മഞ്ഞപ്പട നിറയെ ഇത്തവണ മലയാളിപ്പട; ഇടം നേടിയത് 7 പേർ

malayaliplayers-02
SHARE

ബ്ലാസ്റ്റേഴ്സ് ഇത്തവണ ശരിക്കും കേരള ബ്ലാസ്റ്റേഴ്സ് ആണ്. കഴിഞ്ഞ സീസണുകളില്‍ ഒന്നുമില്ലാത്ത വിധം മലയാളി സമ്പന്നമാണ് ഇത്തവണ കേരളത്തിന്‍റെ ഐഎസ്എല്‍ ടീം. 25 അംഗ ബ്ലാസ്റ്റേഴ്സ് നിരയില്‍ ഏഴു മലയാളികളാണ് ഇടം പിടിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഫുട്ബോളിലെ ഹെഡ് മാസ്റ്റര്‍ മുഹമ്മദ് റാഫിയാണ് ബ്ലാസ്റ്റേഴ്സ് മലയാളികളിലെയും ടീമിലെയും സീനിയര്‍. ചെന്നൈയിനില്‍ നിന്നാണ് ഇത്തവണ കൊച്ചിയിലേക്കുള്ള മടങ്ങി വരവ്. പ്രായം 37 ആയെങ്കിലും റാഫിയുടെ ഹെഡറുകളുടെ മൂര്‍ച്ച കുറഞ്ഞിട്ടില്ല. ഷാട്ടോറിയുടെ ആക്രമണ ഫുട്ബോളില്‍ റാഫിക്ക് സാധ്യതകളേറെയാണ്. മധ്യനിരയില്‍ ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങള്‍ മെനയാന്‍ ഇത്തവണയും സഹല്‍ ഉണ്ട്. കഴിഞ്ഞ ഒറ്റ സീസണ്‍ കൊണ്ട് തന്നെ ആരാധകരുടെ പ്രിയതാരമായി സഹല്‍ മാറിയിരുന്നു. 

സീസണിലുടനീളം ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ച വച്ച സഹലിന് മികച്ച യുവതാരത്തിനുള്ള പുരസ്കാരവും ലഭിച്ചു. ഇക്കുറിയും ബ്ലാസ്റ്റേഴ്സിന്‍റെ മധ്യനിരയിലെ ഷാട്ടോറി ടാക്ടിക്സില്‍ സഹലിന് നിര്‍ണായകസ്ഥാനം ഉണ്ടാകുമെന്ന് ഉറപ്പാണ്. മലയാളി ഫുട്ബോള്‍ താരങ്ങളിലെ പുത്തന്‍ സെന്‍സേഷന്‍ കെ.പി.രാഹുല്‍ ഇത്തവണ മഞ്ഞക്കുപ്പായത്തില്‍ ബ്ലാസ്റ്റേഴ്സ് നിരയിലെത്തുന്നത് ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നുണ്ടാകും. 

നിര്‍ഭയ ഫുട്ബോളിന്‍റെ വക്താവായ രാഹുല്‍ കഴിഞ്ഞ ഐ ലീഗ് സീസണില്‍ മികവ് തെളിയിച്ചാണ് ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത്. മധ്യനിരയില്‍ സഹലിനൊപ്പമോ, മുന്നേറ്റത്തില്‍ ഒഗ്ബച്ചേയുടെ പിന്തുണക്കാരനായോ രാഹുല്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍. ഇന്ത്യന്‍ സൂപ്പര്‍‍ ലീഗിന്‍റെ കഴിഞ്ഞ അഞ്ചു സീസണിലും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ വിശ്വസ്തനായ കാവല്‍ക്കാരനായിരുന്നു രഹ്നേഷ്. എന്നാല്‍ ഇത്തവണ രഹ്നേഷ് കളം മാറി സ്വന്തം നാട്ടിലേക്കെത്തിയിരിക്കുന്നു. ഗോള്‍ കീപ്പറായി ബിലാല്‍ ഖാനൊപ്പം ഷാട്ടോറി രഹ്നേഷിനെയും പരിഗണിക്കും. 

ബ്ലാസ്റ്റേഴ്സിലെ അനുഭവസന്പത്തില്‍ സീനിയര്‍ മലയാളി പ്രശാന്താണ്. കഴിഞ്ഞ രണ്ട് സീസണുകളിലും ബ്ലാസ്റ്റേഴ്സ് നിരയില്‍ പ്രശാന്ത് ഉണ്ടായിരുന്നു. വലതു വിങ്ങിലൂടെ അതിവേഗത്തില്‍ പന്തുമായി കുതിക്കുന്ന പ്രശാന്തിന്‍റെ മികവ് ബ്ലാസ്റ്റേഴ്സിന് കരുത്താകും. പരുക്കുമൂലം കഴിഞ്ഞ സീസണ്‍ നഷ്ടമായ അബ്ദുല്‍ ഹക്കുവിന് ഇത്തവണ ഭാരിച്ച ഉത്തരവാദിത്തമാണ്. കാല്‍മുട്ടിന് പരുക്കേറ്റ് സന്ദേശ് ജിങ്കന്‍ പുറത്തായതോടെ പ്രതിരോധത്തില്‍ നിര്‍ണായക ഉത്തരവാദിത്തം ഹക്കുവിന്‍റെ ചുമലിലേക്കെത്തി. ജിയാനിക്കൊപ്പം ഹക്കു സെന്‍റര്‍ ബാക്ക് പൊസിഷനില്‍ കളിക്കാന്‍ സാധ്യതകള്‍ ഏറെയാണ്. ഗോകുലം കേരളയില്‍ നിന്നാണ് ഷിബിന്‍ രാജ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയിരിക്കുന്നത്. ബിലാല്‍ ഖാനും, രഹ്നേഷിനും ശേഷം മാത്രമേ കോച്ച്, ഷിബിന്‍ രാജിനെ ഗോള്‍ കീപ്പറായി പരീക്ഷിക്കാന്‍ സാധ്യതയുള്ളൂ.

MORE IN SPORTS
SHOW MORE
Loading...
Loading...