ജഴ്സിയൂരി വീശി; മകളുടെ ചോദ്യത്തിനു മുന്നിൽ പകച്ചു; ഗാംഗുലി പറയുന്നു

ganguly-natwest
SHARE

മകളുടെ ചോദ്യത്തിനു മുന്നിൽ പകച്ചുപോയ അനുഭവം പറയുകയാണ് സൗരവ് ഗാംഗുലി. 2002ലെ നാറ്റ്‌വെസ്റ്റ് ട്രോഫി വിജയത്തിനുശേഷം ജഴ്സിയൂരി വീശിയ സൗരവ് ഗാംഗുലിയെ ക്രിക്കറ്റ് പ്രേമികളൊന്നും മറന്നുകാണില്ല. എന്നാൽ വർഷങ്ങൾക്കിപ്പുറം ആ ദൃശ്യങ്ങൾ കണ്ട മകൾ തന്നോട് ചോദിച്ച ചോദ്യത്തെക്കുറിച്ച് പറയുകയാണ് ഗാംഗുലി.

‘പപ്പാ, പപ്പ എന്തിനാണ് അന്നങ്ങനെ ചെയ്തത്. അതു മോശമായിപ്പോയില്ലേ? മകൾ സന പിന്നീടൊരിക്കൽ എന്നോടു ചോദിച്ചു. ഞാൻ ചമ്മിപ്പോയി. സന്തോഷം വന്നതുകൊണ്ടാണു മോളേ എന്നു പറഞ്ഞ് തൽക്കാലം രക്ഷപ്പെട്ടു. പക്ഷേ, ഇനിയങ്ങനെ ചെയ്യുമോയെന്നു ചോദിച്ചാൽ ഇല്ല എന്നായിരിക്കും എന്റെ ഉത്തരം’– ലോർഡ്സ് ബാൽക്കണിയിൽ ജഴ്സിയൂരി വീശിയ ആ നിമിഷത്തെക്കുറിച്ച് ഒരു അഭിമുഖത്തിനിടെ ഗാംഗുലിയുടെ വാക്കുകൾ. ഗാംഗുലിക്കു പശ്ചാത്താപം തോന്നിയെങ്കിലും ആരാധകർക്ക് അതൊരു അഭിമാന നിമിഷമാണ്. പിന്നീടു ലോകകപ്പ് വിജയം വരെ എത്തിയ ടീം ഇന്ത്യയുടെ ജൈത്രയാത്രയ്ക്കു തുടക്കം കുറിച്ച ‘കൊടിവീശലാ’യിരുന്നു അത്! 

2002 ജൂലൈ 13. നാറ്റ്‌വെസ്റ്റ് ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ ശ്രീലങ്കയെ മറികടന്ന് ഇന്ത്യയും ഇംഗ്ലണ്ടും ഫൈനലിൽ. ലോർഡ്സിലെ വേനൽക്കാലപ്പുലരിയിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. ഓപ്പണർ മാർക്കസ് ട്രെസ്കോത്തിക്കിന്റെയും (109) ക്യാപ്റ്റൻ നാസർ ഹുസൈന്റെയും (115) സെഞ്ചുറികളുടെ മികവിൽ ഇംഗ്ലണ്ട് നേടിയത് 325 റൺസ്. 

എന്നാൽ ഗാംഗുലിയുടെയും (43 പന്തിൽ 60) വീരേന്ദർ സേവാഗിന്റെയും  (49 പന്തിൽ 45) മിന്നൽ ബാറ്റിങ്ങിൽ ഇന്ത്യ 14 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 100 കടന്നു. എന്നാൽ, പിന്നീടു 10 ഓവറിൽ വീണത് 5 വിക്കറ്റുകൾ. നേടിയത് വെറും 47 റൺസ്. ആഷ്‌ലി ജൈൽസിന്റെ പന്തിൽ സച്ചിൻ പുറത്തായതോടെ ഇന്ത്യ തോൽവിക്കു മുഖാമുഖം നിന്നു. 

എന്നാൽ, 2 ചെറുപ്പക്കാർ ഇന്ത്യൻ ഇന്നിങ്സിനെ തോളിലേറ്റി. ഇരുപത്തൊന്നുകാരൻ മുഹമ്മദ് കൈഫും (87) ഇരുപതുകാരൻ യുവരാജ് സിങ്ങും (69) ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 121 റൺസ്. 42–ാം ഓവറിൽ യുവരാജ് പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 6ന് 267. ഇന്ത്യയ്ക്കു ജയിക്കാൻ‍ 50 പന്തിൽ 59 റൺസ്. 

ആദ്യം ഹർഭജൻ‍ സിങ്ങും (15) പിന്നെ സഹീർ ഖാനും (4) കൈഫിനു കൂട്ടായി. അവസാന ഓവറിലെ 3–ാം പന്തിൽ ഇന്ത്യ വിജയറൺ ഓടിയെടുത്തപ്പോൾ സ്റ്റേഡിയത്തിന്റെ ബാൽക്കണിയിയിൽ അതുവരെ കാലുകയറ്റിവച്ച് നഖം കടിച്ചിരിക്കുകയായിരുന്ന ഗാംഗുലി കസേരയിൽനിന്നേഴുന്നേറ്റു; ജഴ്സിയൂരി വീശി. 

ഗാംഗുലിയുടെ പ്രവൃത്തി പല ഇംഗ്ലിഷുകാർ‍ക്കും അത്ര പിടിച്ചില്ല. തന്നെ ‘വികൃതിപ്പയ്യൻ’ എന്നു വിളിച്ച മുൻ ഇംഗ്ലിഷ് താരവും കമന്റേറ്ററുമായ ജെഫ്രി ബോയ്ക്കോട്ടിനെ, മുൻപൊരിക്കൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് താരം ആൻഡ്രൂ ഫ്ലിന്റോഫ് ജഴ്സിയൂരിയ കഥ ഗാംഗുലി ഓർമിപ്പിച്ചു. ‘അതു വാങ്കഡെയല്ലേ... ലോർഡ്സ് ക്രിക്കറ്റിന്റെ മക്കയാണ്’ എന്നായിരുന്നു ബോയ്ക്കോട്ടിന്റെ മറുപടി. ‘ലോർഡ്സ് നിങ്ങളുടെ മക്കയായിരിക്കാം, വാങ്കഡെയാണ് ഞങ്ങളുടെ മക്ക’– ഗാംഗുലിയുടെ ചുട്ട മറുപടിയിൽ ബോയ്ക്കോട്ട് വായടച്ചു! 

MORE IN SPORTS
SHOW MORE
Loading...
Loading...