സന്ദേശ് ജിങ്കന്‍ മോഹന്‍ ബഗാനില്‍; നന്ദികേടെന്ന് ആരാധകര്‍; രോഷത്തില്‍

sports
SHARE

കേരള ബ്ലാസ്റ്റേഴ്സ് മുന്‍ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്‍ എടികെ മോഹന്‍ ബഗാനില്‍. അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. ഒരു ഇന്ത്യന്‍ ഫുട്ബോള്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലത്തിനാണ് ജിങ്കനുമായി മോഹന്‍ ബഗാന്‍ കരാറിലെത്തിയത്. കഴിഞ്ഞ സീസണ്‍ അവസാനം ജിങ്കനും ബ്ലാസ്റ്റേഴ്സും പരസ്പര ധാരണയോടെ വഴി പിരിയുകയായിരുന്നു. താരം വിദേശ ക്ലബ്ബിലേക്ക് പോകുമെന്നായിരുന്നു സൂചനകള്‍. 

കാല്‍മുട്ടിന് പരുക്കേറ്റതിനെ തുടര്‍ന്ന് ജിങ്കന് കഴിഞ്ഞ സീസണില്‍ കളിക്കാനായിരുന്നില്ല. ഐഎസ്എല്ലിന്‍റെ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്സ് താരമായിരുന്നു സന്ദേശ് ജിങ്കന്‍. നാലാം സീസണിലും അഞ്ചാം സീസണിലും നായകനുമായിരുന്നു. മുന്‍ നായകനോടുള്ള ആദരസൂചകമായി ബ്ലാസ്റ്റേഴ്സ് ജിങ്കന്‍ അണിഞ്ഞിരുന്ന ഇരുപത്തിയൊന്നാം നമ്പര്‍ ജഴ്സി പിന്‍വലിച്ചിരുന്നു. 

എന്നാല്‍ ജിങ്കന്‍ മോഹന്‍ ബഗാനിലേക്ക് പോയതോടെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ കലിപ്പിലായി. രണ്ടു തവണ ഐഎസ്എല്‍ ഫൈനലില്‍ ബ്ലാസ്റ്റേഴ്സിനെ തോല്‍പിച്ച എടികെയുടെ പുതുരൂപമായ എടികെ മോഹന്‍ ബഗാനിലേക്കുള്ള കൂടുമാറ്റമാണ് ആരാധകരെ ചൊടിപ്പിച്ചത്. ആദര സൂചകമായി പിന്‍വലിച്ച 21ആം നമ്പര്‍ ജഴ്സി തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യവും ആരാധകര്‍ ഉയര്‍ത്തുന്നു. 

ബ്ലാസ്റ്റേഴ്സ് ജിങ്കനോട് പ്രകടിപ്പിച്ച ആദരം ജിങ്കന്‍ തിരിച്ച് പ്രകടിപ്പിച്ചില്ലെന്ന് ആരാധകര്‍ പരിഭവിക്കുന്നു. എന്നാല്‍ പ്രഫഷനല്‍ തീരുമാനമായി ജിങ്കന്‍റെ കൂടുമാറ്റത്തെ കണ്ടാല്‍ മതിയെന്ന് ഒരു വിഭാഗം ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ബ്ലാസ്റ്റേഴ്സില്‍ ധരിച്ചിരുന്ന 21ആം നമ്പര്‍ ജഴ്സി വിട്ട് അഞ്ചാം നമ്പര്‍ ജഴ്സിയിലായിരിക്കും ജിങ്കന്‍ ബഗാനില്‍ കളിക്കുക. ബഗാന്‍റെ അഞ്ചാം നമ്പര്‍ ജഴ്സി ധരിച്ചുള്ള വിഡിയോയും ജിങ്കന്‍ തന്‍റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കു വച്ചിട്ടുണ്ട്. 

ജിങ്കന്‍ ബ്ലാസ്റ്റേഴ്സ് വിട്ടതോടെ ഒഡീഷ എഫ്സിയും എഫ്സി ഗോവയും അടക്കമുള്ള ടീമുകള്‍ ജിങ്കനെ ടീമിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അ‍ഞ്ചു വര്‍ഷത്തെ വമ്പന്‍ കരാറുമായി എത്തിയ എടികെ മോഹന്‍ ബഗാനെയാണ് ജിങ്കന്‍ തിരഞ്ഞെടത്തത്.

MORE IN SPORTS
SHOW MORE
Loading...
Loading...