ലോക്ഡൗണ്‍ കളി മുടക്കി; വരുമാനമില്ലാതെ വിദേശതാരങ്ങള്‍; നാട്ടിലേക്ക് പോകണമെന്ന് ആവശ്യം

മലബാറിന്റെ മൈതാനങ്ങളിൽ വിസ്മയം തീർക്കുന്ന വിദേശ ഫുട്ബോൾ താരങ്ങളും കോവിഡ് കാലത്ത് വീട്ടിലിരിപ്പാണ്. ഈ വർഷത്തെ സെവൻസ് ഫുട്ബോൾ സീസൺ ലോക്ക്ഡൗണിനെത്തുടർന്ന് ഉപേക്ഷിച്ചതോടെ വരുമാനമാർഗമില്ലാതായിരിക്കുകയാണ് താരങ്ങൾക്ക്. എത്രയും പെട്ടന്ന് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ആഫ്രിക്കൻ താരങ്ങളില്ലാതെ മലബാറിൽ സെവൻസ് ഫുട്ബോളില്ല. ഡിസംബറിൽ തുടങ്ങി ജൂൺ വരെ നീളുന്ന സീസണിലാണ് ഒരു വർഷത്തേക്കുള്ള സമ്പാദ്യം ഇവർ കണ്ടെത്തുക. പക്ഷെ, ലോക്ക്ഡൗൺ എല്ലാം തകിടംമറിച്ചു. സിയേറ ലിയോൺ, ഐവറി കോസ്റ്റ്, ലൈബീരിയ, ഘാന തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും താരങ്ങളെത്തുന്നത്. വരുമാനമാർഗം നിലച്ചതോടെ സ്വന്തം രാജ്യത്തേക്ക് മടങ്ങി മറ്റേതെങ്കിലും തൊഴിൽ ചെയ്ത് ജീവിക്കുകയാണ് ഇനിയുള്ള മാർഗം.

താമസവും, ഭക്ഷണസൗകര്യവുമെല്ലാം സ്പോൺസർമാരും, സെവൻസ് ഫുട്ബോൾ അസോസിയേഷനും ഏറ്റെടുത്തിട്ടുണ്ടെങ്കിലും വീട്ടിലേക്കുമടങ്ങണമെന്ന പ്രശ്നത്തിന് പരിഹാരം കാണാൻ സർക്കാരിനേ കഴിയൂ.ഇരുന്നൂറോളം വിദേശതാരങ്ങളാണ് മലപ്പുറം ജില്ലയിൽ മാത്രം കുടുങ്ങിക്കിടക്കുന്നത്.