ഹിന്ദുവായതിനാല്‍ കൂടെ ആരും ഭക്ഷണം കഴിച്ചില്ല, ജീവിതം നല്ല രീതിയിലല്ല; വിവാദവെളിപ്പെടുത്തല്‍

Danish Kaneria, Aktar
SHARE

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം എക്കാലത്തും വിവാദങ്ങളുടെ പിച്ചിലായിരുന്നു. ടീമിലെ ആഭ്യന്തര പ്രശ്നങ്ങളും രാഷ്ട്രീയ വിഷയങ്ങളും ടീമിനെ എന്നും വേട്ടയാടിയിരുന്നു. മികച്ച കളിക്കാരും റെക്കോര്‍ഡുകളും ഉണ്ടായിട്ടും വിവാദങ്ങളുടെ നിഴലിലായിരുന്നു പാക് ടീം. 

ഏറ്റവും ഒടുവില്‍ മുന്‍ പാക് പേസര്‍ ശുഐബ് അക്തറുടെ വെളിപ്പെടുത്തലാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. ഹിന്ദു മത വിശ്വാസി ആയിരുന്നതിനാൽ പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ‍ഡാനിഷ് കനേരിയ  ടീമിൽ വലിയ വിവേചനം നേരിടേണ്ടിവന്നതായി ശുഐബ് ആരോപിച്ചു.  ഹിന്ദുമത വിശ്വാസി ആയതിനാല്‍ ചില കളിക്കാർ അദ്ദേഹത്തിന്റെ കൂടെ ഭക്ഷണം കഴിക്കാൻ‌ പോലും തയാറായിരുന്നില്ലെന്നും അക്തർ ഒരു പാക്ക് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു.

ആരോപണം ശരിയെന്നു കനേരിയ തന്നെ നേരത്തെ സമ്മതിച്ചിരുന്നു. തന്റെ കരിയർ സമയത്ത് പ്രാദേശിക വാദത്തെക്കുറിച്ചു സംസാരിച്ചിരുന്ന രണ്ട്, മൂന്ന് താരങ്ങളോടു എനിക്കു തർക്കിക്കേണ്ടിവന്നു. ഇവിടെനിന്ന് എങ്ങനെയാണ് അയാൾ ഭക്ഷണം എടുക്കുന്നതെന്നായിരുന്നു അവരുടെ ചോദ്യം. അതേ ഹിന്ദുവാണ് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് മത്സരം ജയിപ്പിച്ചത്. പാക്കിസ്ഥാനുവേണ്ടി ഒരുപാടു വിക്കറ്റുകൾ നേടുകയാണെങ്കിൽ അദ്ദേഹത്തിനു കളിക്കാം. കനേരിയയുടെ ശ്രമങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാനു ജയിക്കാൻ സാധിക്കില്ലായിരുന്നു. പക്ഷേ പാക്കിസ്ഥാൻ ടീമിലെ പലരും ജയത്തിന്റെ ക്രെഡിറ്റ് കനേരിയയ്ക്കു നൽകിയില്ല – അക്തര്‍ വിശദീകരിച്ചു.

‘എല്ലാം ശരിയാണ്, പ്രധാനമന്ത്രി ഇടപെടണം’

അക്തറിന്റെ വാക്കുകൾ അദ്ദേഹത്തിന്റെ ബോളിങ് പോലെ തന്നെ മൂർച്ചയുള്ളതാണെന്നായിരുന്നു ഇതേക്കുറിച്ച് കനേരിയയുടെ പ്രതികരണം. ഞാൻ‌ ക്രിക്കറ്റ് കളിക്കുന്ന സമയത്ത് എനിക്ക് ഇതേക്കുറിച്ചു പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ല. എന്നാൽ ശുഐബ് ഭായ് പറഞ്ഞു, ഞാനും പറയും. അദ്ദേഹം എന്നെ എപ്പോഴും പിന്തുണച്ചുകൊണ്ടിരുന്നു. ഇൻസമാം ഉൾ ഹഖ്, മുഹമ്മദ് യൂസഫ്, യൂനിസ് ഖാൻ എന്നിവരും പിന്തുണയുമായെത്തി. പിന്തുണ നൽകാത്തവരുടെ പേരുകൾ ഉടൻ പുറത്തുവിടും. പാക്കിസ്ഥാനുവേണ്ടി കളിക്കുന്നത് അഭിമാനമുണ്ടാക്കുന്ന കാര്യമാണെന്നും കനേരിയ പറഞ്ഞു. സ്വന്തം ജീവിതം നല്ല രീതിയിലല്ല ഇപ്പോൾ പോകുന്നതെന്നു പറഞ്ഞ ഡാനിഷ് കനേരിയ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനിൽനിന്നും സഹായം അഭ്യർഥിച്ചു. 

പാക്കിസ്ഥാനിലും ലോകത്തിലും ഉള്ള പലരെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പല തവണ സമീപിച്ചിരുന്നു. ആരിൽനിന്നും സഹായം ലഭിച്ചിട്ടില്ല. മറ്റു പാക്കിസ്ഥാൻ താരങ്ങളുടെയെല്ലാം പ്രശ്നങ്ങൾ ഇതുപോലെ പരിഹരിക്കപ്പെട്ടിട്ടുണ്ട്. ജീവിതം ശരിയായ രീതിയിലല്ല പോകുന്നത്. ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ എനിക്കു ചെയ്യാൻ സാധിക്കുന്നതെല്ലാം പാക്കിസ്ഥാനുവേണ്ടി ചെയ്തിട്ടുണ്ട്. അതിൽ എനിക്ക് അഭിമാനമുണ്ട്. പാക്കിസ്ഥാനിലുള്ളവർ സഹായിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉൾപ്പെടെയുള്ള പാക്കിസ്ഥാനിലെ ക്രിക്കറ്റ് പ്രതിഭകളുടെ പിന്തുണ ആവശ്യമാണ്– ഡാനിഷ് കനേരിയ വ്യക്തമാക്കി. പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ ഉയർന്ന സ്ഥാനങ്ങളിലുള്ളവരും മറ്റു രാജ്യക്കാരും ഈ പ്രശ്നത്തിൽനിന്നു പുറത്തുവരാൻ എന്നെ സഹായിക്കണം. എനിക്കൊപ്പം നിൽക്കാൻ ദയവു ചെയ്തു മുന്നോട്ടുവരണം. പാക്ക് താരം ശുഐബ് അക്തറുടെ ടെലിവിഷൻ അഭിമുഖം ഇന്നാണു കണ്ടത്. 

സത്യം ലോകത്തോടു പറഞ്ഞതിൽ അദ്ദേഹത്തിനു നന്ദി അറിയിക്കുന്നു. ഒരു ക്രിക്കറ്റ് താരം എന്ന നിലയിൽ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ട്. മാധ്യമങ്ങളോടും പാക്കിസ്ഥാനിലെ ജനങ്ങളോടും നന്ദിയുണ്ട്. സമൂഹത്തിലെ ചിലര്‍ എതിർക്കുന്നുണ്ട്. പക്ഷേ എന്നെ ഇഷ്ടപ്പെടുന്നവരുടെ മുന്നിൽ അതു നിലനിൽക്കില്ല. എതിർപ്പുകളെല്ലാം തള്ളി ജീവിതത്തിൽ പോസിറ്റീവായിരിക്കുമെന്നും കനേരിയ പ്രതികരിച്ചു

പാക്കിസ്ഥാൻ ദേശീയ ടീമിനായി കളിച്ച രണ്ടാമത്തെ ഹിന്ദുമത വിശ്വാസിയായ താരമാണ് ഡാനിഷ് കനേരിയ. പാക്ക് ദേശീയ ടീമില്‍ കളിച്ച ആദ്യ ഹിന്ദു കനേരിയയുടെ അമ്മാവനായ അനിൽ ദൽപതാണ്. 61 ടെസ്റ്റ് മത്സരങ്ങളില്‍നിന്ന് 261 വിക്കറ്റുകൾ കനേരിയ നേടിയിട്ടുണ്ട്. 18 ഏകദിനങ്ങളും കളിച്ചു.

2009ൽ ഇംഗ്ലണ്ട് ടീം എസെക്സിനു വേണ്ടി കളിക്കുമ്പോൾ വാതുവയ്പ് വിവാദത്തിൽ പിടിക്കപ്പെട്ടു. ഇംഗ്ലിഷ് താരം മെർവിൻ വെസ്റ്റ്ഫീൽഡും അന്നു കനേരിയയ്ക്കൊപ്പം പിടിക്കപ്പെട്ടു. ആറു വർഷത്തോളം ആരോപണങ്ങളെ എതിർത്തിരുന്ന കനേരിയ 2018ലാണ് കുറ്റം സമ്മതിച്ചത്. 2010ലാണ് ഡാനിഷ് കനേരിയ പാക്കിസ്ഥാനു വേണ്ടി അവസാന മത്സരം കളിച്ചത്.

MORE IN SPORTS
SHOW MORE
Loading...
Loading...