പിച്ച് പരിശോധിക്കുന്നതിനിടെ’ ക്രീസ് മറന്നു; ഉനദ്കടിന്റെ റണ്ണൗട്ട് വൈറൽ – വിഡിയോ

jaydev-unadkat-runout
SHARE

ദേവ്ധർ ട്രോഫിയിൽ ഇന്ത്യ എ ടീമിന്റെ താരമായ ജയ്ദേവ് ഉനദ്കടിനു ബാറ്റിങ്ങിനിടെ പിണഞ്ഞ അബദ്ധം സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇന്ത്യ ബിയും ഇന്ത്യ എയും തമ്മിൽ നടന്ന മത്സരത്തിനിടെ ഉനദ്കട് റണ്ണൗട്ടായ രീതിയാണ് ആരാധകർക്ക് കൗതുകമായത്. പന്ത് പ്രതിരോധിച്ച ശേഷം പിച്ച് പരിധോധിക്കുന്നതിന്റെ ‘തിരക്കിൽ’ ക്രീസിൽ ബാറ്റു കുത്താൻ മറന്നതാണ് ഉനദ്കടിനു വിനയായത്. ദേശീയ ടീമിൽ പോലും കളിച്ചിട്ടുള്ള ഉനദ്കടിന്റെ പിഴവ് ‘അവിശ്വസനീയം’ എന്നാണ് ആരാധകരുടെ പക്ഷം.

മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ബി നിശ്ചിത 50 ഓവറിൽ 302 റൺസാണെടുത്തത്. ഇന്ത്യ എയുടെ മറുപടി ബാറ്റിങ്ങിനിടെ 43–ാം ഓവറിലാണ് സംഭവം. അടുത്തിടെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഷഹബാസ് നദീമായിരുന്നു ബോളർ. താരതമ്യേന ഉയർന്ന വിജയലക്ഷ്യത്തിനു മുന്നിൽ പതറിയ ഇന്ത്യ എ ഏഴു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെന്ന നിലയിൽ നിൽക്കെയാണ് ഉനദ്കടിന്റെ അശ്രദ്ധയും അലംഭാവവും അവർക്ക് വിനയായത്.

43–ാം ഓവറിലെ അഞ്ചാം പന്ത് ക്രീസിൽനിന്ന് കുറച്ചധികം മുന്നോട്ടുകയറി പ്രതിരോധിച്ച ഉനദ്കടിന്റെ കാൽ ചെറുതായൊന്നു തെന്നി. തിരികെ ക്രീസിലേക്ക് തിരിച്ചെത്താൻ ശ്രമിക്കുന്നതിനു പകരം അവിടെത്തന്നെ നിന്ന് പിച്ചിന്റെ പ്രശ്നം പരിശോധിക്കാനായിരുന്നു ഉനദ്കടിന്റെ ‘തീരുമാനം’. പിച്ച് പരിശോധനയ്ക്കു ശേഷം മന്ദഗതിയിൽ ക്രീസിലേക്കു തിരിച്ചെത്തുമ്പോഴേയ്ക്കും ഉനദ്കട് ഔട്ട്. താരം അശ്രദ്ധയോടെ നിൽക്കുന്നതുകണ്ട് ഇന്ത്യൻ താരം കൂടിയായ കേദാർ ജാദവ് പന്ത് ഉടനടി വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേലിന് എറിഞ്ഞുനൽകുകയായിരുന്നു. പാർഥിവ് ഉടൻ സ്റ്റംപിളക്കുകയും ചെയ്തു. ഇതോടെ എട്ടിന് 176 റൺസെന്ന നിലയിൽ തകർന്ന ഇന്ത്യ എ, 194 റൺസിന് എല്ലാവരും പുറത്തായി. മത്സരം തോറ്റത് 108 റൺസിന്!

MORE IN SPORTS
SHOW MORE
Loading...
Loading...