിയും അടക്കമുള്ള പല ടീമുകളും രാഹുലിനെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. ഈ വെല്ലുവിളികൾ എല്ലാം അതിജീവിച്ചാണ് ബ്ലാസ്റ്റേഴ്‌സ് 2025 വരെ രാഹുലിനെ ഒപ്പം നിർത്തുന്നത്. KBFC യുടെ ദീർഘകാല പദ്ധതികളിൽ രാഹുലിന് പ്രമുഖമായ സ്ഥാനം ഉണ്ടെന്നു കൂടി ഈ നീക്കം തെളിയിക്കുന്നു. തോൽവികളുടെ അപഹാരത്തിൽ നിന്ന് വിജയത്തിലേക്കുള്ള യാത്രകളുടെ കാലമാകും ഇനിയുള്ള രാഹുൽ കാലം എന്ന പ്രതീക്ഷയിലാണ് ആരാധകർ.

MORE IN SPORTS
SHOW MORE
Loading...
Loading...