'ആ ആത്മബന്ധം അവസാനിപ്പിക്കുന്നു'; ബാർസ വിടാനൊരുങ്ങി മെസ്സി

messi-26
SHARE

ബാർസിലോന വിടണമെന്ന്‌  ലയണൽ മെസ്സി  ക്ലബ്ബിനെ അറിയിച്ചു. ചാമ്പ്യൻസ് ലീഗ്‌ ക്വാർട്ടർ ഫൈനലിൽ ബയൺ മ്യൂണിക്കിനോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ ബാർസ മാനേജ്മെന്റും മെസ്സിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമായിരുന്നു. എന്നാൽ മെസ്സിക്ക്   ബാഴ്‌സയുമായി  2021 വരെയുള്ള  കരാറിലെ വ്യവസ്ഥകൾ സംബന്ധിച്ചു തർക്കം നിലനിൽക്കുന്നതായാണ് സൂചന. 

ബാഴ്‌സലോണയുമായി  14ആം വയസിൽ തുടങ്ങിയ ആത്മബന്ധം അവസാനിപ്പിക്കുകയാണെന്നു ഒരു ഫാക്സ് സന്ദേശത്തിലൂടെ മെസ്സി അറിയിച്ചു. അടുത്ത വർഷം വരെ ബാഴ്‌സയുമായി മെസ്സിക്ക് കരാറുണ്ട് . ഓരോ   സീസൺ  അവസാനവും   കരാർ അവസാനിപ്പിച്ചു സൗജന്യമായി ക്ലബ് വിടാൻ അധികാരം  നൽകുന്ന  വ്യവസ്ഥ മുതലാക്കിയാണ് ഇതിഹാസം ബാർസലോണ വിടാൻ തയ്യാറെടുക്കുന്നത് . 

എന്നാൽ മെസിയെ അങ്ങനെ എളുപ്പം വിട്ടുകളയാൻ ബാർസ ഒരുക്കമല്ലെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . കരാർ റദ്ദാക്കാനുള്ള സമയപരിധി ജൂൺ 10ന്  അവസാനിച്ചു എന്നാണ് ബാർസ മാനേജ്മെന്റിന്റെ വാദം. കോവിഡ് വ്യാപനം കാരണം കഴിഞ്ഞ സീസണിലെ മത്സരങ്ങൾ ഓഗസ്റ്റ് വരെ നീണ്ടുപോയത് കരാർ വ്യവസ്ഥയെ ബാധിക്കില്ലെന്നും ബാർസ മാനേജ്‌മന്റ് പറയുന്നു . അങ്ങനെയെങ്കിൽ മെസ്സിക്ക് ക്ലബ് വിടണമെങ്കിൽ  മറ്റേതെങ്കിലും ടീം ഏകദേശം 6148 കോടി രൂപ ബാർസലോണക്ക് കൈമാറണം .നിലവിലെ പ്രതിസന്ധി കണക്കിലെടുക്കുമ്പോൾ എത്ര ക്ലബ്ബുകൾക്ക് അതിനുള്ള സാമ്പത്തിക ശേഷി ഉണ്ടെന്നു കണ്ടറിയണം . എന്നാൽ മത്സരങ്ങളവസാനിക്കാതെ സീസൺ അവസാനിക്കില്ലെന്ന വാദം മെസ്സി ഉന്നയിക്കിക്കാൻ സാധ്യതയുണ്ട് . എങ്കിൽ തർക്കപരിഹാരം കോടതിയിലേക്കും നീങ്ങിയേക്കാം. എന്തായാലും ഒരുയുഗം അവസാനിക്കാൻ പോകുന്നു . 634 ഗോളുകൾ, 42 ഹാട്രിക്ക് ,  34 കിരീടങ്ങൾ , 6 ബലോൺ ദി ഓറും യൂറോപ്യൻ ഗോൾഡൻ ബൂട്ടും ,കറ്റാലൻ ക്ലബ് ചരിത്രത്തെ തനിക്കുമുമ്പും ശേഷവും എന്ന് വിഭജിച്ച ഇതിഹാസമാണ് പടിയിറങ്ങാൻ ഒരുങ്ങി നിൽക്കുന്നത് .

MORE IN SPORTS
SHOW MORE
Loading...
Loading...