ധോണിയുടെ കാര്യത്തിൽ ഊഹാപോഹം വേണ്ട; സമയം ധാരാളമുണ്ടെന്ന് ഗാംഗുലി

dhoni-30
SHARE

ധോണിയുടെ കരിയർ സംബന്ധിച്ച കാര്യങ്ങൾ പൊതുവിടത്തിൽ ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. അത് സംബന്ധിച്ച് താരത്തിനും ബോർഡിനും നല്ല വ്യക്തതയുണ്ടെന്നും സമയമാകുമ്പോൾ അത് പൊതുജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ധോണിയെ പോലുള്ള പ്രതിഭകളെ സംബന്ധിച്ച കാര്യങ്ങൾ പൊതുവിൽ ചർച്ച ചെയ്യേണ്ടെന്ന് തന്നെയാണ് നിലപാട്. സെലക്ടർമാർക്കടക്കം ആർക്കും ഇക്കാര്യത്തിൽ വ്യക്തതക്കുറവില്ല. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.

ധോണിയുടെ വിരമിക്കൽ സമീപഭാവിയിൽ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഗാംഗുലിയുടെ ഈ പ്രസ്താവന. ട്വന്റി–20 ലോകകപ്പിൽ ധോണി മടങ്ങിയെത്തുമെന്നും അതല്ല ഐപിഎല്ലിലെ ധോണിയുടെ പ്രകടനം നിർണായകമാവുമെന്നുമെല്ലാം സജീവ ചർച്ചകൾ ഉയർന്നിരുന്നു. രവിശാസ്ത്രിയും ലക്ഷ്മണുമുള്‍പ്പടെയുള്ളവരും ധോണിയുടെ ഭാവിയെ സംബന്ധിച്ച് ചില സൂചനകൾ നൽകിയിരുന്നു. മൂന്ന് മാസത്തിനുള്ളിൽ അറിയാമെന്നായിരുന്നു രവിശാസ്ത്രിയുടെ അനൗദ്യോഗിക പ്രതികരണം. ജനുവരി വരെ തന്നോട് ടീമിലില്ലാത്തതിന്റെ കാരണം ചോദിക്കരുതെന്ന് ധോണിയും കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു.

ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനോടേറ്റ പരാജയത്തിന് പിന്നാലെയാണ് ധോണി ടീമിൽ നിന്ന് സ്വയം ഒഴിവായത്. വിക്കറ്റ് കീപ്പിങിൽ പന്തിനും സഞ്ജുവിനും തിളങ്ങാനായില്ലെങ്കിൽ ധോണിയെ ടീമിലേക്ക് വിളിക്കേണ്ടി വരുമെന്ന തരത്തിൽ ലക്ഷ്മണും കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഈ വർഷമാദ്യം ബംഗളുരുവിൽ വച്ച് ഓസീസിനെതിരെ നടന്ന മത്സരത്തിലാണ് ധോണി അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ട്വന്റി–20 കളിച്ചത്.

MORE IN SPORTS
SHOW MORE
Loading...
Loading...