മെസിയെ അദ്ഭുതപ്പെടുത്തിയ 6 വയസുകാരന്‍; അദ്ഭുതബാലനെ സ്വന്തമാക്കി ലിവര്‍പൂള്‍

arat-pic
SHARE

ലോകോത്തര കായിക താരങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍  പിന്തുടരുന്ന ആറുവയസുകാരന്‍. ഇറാന്‍കാരന്‍ അറാത്ത് ഹൊസ്സീനി. ഫുട്ബോള്‍ നീക്കങ്ങള്‍ കൊണ്ട് സാക്ഷാല്‍ മെസിയെ വരെ അദ്ഭുതപ്പെടുത്തിയ കുട്ടി. ജിംനാസ്റ്റിക്സ് മികവ് കൊണ്ട് ലോക ഹെവിവെയ്റ്റ് ചാംപ്യന്‍ ആന്റണി ജോഷ്വയെ വരെ ആരാധകനാക്കിയ പ്രതിഭ.  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ലിവര്‍പൂള്‍ പയ്യനെ സ്വന്തമാക്കിയിരിക്കുന്നു.  ഇപ്പോള്‍ മേഴ്സിസൈഡിലെ ലിവര്‍പൂള്‍ അക്കാദമിയില്‍ അറാത്ത്  പരിശീലനം നേടുന്നു.  ജോണ്‍ ഫ്ലാനഗന്‍, റഹീം സ്റ്റര്‍ലിങ്, ട്രെന്‍ഡ് അലക്സാണ്ടര്‍ അര്‍ണോള്‍ഡ് തുടങ്ങിയവര്‍ പരിശീലനം നേടിയ അതേ അക്കാദമയില്‍. 

മൂന്നാം വയസിലെ ജിംനാസ്റ്റിക്സ് പ്രകടനങ്ങള്‍ അറാത്തിനെ സമൂഹമാധ്യമങ്ങളിലെ താരമാക്കി.  അറാത്ത് അസാധരണ മെയ്്വഴക്കം പ്രകടിപ്പിച്ചതോടെയാണ് പിതാവ് മുഹമ്മദ്  ജിംനാസ്റ്റിക്സ് പരിശീലനം നല്‍കിയത്.  ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങി പരിശീലന വിഡിയോകള്‍ പങ്കുവച്ചതോടെ കുഞ്ഞ് അറാത്ത് ലോകം മുഴുവന്‍ താരമായി. ബോക്സിങ്, റോളര്‍ സ്കേറ്റിങ്, സ്വിമ്മിങ്ങ് പരിശീലനവും മുടക്കമില്ലാതെ നടന്നു. ജിംനാസ്റ്റിക്സ് മികവുകൊണ്ട് വിവിധ രാജ്യങ്ങളിലെ റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത് അറാത്ത് സമ്മാനങ്ങളും വാരിക്കൂട്ടി.

റൊണാള്‍ഡോയുടെയും മെസിയുടെയും  മല്‍സരങ്ങള്‍ കണ്ടതോടെ കമ്പം ഫുട്ബോളിനോടായി. വീട്ടിലെ സ്വീകരണമുറിയിലായിരുന്നു ഡ്രിബിളിങ് പരിശീലനം.  ഇറാനില്‍ ദിവസം നാലുജോലികള്‍ വരെ ചെയ്ത് കുടംബം നോക്കിയിരുന്ന മുഹമ്മദ് ഹൊസ്സീനിക്ക് മകന്‍ തന്നെപ്പോലെ ജീവിതത്തില്‍ കഷ്ടപ്പെടരുതെന്ന് വാശിയായിരുന്നു.   മികച്ച വിദ്യാഭ്യാസവും  പരിശീലനവും നേടാന്‍ അച്ഛനും മകനും ഇംഗ്ലണ്ടിലെത്തി.  കുഞ്ഞുപ്രായത്തിലെ അമ്മയെയും സഹോദരിയെയും  വിട്ടാണ് അറാത്ത് ഇംഗ്ലണ്ടിലേയ്ക്ക് താമസം മാറിയത്. ഇംഗ്ലണ്ടില്‍  എവര്‍ട്ടന്‍, ലിവര്‍പൂള്‍ ഉള്‍പ്പെടയുള്ള വിവിധ  ക്ലബുകളുടെ അക്കാദമികളില്‍ ട്രയല്‍സിന് പോയിരുന്നു.  ലിവര്‍പൂളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 

ഫുട്ബോള്‍ പരിശീലനവും ജിംനാസ്റ്റിക്സ് പരിശീലനവും ചേര്‍ന്നതോടെ ആറുവയസുകാരന് സിക്സ്പായ്ക്ക് വരെ വന്നു.  ഏറ്റവും ഒടുവിലായി ട്രെന്‍ഡായത് സിക്സ്പായ്ക്ക് കാണിച്ചുനില്‍ക്കുന്ന അറാത്തിന്റെ ചിത്രമാണ്. ലോക് ഡൗണ്‍ ആയതോടെ അവധിക്കുപോലും  അമ്മയെയും സഹോദരിയെയും കാണാന്‍ ഇറാനിലേയ്ക്ക് പോകാന്‍ കഴിയാത്തതിന്റെ സങ്കടമുണ്ട് അറാത്തിന്. എതിരാളികളെ വകഞ്ഞുമാറ്റി പന്തുമായി കുതിച്ച് ഗോളിച്ചാണ് അറാത്തിന് ശീലം. അതുപോലെ എല്ലാ കെട്ടകാലത്തെയും പിന്നിലാക്കാമെന്ന് അറാത്തും പ്രതീക്ഷിക്കുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...