ഇന്ത്യക്ക് ജയം; കോലിക്ക് അർധസെഞ്ച്വറി; ഇനി ആ റെക്കോർഡ് ദക്ഷിണാഫ്രിക്കയോടൊപ്പമില്ല

kohli-dhawan
SHARE

ട്വന്റി20യിൽ ഇന്ത്യൻ മണ്ണിൽ ഇന്ത്യയോടു തോൽക്കാത്ത ഏക ടീമെന്ന റെക്കോർഡ് മൊഹാലിയിൽ ദക്ഷിണാഫ്രിക്ക കൈവിട്ടു. ക്യാപ്റ്റന്റെ ഇന്നിങ്സുമായി വിരാട് കോലി മുന്നിൽനിന്നു പടനയിച്ച ആവേശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ട്വന്റി20 പരമ്പരയിൽ ഇന്ത്യ മുന്നിൽ. രാജ്യാന്തര ട്വന്റി20യിലെ 22–ാം അർധസെഞ്ചുറിയുമായി കോലി തകർത്തടിച്ച മൽസരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണെടുത്തത്. കോലിയുടെ അർധസെഞ്ചുറി മികവിൽ ആറു പന്തും ഏഴു വിക്കറ്റും ബാക്കിനിൽക്കെ ഇന്ത്യ വിജയത്തിലെത്തി. കോലി തന്നെ കളിയിലെ കേമൻ. ഇതോടെ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. പരമ്പരയിലെ ആദ്യ മൽസരം മഴമൂലം ഉപേക്ഷിച്ചിരുന്നു. അവസാന മൽസരം ഞായറാഴ്ച നടക്കും.

ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയിൽ ഇന്ത്യയ്ക്കെതിരെ തോൽവി അറിയാത്ത ഒരേയൊരു ടീമെന്ന റെക്കോർഡാണ് ഈ മൽസരത്തോടെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഇന്ത്യയ്ക്കെതിരെ ഇതിനു മുൻപ് നാല് ട്വന്റി20 മത്സരങ്ങളാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ കളിച്ചത്. ഇതിൽ 2 എണ്ണത്തിൽ സന്ദർശകർ ജയിച്ചപ്പോൾ 2 കളികൾ മഴമൂലം ഉപേക്ഷിച്ചു. അതേസമയം, ട്വന്റി20യിലെ നേർക്കുനേർ പോരാട്ടങ്ങളിൽ ഇന്ത്യയ്ക്കാണു മുൻതൂക്കം. 16 കളികളിൽ ഇന്ത്യ ഒൻപത് എണ്ണം ജയിച്ചപ്പോൾ ദക്ഷിണാഫ്രിക്ക ജയിച്ചത് അഞ്ചെണ്ണം മാത്രം.

ദക്ഷിണാഫ്രിക്ക ഉയർത്തിയ അത്ര വലുതല്ലാത്ത വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ ബാറ്റെടുക്കുമ്പോൾ, ‘ചേസിങ് കിങ്’ വിരാട് കോലിയുടെ ബാറ്റിൽത്തന്നെയായിരുന്നു ഇന്ത്യൻ പ്രതീക്ഷ. ടോസ് നേടി ബാറ്റിങ് തിര‍ഞ്ഞെടുക്കുമ്പോൾ കോലി പറഞ്ഞതും മൊഹാലിയിലെ ‘ചേസിങ് ഫ്രണ്ട്‌ലി’ വിക്കറ്റിനെക്കുറിച്ചു തന്നെ. പറഞ്ഞതെല്ലാം കളത്തിൽ അക്ഷരം പ്രതി നടപ്പാക്കിയ കോലി ഇന്ത്യയെ മറ്റൊരു അനായാസ ജയത്തിലേക്കാണ് നയിച്ചത്. 22–ാം അർധസെഞ്ചുറി നേടിയ കോലി 52 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 72 റൺസുമായി പുറത്താകാതെ നിന്നു.

ശ്രേയസ് അയ്യർ 14 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 16 റൺസുമായി കൂട്ടുനിന്നു. 31 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 40 റണ്‍സെടുത്ത ഓപ്പണർ ശിഖർ ധവാന്റെ ഇന്നിങ്സും നിർണായകമായി. ധവാൻ–കോലി സഖ്യം രണ്ടാം വിക്കറ്റിൽ 61 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ടു. രോഹിത് ശർമ 12 പന്തിൽ രണ്ടു സിക്സ് സഹിതം 12 റൺസെടുത്തപ്പോൾ, ഋഷഭ് പന്ത് ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. അഞ്ചു പന്തിൽ നാലു റൺസുമായാണ് പന്ത് കൂടാരം കയറിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ആൻഡിൽ പെഹ്‌ലൂക്‌വായോ, ടെബ്രായിസ് ഷംസി, ഫോർച്യൂൺ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ഇതോടെ, രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ റൺസെന്ന റെക്കോർഡ് വിരാട് കോലിയുടെ പേരിലായി. ഇന്ത്യയുടെ തന്നെ രോഹിത് ശർമയേയാണ് കോലി പിന്തള്ളിയത്. 71 മൽസരങ്ങളിലെ 66 ഇന്നിങ്സുകളിൽനിന്ന് 50.85 റൺസ് ശരാശരിയിൽ 2441 റൺസാണ് കോലിയുടെ സമ്പാദ്യം. രോഹിത് ആകട്ടെ, 97 മൽസരങ്ങളിലെ 89 ഇന്നിങ്സുകളിൽനിന്ന് 32.45 റൺസ് ശരാശരിയിൽ 2434 റൺസും നേടിയിട്ടുണ്ട്. മാർട്ടിൻ ഗപ്ടിൽ (2283), ശുഐബ് മാലിക്ക് (2263), ബ്രണ്ടൻ മക്കല്ലം (2140) എന്നിവരാണ് പിന്നിൽ. രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ 50+ സ്കോറുകളെന്ന റെക്കോർഡും കോലി ഒറ്റയ്ക്ക് സ്വന്തമാക്കി. ഇതുവരെ ഒരു സെഞ്ചുറി പോലും നേടിയിട്ടില്ലാത്ത കോലിയുടെ പേരിൽ 22 അർധസെഞ്ചുറികളുണ്ട്. ഇതുവരെ 50+ സ്കോറുകളുടെ റെക്കോർഡ് കോലി പങ്കിട്ടിരുന്ന രോഹിത്തിന്റെ പേരിൽ നാലു സെഞ്ചുറികളും 17 അർധസെഞ്ചുറികളുമുണ്ട്.

MORE IN SPORTS
SHOW MORE
Loading...
Loading...