ഓംബുഡ്സ്മാന്‍ നിയമനം; ആരോപണങ്ങള്‍ നിഷേധിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍

ombudsman
SHARE

ഓംബുഡ്സ്മാന്‍ നിയമനവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ നിഷേധിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍. ജസ്റ്റിസ് വി.രാംകുമാറിനെ ഓംബുഡ്സ്മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതില്‍ സ്ഥാപിത താല്‍പര്യങ്ങളില്ലെന്ന് വ്യക്തമാക്കി കെസിഎ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. രണ്ടു വര്‍ഷം കൊണ്ട് എട്ടു കേസുകള്‍ മാത്രമാണ് ജസ്റ്റിസ് രാംകുമാര്‍ തീര്‍പ്പാക്കിയതെന്നും കെസിഎ കോടതിയെ അറിയിച്ചു. 

ഓംബുഡ്സ്മാന്‍ നിയമനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് വി.രാംകുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കിയത്. കെസിഎ സെക്രട്ടറിക്കെതിരായ കേസ് തീര്‍പ്പാക്കുന്നതും, ഓംബുഡ്സ്മാന്‍ മാറ്റവുമായി ബന്ധമില്ലെന്ന് സത്യവാങ്മൂലം പറയുന്നു. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ പാലിച്ച്, കെസിഎ ജനറല്‍ ബോഡിയാണ് ഓംബുഡ്സ്മാനെ മാറ്റിയത്. ഓംബുഡ്സമാന്‍ ഓഫീസ് നടത്തിപ്പിന് രണ്ടു വര്‍ഷം കൊണ്ട് ഒന്നരക്കോടിയിലധികം രൂപ ചെലവഴിച്ചെന്നും KCA കോടതിയെ അറിയിച്ചു. ചെലവ് കുറയ്ക്കണമെന്ന് പലതവണ അഭ്യര്‍ഥിച്ചെങ്കിലും ജസ്റ്റിസ് രാംകുമാര്‍ വഴങ്ങിയില്ലെ. രണ്ട് വര്‍ഷം കൊണ്ട് എട്ട് കേസുകള്‍ മാത്രമാണ് ഓംബുഡ്സ്മാന്‍ തീര്‍പ്പാക്കിയത്. ഈ സാഹചര്യത്തിലാണ് പുതിയ ഓംബുഡ്സ്മാനായി ജസ്റ്റിസ് ജ്യോതീന്ദ്രനാഥിനെ നിയമിച്ചത്. പുതിയ ഓംബുഡ്സ്മാനായി ജസ്റ്റിസ് ജ്യോതീന്ദ്രനാഥ് ചുമതലയേറ്റെന്നും ഇക്കാര്യം ബിസിസിഐ അംഗീകരിച്ചതായും കെസിഎ അറിയിച്ചു. ഓംബുഡ്സ്മാന്‍റെ ഓഫീസിന്‍റെ താഴ് കെസിഎ ഭാരവാഹികള്‍ തകര്‍ത്തെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ക്രിക്കറ്റ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ആരോപണങ്ങളെ തുടര്‍ന്ന് നവംബര്‍28 വരെ ഓംബുഡ്സ്മാന്‍ നിയമനത്തില്‍ തല്‍സ്ഥിതി തുടരണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം

MORE IN KERALA
SHOW MORE
Loading...
Loading...