'കോബിയുടെ അന്ത്യം ഹെലികോപ്റ്റര്‍ അപകടത്തിലാകും'; 2012ല്‍ ട്വീറ്റ്; ചർച്ച

kobe-bryant
SHARE

അമേരിക്കൻ ബാസ്ക്കറ്റ് ബോൾ ഇതിഹാസതാരം കോബി ബ്രയാന്റിനെ അകാല മരണം കായികലോകത്തെ ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. ലോകമെങ്ങുമുള്ള ആരാധകർ ഇപ്പോഴും ഞെട്ടലിലാണ്. താരത്തിന് ആദരാഞ്ജലികള്‍ അർപ്പിച്ച് സന്ദേശങ്ങൾ ഒഴുകിയെത്തുന്നു. കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് കോബിക്ക് ജീവന്‍ നഷ്ടമായത്. അദ്ദേഹത്തിന്റെ 13 വയസുകാരി മകള്‍ ജിയാന ഉള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചു.

ഇതിനിടെ എട്ടു വര്‍ഷം മുമ്പുള്ള ഒരു ട്വീറ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക്  തുടക്കംകുറിച്ചിരിക്കുകയാണ്. കോബി ബ്രയാന്റിന്റെ മരണം പ്രവചിച്ചുകൊണ്ടുള്ള ട്വീറ്റായിരുന്നു ഇത്. 'കോബിയുടെ അന്ത്യം ഹെലികോപ്റ്റര്‍ അപകടത്തിലാകും', എന്നാണ് 2012-ലെ ഈ ട്വീറ്റ്. ഡോട്ട് നോസോ എന്നു പേരുള്ള ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ട്വീറ്റ്. 2012 നവംബര്‍ 14–നാണ് ഈ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ഈ പോസ്റ്റ് വൈറലാകുന്നുവെന്ന് ഒരാൾ കമന്റ് ചെയ്തിരുന്നു. ഇപ്പോൾ മാപ്പ് അപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ പോസ്റ്റ് ഇട്ടയാൾ. എന്നോട് ക്ഷമിക്കണം എന്നാണ് ഇന്നലെ ഇയാൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. 

എന്നാല്‍ ഇത് ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കുള്ള ആന്‍ഡ്രോയ്ഡ് ആപ്പ് ആയ കാര്‍ബണ്‍ ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിച്ചതാണെന്ന വാദവും സോഷ്യല്‍ മീഡിയ ലോകത്ത് ഉയരുന്നുണ്ട്. കോബി ബ്രയന്റ് ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിക്കുമെന്നായിരുന്നു ട്വീറ്റ്. എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അത് യാഥാര്‍ത്ഥ്യമായപ്പോള്‍ ആരാധകരുടെ നടുക്കം ഇനിയും മാറിയിട്ടില്ല. ഞായറാഴ്ച ലോസാഞ്ചല്‍സിലെ മാംബാ സ്പോര്‍ട് അക്കാദമിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് കോബിയും 13 വയസുകാരി മകള്‍ ജിയാന ബ്രയന്റും മറ്റ് ഏഴു പേരും ഹെലികോപ്റ്റര്‍ തകര്‍ന്ന് കൊല്ലപ്പെട്ടത്.

96ലെ എന്‍ ബി എ ഡ്രാഫ്റ്റില്‍  18 വയസുകാരന്‍ കോബി ബ്രയന്റ് എന്ന ഹൈസ്കൂള്‍ വിദ്യാര്‍ഥിയെ ഷാര്‍ലറ്റ് ഹോര്‍നെറ്റ്സ്  ടീമിലെത്തിച്ചു. വാല്‍ഡെ ഡിവാച്ചിന് വേണ്ടി കോബിയെ ഹോര്‍നെറ്റ്സ് ലേക്കേഴ്സിന് കൈമാറി. ബാസ്ക്കറ്റ് ബോള്‍ ചരിത്രംതന്നെ മാറ്റിമറിച്ച കൈമാറ്റമായി അത്. ഹോര്‍നെറ്റ്സിന്റെ നഷ്ടം പകരംവയ്ക്കാനാവാത്തെതന്ന് കോബി തെളിയിച്ചു.  അഞ്ചു എന്‍ ബി എ ചാംപ്യന്‍ഷിപ്പുകള്‍ കോബിയുടെ മികവില്‍ ലേക്കേഴ്സ് സ്വന്തമാക്കി.  

2000 മുതല്‍ 2002 വരെ തുടര്‍ച്ചയായി മൂന്നു കിരീടങ്ങള്‍ കോബി – ഷക്കീല്‍ ഒ നീല്‍കൂട്ടുകെട്ട് ലേക്കേഴ്സിലെത്തിച്ചു. 18 തവണ എന്‍ ബി എ ഓള്‍ സ്റ്റാര്‍, 2008 എം വി പി. 34ാം വയസില്‍ 30,000 കരിയര്‍ പോയിന്റ് നേടുന്ന പ്രായം കുറഞ്ഞ താരം. 2008ലും 12ലും ഡ്രീം ടീമിനെ ഒളിംപിക്സില്‍ നയിച്ച് രണ്ട് സ്വര്‍ണമെഡലുകള്‍.   കോബി നിര്‍മിച്ച ഡിയര്‍ ബാസ്‍കറ്റ്ബോള്‍ 2018ല്‍ മികച്ച ആനിമേറ്റഡ് ഷോര്‍ട് ഫിലിമിനുള്ള  ഓസ്‍കര്‍ നേടിയിരുന്നു. ഒടുക്കം 41ാം വയസില്‍ മൈക്കിള്‍ ജോര്‍ഡന്റെ പിന്‍ഗാമി ജോര്‍ഡനെ പിന്നിലാക്കി മരണത്തിനും കീഴടങ്ങി.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...