കോലിയുടെ ആ റെക്കോർഡ് പഴങ്കഥ; നേട്ടം കുറിച്ച് ശുഭ്മാൻ ഗിൽ

പത്ത് വർഷം വിരാട്കോലി സ്വന്തം പേരിൽ നിലനിർത്തിയ റെക്കോർഡ് തകർത്ത് ശുഭ്മാൻ ഗിൽ.  ദേവ്ധർ ട്രോഫി ഫൈനലിൽ ഒരു ടീമിന്റെ നായകനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് ശുഭ്മാൻ സ്വന്തം പേരിൽ കുറിച്ചത്. ഇന്ത്യ സി ടീമിന്റെ ക്യാപ്റ്റനായിരുന്നു ഈ ഇരുപതുകാരൻ.

ഇന്ത്യ എ ടീമിനെതിരെ സെഞ്ചുറി (143) നേടിയതാണ് ശുഭ്മാൻ ഗില്ലിന്റെ ടൂർണമെന്റിലെ മികച്ച പ്രകടനം. തുടർന്നു നടന്ന രണ്ടു മത്സരങ്ങളിലും താരം ചെറിയ സ്കോറില്‍ പുറത്തായി. 21–ാം വയസിലാണ് കോലി നോർത്ത് സോണിന്റെ നായകനായിരുന്നത്. പ്രായം കുറഞ്ഞ ക്യാപ്റ്റൻമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത് ഡല്‍ഹി താരമായ ഉൻമുക്ത് ചന്ദാണ്. 2015ൽ 22–ാം വയസ്സില്‍ ഇന്ത്യ ബി ടീമിനുവേണ്ടിയാണ് ഉൻമുക്ത് കളിച്ചത്. 2009ല്‍ വിരാട് കോലി നയിച്ച നോർത്ത് സോൺ ഫൈനലിൽ വെസ്റ്റ് സോണിനെ തോൽപിച്ച് ദേവ്ധർ ട്രോഫി സ്വന്തമാക്കിയിരുന്നു.

കോലിയുടെ റെക്കോർഡ് തകർത്തെങ്കിലും ഫൈനൽ പോരാട്ടത്തിൽ കാര്യമായ പ്രകടനം നടത്താൻ ശുഭ്മാൻ ഗില്ലിനു ഇന്ന് സാധിച്ചില്ല. ഏഴു പന്തുകളിൽനിന്ന് വെറും ഒരു റൺസെടുക്കാനേ താരത്തിന് കഴിഞ്ഞുള്ളൂ. എന്തായാലും ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോലിയുടെ പിൻഗാമിയെന്ന് വിമർശകർ പോലും വിശേഷിപ്പിക്കുന്നത് വെറുതേയല്ലെന്ന് ഒരിക്കൽ കൂടി ഉറപ്പിക്കുകയാണ് ശുഭ്മാൻ. കോലിയുടെ അതേ ശൈലിയിലുള്ള ബാറ്റിങാണ് ശുഭ്മാന് ഈ വിശേഷണം നേടിക്കൊടുത്തത്.