ഇന്ത്യയിൽ പ്രശ്നമുണ്ടാകില്ലെന്ന് ഉറപ്പുവേണം; ബിസിസിഐയോട് പാക്കിസ്ഥാൻ

indiapak-wb
SHARE

 ഇന്ത്യയിൽ ക്രിക്കറ്റ് കളിക്കാൻ വരുന്നതിന് വീസ, സുരക്ഷാ കാര്യങ്ങളിൽ ബിസിസിഐ ഉറപ്പ് നൽകണമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. 2021 ട്വന്റി20 ലോകകപ്പും 2023 ഏകദിന ലോകകപ്പും ഇന്ത്യയിൽ നടക്കുന്നതിനാൽ ഈ വിഷയങ്ങളിൽ ബിസിസിഐ ഉറപ്പ് എഴുതി നൽകണമെന്നാണു പാക്കിസ്ഥാന്റെ ആവശ്യം. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സിഇഒ വാസിം ഖാൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടൂർണമെന്റുകളിൽ പങ്കെടുക്കുന്നതിനുള്ള ആശങ്കകൾ അറിയിച്ചത്.

ഐസിസി ലോകകപ്പ് മത്സരങ്ങൾ 2021, 2023 വർഷങ്ങളിൽ ഇന്ത്യയിലാണു നടക്കുന്നത്. ബിസിസിഐയുടെ ഉറപ്പു ലഭിക്കുന്നതിനായി ഇപ്പോൾ തന്നെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സമീപിച്ചിട്ടുണ്ട്. വീസ ലഭിക്കുന്നതിനോ, ഇന്ത്യയിൽ കളിക്കുന്നതിനോ ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് ബിസിസിഐ ഉറപ്പു നൽകണം– വാസിം ഖാൻ ആവശ്യപ്പെട്ടു. ഏറ്റവും വലിയ ചോദ്യം 2021 ട്വന്റി20 ലോകകപ്പ് എപ്പോൾ നടക്കുമെന്നതാണ്. 2021 ലോകകപ്പ് നടത്താനുള്ള അവകാശം ഇന്ത്യയ്ക്കാണ്, എന്നാൽ അത് ഓസ്ട്രേലിയയിലോ, ഇന്ത്യയിലോ നടത്തണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

അടുത്ത വർഷങ്ങളിൽ തുടർച്ചയായ മൂന്ന് ലോകകപ്പ് ടൂർണമെന്റുകളാണ് ക്രിക്കറ്റിൽ നടക്കാനിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷം നടക്കേണ്ട ട്വന്റി20 ലോകകപ്പ് 2022 ലേക്ക് മാറ്റിയേക്കുമെന്നു റിപ്പോർട്ടുകളുണ്ട്. ഈ വർഷം ട്വന്റി20 ലോകകപ്പ് നടന്നില്ലെങ്കിൽ അതു 2022ൽ ആയിരിക്കും നടത്തുകയെന്നു പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സിഇഒ വ്യക്തമാക്കി.

പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്കും സ്റ്റാഫുകൾക്കും ഇന്ത്യയിലെത്താൻ അനുമതി ലഭിക്കുന്നതിൽ ഐസിസിയുടെ സഹായം കിട്ടുമെന്നാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രതീക്ഷിക്കുന്നത്. ഐസിസി നടത്തുന്ന ടൂർണമെന്റ് ആയതിനാൽ ഇക്കാര്യത്തിൽ ഐസിസിക്കും ഉത്തരവാദിത്തമുണ്ട്. ബിസിസിഐയുമായി നല്ല ബന്ധമാണു ഞങ്ങൾക്കുള്ളത്. പക്ഷേ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര നടക്കില്ലെന്ന് പാക്കിസ്ഥാന് അറിയാമെന്നും വാസിം ഖാൻ പറഞ്ഞു.

MORE IN SPORTS
SHOW MORE
Loading...
Loading...