വീണ്ടും വംശീയ അധിക്ഷേപം; മൈതാനം വിടാനൊരുങ്ങി ബലോറ്റെല്ലി

ഇറ്റാലിയൻ ഫുട്ബോൾ താരം മരിയോ ബലോട്ടെല്ലിക്ക് നേരെ വീണ്ടും വംശീയ അധിക്ഷേപം. നിയന്ത്രണം വിട്ട് പന്ത് ഗ്യാലറിയിലേക്ക് ഉയർത്തിയടിച്ച താരം കളി മതിയാക്കാനും ഒരുങ്ങി. സഹതാരങ്ങളാണ് താരത്തെ പിന്നീട് അനുനയിപ്പിച്ചത്. ഹെല്ലാസ് വെറോണയുടെ ആരാധകരാണ് താരത്തെ അപമാനിച്ചത്. തുടർന്ന് കളിച്ച താരം ഒരു ഗോളടിച്ചാണ് കാണികൾക്ക് മറുപടി നൽകിയത്.

മാന്യമായി പെരുമാറണമെന്ന് ആവശ്യപ്പെട്ട് സംഘാടകർ കാണികൾക്ക് സ്പീക്കറുകളിലൂടെ മുന്നറിയിപ്പ് നൽകിയതോടെയാണ് രംഗം ശാന്തമായത്.

ഇതാദ്യമായാല്ല ബലോറ്റെല്ലി ഉൾപ്പടെയുള്ള താരങ്ങൾക്ക് കളിക്കളത്തിൽ വംശീയ അധിക്ഷേപം നേരിടേണ്ടി വരുന്നത്.  നേരത്തേ എസി മിലാൻ മിഡ്ഫീൽഡർ ഫ്രാങ്ക് കെസീയെ വെറോണ ആരാധകർ തന്നെ അധിക്ഷേപിച്ചിരുന്നു. ഇന്റർ മിലാൻ സ്ട്രൈക്കർ റൊമേലു ലുക്കാക്കുവിനെ കാഗ്ലിയാരി ആരാധകർ അധിക്ഷേപിച്ചത് വൻ വിവാദമായിരുന്നു. ഘാനക്കാരാണ് ബലോറ്റെല്ലിയുടെ മാതാപിതാക്കൾ.