യുറോപ്യൻ ഫുട്ബോളിന്റെ ശാസ്ത്രീയതയുമായി ആറാം സീസൺ

headmasters-04
SHARE

യൂറോപ്യന്‍ ഫുട്ബോളിന്റെ ശാസ്ത്രീയത ആകും ഐഎസ്എല്‍ ആറാംസീസണില്‍ കാണാനാകുക. പത്തുടീമുകളെയും പരിശീലിപ്പിക്കുന്നത് യൂറോപ്പില്‍ നിന്നുള്ള ആശാന്മാരാണ്. ഇതില്‍ അഞ്ചുപേര്‍ ടെക്നിക്കല്‍ ഫുട്ബോളിന് പേരുകേട്ട സ്പെയിനില്‍ നിന്നും 

ഇന്ത്യന്‍ സൂപ്പര്‍ ഫുട്ബോള്‍ ലീഗിലെ ആറാം തമ്പുരാനെ കണ്ടെത്താനുള്ള പോരാട്ടത്തില്‍ തന്ത്രങ്ങളും ശൈലികളും ഒരുക്കാന്‍ യൂറോപ്പില്‍ നിന്ന് പത്തുപേര്‍ എത്തിയതില്‍  അഞ്ചുപേര്‍ സ്പെയിനില്‍ നിന്നാണ്.

രണ്ടുപേര്‍ ഇംഗ്ലണ്ടില്‍ നിന്നെത്തിയപ്പോള്‍ പോര്‍ച്ചുഗല്‍, ക്രൊയേഷ്യ, നെതര്‍ലന്‍ഡ്സ് എന്നിവടങ്ങളില്‍ നിന്ന് ഓരോരുത്തര്‍ എത്തി. കേരള ബ്ലാസ്റ്റേഴ്സിനെ നെതര്‍ലന്‍ഡ്സുകാരനായ എല്‍കോ ഷട്ടോരിയാണ് അണിയിച്ചൊരുക്കുന്നത്. ആക്രമണഫുട്ബോളിന്റെ ആശാനായ ഷോട്ടോരി കഴിഞ്ഞ സീസണില്‍ ആദ്യമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ  പ്ലേ ഓഫില്‍ എത്തിച്ചിരുന്നു. 

പ്രീമിയര്‍ ലീഗിലെ പരിചയസമ്പത്ത് കൊച്ചിയുടെ കളിത്തട്ടില്‍ പരീക്ഷിക്കുമ്പോള്‍ ബ്ലാസ്റ്റേഴ്സിന്റെ കളിമാറും. രണ്ടുതവണ കിരീടം ചൂടിയ എടികെ സ്പാനിഷ് കോച്ച് അന്റോണിയോ ലോപസ് ഹബാസിനെ വീണ്ടും ആശ്രയിച്ചിരിക്കുകയാണ്. പ്രതിരോധം ശക്തമാക്കി, പാസുകളിലൂടെ താരങ്ങളെ കോര്‍ത്തിണക്കി  ഹബാസ് ടീമിനെ ഒരുക്കിയപ്പോള്‍ കൊല്‍ക്കത്ത കിരീടം ചൂടി. പിന്നീട് ഹബാസിനെ വിട്ട കൊല്‍ക്കത്ത വീണ്ടും ആശാനെയെത്തിക്കുമ്പോള്‍ ലക്ഷ്യം കിരീടം തന്നെ.   

സ്പാനിഷ് ക്ലബുകളിൽ കളിച്ചും കളിപ്പിച്ചും പരിചയമുള്ള അന്റോണിയോ ഐറിയോൻഡോ ആണ് ജംഷഡ്പൂരിന്റെ പരിശീലകന്‍.   ഒരു ഡസനിലേറെ ക്ലബുകളെ പരിശീലിപ്പിച്ച പരിചയമുണ്ട് ഈ അറുപത്തഞ്ചുകാരന്. മധ്യനിര താരമായിരുന്ന ഐറിയോന്‍ഡോ കളി ആസൂത്രണം ചെയ്യുന്നതില്‍ മിടുക്കാനാണ്.  

തുടർച്ചയായ രണ്ടാം സീസണിലും മുംബൈ ടീമിനെ പരിശീലിപ്പിക്കുന്ന പോര്‍ച്ചുഗലുകാരനായ  ഹോർഹെ കോസ്റ്റയുടെ അനുഭവ സമ്പത്താണു ടീമിന്റെ ആത്മവിശ്വാസം. പോർച്ചുഗലിന്റെ മുൻ രാജ്യാന്തര താരമായ ഹോർഹെ 2 മാസം നീണ്ട പ്രീ സീസണു ശേഷമാണു ടീമിനെ കളത്തിലിറക്കുന്നത്. പ്രീ സീസണിലെ പിഴവുകളാണു കഴിഞ്ഞ തവണത്തെ തിരിച്ചടിക്ക് കാരണമെന്ന വിലയിരുത്തലിലാണ് ഹോര്‍ഹെ ഇക്കുറി കൂടുതല്‍ തയാറെടുപ്പ് നടത്തിയത്.   

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ എൽകോ ഷാട്ടോരി സൃഷ്ടിച്ച മികവു തുടരുകയെന്ന ശ്രമകരമായ ദൗത്യമാണ് ക്രൊയേഷ്യക്കാരൻ റോബർട്ട് യാർനിയുടെ വെല്ലുവിളി.  1998ലെ ഫുട്ബോൾ ലോകകപ്പിൽ സെമിയിലെത്തിയ ടീമംഗമായിരുന്ന റോബര്‍ട്ട് യാര്‍നി ഇക്കുറി ടീമിന് കിരിടം നല്‍കുമെന്ന ആത്മവിശ്വാസത്തിലാണ് നോര്‍ത്ത് ഈസ്റ്റ് യൂണെറ്റഡ്. 

 അരങ്ങേറ്റ സീസണിൽ കപ്പിനും ചുണ്ടിനും ഇടയിൽ കൈവിട്ടു പോയ ഐഎസ്എൽ കിരീടം രണ്ടാം സീസണിൽ നേടിക്കൊടുത്താണ് കാൾസ് ക്വാഡ്രാറ്റ് ബെംഗളൂരുവിന്റെ ആശാനാകുന്നത്. ഡച്ച് ഇതിഹാസം ഫ്രാങ്ക് റെയ്ക്കാഡിന്റെ ബാർസിലോന കോച്ചിങ്ങ് സംഘത്തിൽ അംഗമായിരുന്നു ഈ സ്പാനിഷ് പരിശീലകന്‍. ഡിഫൻഡറായിരുന്ന ക്വാഡ്രാറ്റ് പ്രതിരോധത്തിൽ വിട്ടുവീഴ്ചയ്ക്ക് തയാറല്ല.  ഭൂരിഭാഗം കളിക്കാരെയും നിലനിർത്തുകയും ബ്ലാസ്റ്റേഴ്സിൽനിന്നു ലെൻ ദുംഗലിനെ വിളിക്കുകയും ചെയ്തതിലൂടെ സ്പാനിഷ് കോച്ച് സെർജിയോ ലൊബേറ  ലക്ഷ്യമിടുന്നത് ആക്രമണ ഫുട്ബോളിന്റെ പുതിയൊരു സീസൺതന്നെ. പോരായ്മകൾ പ്രതിരോധത്തിലാവും.  42കാരനായ ലൊബോറയാണ് പരിശീലകരിലെ ചെറുപ്പക്കാരന്‍.   

കളിക്കാരനായും പരിശീലകനായും മികവ് തെളിയിച്ച ഇംഗ്ലിഷ് പ്രഫഷനലാണ് ഫിൽ ബ്രൗൺ. ബോൾട്ടൺ വാണ്ടറേഴ്സ്, ബ്ലാക്ക്പൂൾ തുടങ്ങിയ ക്ലബുകളിലായി പ്രീമയര്‍ ലീഗില്‍ മികവുകാട്ടിയ  ഈ സെന്റർ ബാക്കിനറിയാം ഹൈദരാബാദിനെ എങ്ങനെ അണിനിരത്തണമെന്ന്.    ചെന്നൈയിനെ ഇംഗ്ലണ്ടില്‍ നിന്നുള്ള ജോണ്‍ ഗ്രിഗറി തന്നെ പരിശീലിപ്പിക്കും. തന്ത്രങ്ങളുടെ ആശാനായ ഗ്രിഗറി ചെന്നൈയിന് 2018ല്‍ കിരീടം ചാര്‍ത്തി. 

MORE IN SPORTS
SHOW MORE
Loading...
Loading...