എടികെയോട് ‌കണക്ക് തീര്‍ക്കണം; ചിലത് തെളിയിക്കണം; ഇത് അടിമുടി മാറിയ ബ്ലാസ്റ്റേഴ്സ്

blasters
SHARE

‌‌ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്‍റെ ആറാം പതിപ്പിന് ഇന്ന് കൊച്ചിയില്‍ കൊടി ഉയരും. ആദ്യമല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് പരമ്പരാഗത വൈരികളായ എടികെയെ നേരിടും. വൈകിട്ട് ആറിനാണ് ഉദ്ഘാടനം. ഏഴരയ്ക്ക് മല്‍സരം ആരംഭിക്കും.  

എടികെയോട് ബ്ലാസ്റ്റേഴ്സിന് കണക്ക് തീര്‍ക്കണം. ഒപ്പം ചിലത് തെളിയിക്കുകയും വേണം. കഴിഞ്ഞ രണ്ടു സീസണുകളിലെ മോശം പ്രകടനത്തിന്റെ കറ കഴുകിക്കളയണം. പുതിയ കോച്ച് പകരുന്ന ആത്മവിശ്വസത്തില്‍ അടിമുടി പൊളിച്ചടുക്കിയ ടീമുമായാണ് ആറാം സീസണില്‍ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. നായകന്‍ ബര്‍ത്തലോമിയോ ഒഗ്ബച്ചേയും കാമറൂണ്‍ താരം റാഫേല്‍ മെസിയും ആയിരിക്കും എടികെയ്ക്കെതിരെ ബ്ലാസ്റ്റേഴ്സ് ആക്രമണം നയിക്കുക. മധ്യനിരയില്‍ സിഡോയും സഹലും സാമുവലും ബ്ലാസ്റ്റേഴ്സിനായി തന്ത്രങ്ങള്‍ മെനയും. മുസ്ഥഫ ഞിങ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡറാകും. സന്ദേശ് ജിങ്കന് പരുക്കേറ്റതോടെ അടിത്തറ ഇളകിയ അവസ്ഥയിലാണ് ബ്ലാസ്റ്റേഴ്സ് പ്രതിരോധം. ജിയാനി സൂയിവെര്‍ലൂണിനൊപ്പം മലയാളി താരം അബ്ദുല്‍ ഹക്കുവോ രാജു ഗെയ്‍ക് വാദോ സെന്‍റര്‍ ബാക്കുകളാകും. ലാലുവും റാകിപും വിങ് ബാക്കുകളാകാനാണ് സാധ്യത. ഒന്നാം നമ്പർ ഗോളി ബിലാല്‍ ഖാനെ തന്നെ ഗോള്‍വല ഏല്‍പ്പിക്കും. മറുവശത്ത് മികച്ച വിദേശ താരങ്ങളാണ് എടികെയുടെ കരുത്ത്.ഓസ്ട്രേലിയന്‍ ലീഗില്‍ ഗോളുകള്‍ അടിച്ചു കൂട്ടിയ റോയ് കൃഷ്ണയും ഡേവിഡ് വില്യംസുമായിരിക്കും ബ്ലാസ്റ്റേഴ്സിന് തലവേദനയാവുക. മധ്യനിരയില്‍ ഹാവിയര്‍ ഫെര്‍ണാണ്ടസും എഡു ഗാര്‍ഷ്യയും പ്രതിരോധത്തില്‍ ജോണ്‍ ജോണ്‍സണ്‍.

ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് കടുപ്പമേറിയ എതിരാളികള്‍ തന്നെയാണ് എടികെ. മലയാളി താരങ്ങളായ അനസും ജോബി ജസ്റ്റിനും വിലക്കു മൂലം ഇന്ന് കൊല്‍ക്കത്തയ്ക്കായി കളിക്കില്ല. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തില്‍ മനംമടുത്ത് പാതി വഴിക്ക് ഗാലറിയൊഴിഞ്ഞ ആരാധകര്‍ തിരികെ എത്തുന്നു എന്നുള്ളതാണ് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് സന്തോഷവാര്‍ത്ത. തിരികെയെത്തുന്ന ആരാധകരെ നിലനിര്‍ത്താന്‍ കൊല്‍ക്കത്തയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിന് ജയം അനിവാര്യമാണ്.

MORE IN SPORTS
SHOW MORE
Loading...
Loading...