പാരീസില്‍ ജനിച്ചു, പിഎസ്ജിയിലൂടെ വളര്‍ന്നു; പിഎസ്ജിക്ക് പണികൊടുത്ത 'കിങ്' കോമാന്‍

coman
SHARE

എപ്പോള്‍ വേണമെങ്കിലും ഇണങ്ങാം പിണങ്ങാം, അതാണ് കിങ്സ്‌ലി കോമാന്‍.  പവിഴപുറ്റ് നിറഞ്ഞ ഗ്വാദലൂപ് ദ്വീപില്‍ നിന്നുള്ള മാതാപിതാക്കള്‍ക്ക് ജനിച്ച കിങ്സ്‌ലി കോമാന്റെ പ്രകൃതം പവിഴംപോലെ തിളങ്ങുന്നതല്ല. ചിരിച്ചുല്ലസിക്കുന്ന കോമാന്‍ എപ്പോഴാണ് ഗൗരവത്തിലെത്തുക എന്നത് പ്രവചിക്കുക അസാധ്യം. സ്വഭാവത്തിലെ ഈ അപ്രവചനീയത കളിക്കളത്തില്‍ ഇല്ല. 

ബയേണ്‍ മ്യൂനിക്കിന് കിരീടം സമ്മാനിച്ച ഗോള്‍

ഇടതുവിങ്ങിലും വലതുവിങ്ങിലും മാറിമാറികളിക്കുന്ന കിങ്സ്‍‍ലി കോമാന്‍ പിഎസ്ജിക്കെതിരെ ഫൈനലില്‍ കളിച്ചത് കൂടുതല്‍ കരുത്തുകാട്ടുന്ന ഇടതുവിങ്ങില്‍. 59ാം മിനിറ്റില്‍ ആരും മാര്‍ക്ക് ചെയ്യപ്പെടാതെ ബോക്സില്‍ നിന്ന കോമാന്‍ പന്ത് തലകൊണ്ട് ചെത്തിയിടുമ്പോള്‍ കൈലര്‍ നവാസിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അതും ‌തന്നെ  പ്രഫഷനല്‍ ഫുട്ബോളിന്റെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ച പിഎസ്ജിക്കെതിരെ. കലാശപ്പോരാട്ടത്തിന്റെ രാത്രി മുഴുവന്‍ ഇടതുവിങ്ങില്‍ കോമാന്‍ പിഎസ്ജിക്ക് തലവേദന തീര്‍ത്തു. ഇടതുവിങ്ങില്‍ നിന്ന് ബോക്സില്‍ പാഞ്ഞെത്തിയ കോമാന്‍ ആ രാത്രിയിലെ അധ്വാനത്തിന്റെ ഫലമാണ് ഗോളിലൂടെ കുറിച്ചത്. ബയേണ്‍ മ്യൂനിക്ക് ആറാം കിരീടം ഉയര്‍ത്തിയതിനൊപ്പം ചാംപ്യന്‍സ് ലീഗില്‍ തോല്‍വി അറിയാതെ കപ്പുയര്‍ത്തിയ ടീമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. 

 

പിഎസ്ജിയോട് സഹതപിച്ച് കോമാന്‍

ചാംപ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂനിക്കിനെ ചാംപ്യന്മാരാക്കിയ ഗോളിനുടമയായതില്‍ നൂറുശതമാനവും സന്തോഷിക്കുന്നുണ്ടെങ്കിലും കോമാന് പിഎസ്ജിയോടെ സഹതാപമുണ്ട്. കാരണം മറ്റൊന്നുമല്ല പിഎസ്ജിയുടെ യൂത്ത് അക്കാദമിയിലൂടെയാണ് കോമാന്‍ പ്രഫഷനല്‍ ഫുട്ബോളിലെത്തിയത്. ആറാം വയസില്‍ പന്തുതട്ടിത്തുടങ്ങിയ കിങ്സ്‌ലി കോമാനെ ബാലപാഠങ്ങള്‍ പഠിപ്പിച്ചത് പിതാവാണ്. ഫ്രാന്‍സിന്റെ അണ്ടര്‍ 16 ടീമിലെത്തിയ കോമാനെ 2013ല്‍ പിഎസ്ജി തങ്ങളുടെ യൂത്ത് ടീമിലെത്തിച്ചു. തൊട്ടടുത്ത വര്‍ഷം പിഎസ്ജി സീനിയര്‍ ടീമിലുമെത്തി. വൈകാതെ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസില്‍ എത്തി. യുവന്റസിനായി പതിനഞ്ച് മല്‍സരങ്ങള്‍ കളിച്ചെങ്കിലും ഗോളൊന്നും നേടാനായിരുന്നില്ല. 2017വരെയായിരുന്നു കരാര്‍. എന്നാല്‍ 2015ല്‍ ബയേണ്‍ മ്യൂനിക്ക് പയ്യനെ കടംവാങ്ങി. 2017ല്‍ യുവന്റസുമായുള്ള കരാര്‍ അവസാനിച്ചതോടെ ബയേണ്‍ കോമാനെ സ്വന്തമാക്കി. നൂറിലേറെ മല്‍സരങ്ങള്‍ ബയേണ്‍ മ്യൂനിക്കിനായി കളിച്ച കോമാന്‍ 33ഗോള്‍ നേടി. 

ചൂടന്‍ കോമാന്‍

കിങ്സ്‌ലി കോമാന്റെ മൂഡ് പ്രവചിക്കുക അസാധ്യമാണ്. പെട്ടെന്നാണ് വികാരങ്ങള്‍ മാറിമറിയുക. അങ്ങനെ ഒരു വികാരപ്രകടനത്തിന് അറസ്റ്റ് വരിക്കുകയും ചെയ്തു. 2015ല്‍ മോഡലും സുഹൃത്തുമായ സെഫോറയോട് അടിപിടികൂടിയതിനാണ് അറസ്റ്റ് വരിച്ചത്. പിന്നാലെ വന്‍തുക പിഴയൊടുക്കിയാണ് കേസില്‍ നിന്ന് മോചിതനായത്. എന്നാല്‍ കളത്തിനകത്ത് വഴക്കാളി പ്രകൃതം അധികം പ്രകടിപ്പിച്ചിട്ടില്ല.

വേഗമാണ് കരുത്ത്

അതിവേഗത്തിലുള്ള വേഗമാണ് കിങ്സ്‌ലി കോമാന്റെ കരുത്ത്. സാങ്കേതികമികവുള്ള കളിക്കാരനാണ്. വെട്ടിയൊഴിയുന്നതില്‍ മിടുക്കനായ കോമാന്‍ മുന്നേറ്റക്കാര്‍ക്കായി ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മിടുക്കനാണ്. എതിരാളികളുടെ മുന്നേറ്റം തടയുന്നതിനൊപ്പം ആവശ്യമെങ്കില്‍ വലതുവിങ്ങിലും കളിക്കും.

MORE IN SPORTS
SHOW MORE
Loading...
Loading...