ഐപിഎൽ; കോവിഡ് പരിശോധനയും സുരക്ഷാക്രമീകരണങ്ങളും തുടങ്ങി

iplcovid-02
SHARE

യുഎഇ ആതിഥേയത്വം വഹിക്കുന്ന ഐ.പി.എൽ ടൂർണമെൻറിനായി ടീമുകളെത്തിയതോടെ കോവിഡ് പരിശോധന അടക്കമുള്ള ആരോഗ്യസുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങി. കളിക്കാർക്കും ടീം ഒഫീഷ്യൽസിനുമടക്കം 20,000 കോവിഡ് പരിശോധനകളായിരിക്കും നടത്തുന്നത്. അതേസമയം, മൽസരക്രമത്തിൻറെ കാര്യത്തിൽ അന്തിമതീരുമാനം ഉടനുണ്ടാകുമെന്ന്  ഐ.പി.എൽ അധികൃതർ അറിയിച്ചു.

ഐ.പി.എല്ലിൻറെ ഭാഗമാകുന്ന കളിക്കാർക്കടക്കം കോവിഡ് പരിശോധന നടത്തുന്നതിനായി സമഗ്ര ആരോഗ്യപദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.  പ്രവാസിമലയാളിയായ ഷംഷീർ വയലിലിൻറെ ഉടമസ്ഥതയിലുള്ള വി.പി.എസ് ഹെൽത്ത്കെയറിനെയാണ് ബിസിസിഐ കോവിഡ് പരിശോധനാ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. കൃത്യമായ ഇടവേളകളിലായിരിക്കും കോവിഡ് പരിശോധന.  ഇതിനായി വിദഗ്ദ ഡോക്ടർമാർ അടങ്ങുന്ന പ്രത്യേക മെഡിക്കൽസംഘത്തെ രൂപീകരിച്ചതായി വി.പി.എസ് ഹെൽത്ത്കെയർ സി.ഇ.ഒ സഫീർ അഹമ്മദ് പറഞ്ഞു.

അതേസമയം, അബുദാബിയിൽ കോവിഡ് കേസുകൾ ഒരാഴ്ചയായി കൂടിയതിനാലാണ് മൽസരക്രമം പ്രസിദ്ധീകരിക്കുന്നത് വൈകുന്നതെന്നാണ് സൂചന. നിലവിൽ അബുദാബി എമിറേറ്റിലേക്ക് പ്രവേശിക്കണമെങ്കിൽ കോവിഡ് പരിശോധന നിർബന്ധമാണ്. ദുബായിൽ താമസിക്കുന്ന ടീം അംഗങ്ങൾക്കും ഒഫീഷ്യൽസിനുമായി ഈ നിബന്ധന ഒഴിവാക്കുന്ന കാര്യത്തിൽ ബിസിസിഐയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡും ചർച്ച പുരോഗമിക്കുകയാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും മുംബൈ ഇന്ത്യൻസും മാത്രമാണ് അബുദാബിയിൽ താമസിക്കുന്നത്. മറ്റു ടീമുകൾ ദുബായിലാണുള്ളത്. എല്ലാവശങ്ങളും പരിഗണിച്ച് മൽസരക്രമം ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് ഐപിഎൽ അധികൃതർ അറിയിക്കുന്നത്.

MORE IN SPORTS
SHOW MORE
Loading...
Loading...