ട്വന്റി 20 ക്രിക്കറ്റില്‍ ഇനി മിതാലിയില്ല; ലക്ഷ്യവും സ്വപ്നവും ഏകദിന ലോകകപ്പ്

mithali-raj-web-plus
SHARE

പറയാനുള്ളത് പറയും. കളത്തില്‍ ചെയ്യാനുള്ളത് ചെയ്യും. അതാണ് മിതാലി രാജ്. അത് ക്രീസിലായാലും ക്രീസിന് പുറത്തായാലും മാറ്റമില്ല. മിതാലിയുടെ ബാറ്റിങ് കരുത്തില്‍ ട്വന്റി 20 ലോകകപ്പ് സെമിയില്‍ എത്തിയെങ്കിലും സെമിയില്‍ പരിഗണിച്ചില്ല.  തഴഞ്ഞവരോട് തന്റെ വിയോജിപ്പ് ഭയം കൂടാതെ മിതാലി പ്രകടിപ്പിച്ചപ്പോള്‍ അധികൃതര്‍ക്ക് ഉത്തരംമുട്ടി. അന്നത്തെ ടീം കോച്ച് രമേഷ് പൊവാറിനെതിരെയായിരുന്നു മിതാലിയുടെ ഷോട്ട്.  ഇഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റ് താരം ആരെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് മിതാലി തിരിച്ചൊരു ചോദ്യം ഉന്നയിച്ചു. അത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായി. ഒരു പുരുഷ താരത്തോട് ഇഷ്ടപ്പെട്ട വനിതാ താരം ആരെന്ന് ചോദിക്കുമോ എന്നായിരുന്നു മിതാലിയുടെ മറുചോദ്യം. 

  വിരമിക്കല്‍ എന്തിന്?

2006ലാണ് മിതാലി രാജ് ഇന്ത്യയ്ക്കായി ട്വന്റി 20 ക്രിക്കറ്റില്‍ അരങ്ങേറിയത്. 2006ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അരങ്ങേറ്റം. ഒടുവില്‍ വിരമിക്കുന്നതും ഇംഗ്ലണ്ടിനെതിരെ കളിച്ചുതന്നെ. മൂന്ന് ട്വന്റി 20 ലോകകപ്പുകളില്‍ ഇന്ത്യയെ നയിച്ച ആദ്യ താരത്തിന് ഒന്നില്‍ പോലും കിരീടം നേടാനായില്ലെന്ന ദുഃഖം ബാക്കി. എന്നാല്‍ ട്വന്റി 20യില്‍ ഇന്ത്യയുടെ പുരുഷതാരം നേടുന്നതിനെക്കാള്‍ മുമ്പേ രാജ്യാന്തര തലത്തില്‍ രണ്ടായിരം റണ്‍സ് തികച്ച താരമാണ് മിതാലി. 89 ട്വന്റി 20 മല്‍സരങ്ങളില്‍ നിന്നായി 2,364 റണ്‍സ് നേടി. 

പുറത്താവാതെ നേടിയ 97റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ട്വന്റി 20യില്‍ 17 അര്‍ധസെഞ്ചുറികള്‍ നേടി. ഏകദിന ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനാണ് ട്വന്റി 20യില്‍ നിന്ന് വിരമിച്ചതെന്ന് മിതാലി പറയുന്നു. 

എന്താണ് മിതാലിയുടെ സ്വപ്നം..? 

ഏകദിനത്തില്‍ 200 മല്‍സരങ്ങള്‍ കളിച്ച ലോകത്തിലെ ആദ്യതാരമാണ് മിതാലി രാജ്. ഏകദിന ക്രിക്കറ്റില്‍ ആറായിരം റണ്‍സ് തികച്ച് റണ്‍വേട്ടയില്‍‌ മുന്നില്‍ നില്‍ക്കുന്നതും മിതാലി തന്നെ. ഇതുവരെ 203 ഏകദിനങ്ങളില്‍ നിന്ന് 6720 റണ്‍സ് നേടി. 125 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ഏഴു സെഞ്ചുറിയും 52 അര്‍ധസെഞ്ചുറിയും നേടിയ മിതാലിയുടെ സ്വപ്നം ഇന്ത്യയ്ക്കായി ഒരു ഏകദിന ലോകകപ്പ് നേടുക എന്നതാണ്.  

ഇന്ത്യയെ 2005 ലോകകപ്പ് ഫൈനലിലെത്തിച്ചതിൽ നിർണായക പങ്കുവഹിച്ചു. പക്ഷെ അന്ന് കിരീടം നേടാന്‍ ഇന്ത്യയ്ക്കായില്ല. അതിനാല്‍  2021ല്‍ നടക്കുന്ന ലോകകപ്പിനായി തയാറെടുക്കകയാണ് ഈ വിരമിക്കലിലൂടെ ലക്ഷ്യമിടുന്നതെന്ന് 36കാരിയ മിതാലി പറഞ്ഞു. 

ഡാന്‍സില്‍ നിന്ന് ക്രിക്കറ്റിലേക്ക്

ചുവടുകള്‍ പഠിച്ചത് ഡാന്‍സ് ക്ലാസില്‍, അതും ശാസ്ത്രീയ നൃത്തം. എന്നാല്‍ ആ നൃത്തച്ചുവടുകള്‍ പിന്നീട് കണ്ടത്  ക്രീസിലാണെന്ന് മാത്രം. 1982 ഡിസംബര്‍ മൂന്നിന് രാജസ്ഥാനിലായിരുന്നു ജനനം. എന്നാല്‍ കുട്ടിക്കാലം ഹൈദരാബാദിലുമായിരുന്നു.  വ്യോമസേനയില്‍ ഉദ്യോഗ്യസ്ഥനായിരുന്ന പിതാവ് ദൊരൈ രാജ് മക്കളെ വളര്‍ത്തിയത് വളരെ അച്ചടക്കത്തോടെയായിരുന്നു.

ചേട്ടനൊപ്പം ക്രിക്കറ്റ് പരിശീലനത്തിന് മിത്തു എന്നു വിളിക്കുന്ന മിതാലിയെ ചേര്‍ത്തത് അച്ഛന്റെ നിര്‍ബന്ധത്തിനാണ്. 1997ൽ വനിതാ ലോകകപ്പിനുള്ള സാധ്യതാ ടീമിൽ ഇടംപിടിക്കുമ്പോൾ വെറും 15 വയസ്സായിരുന്നു. ആദ്യകളിയിൽത്തന്നെ പുറത്താകാതെ 114 റൺസാണ് പേരിൽ ചേർത്തത്.

MORE IN SPORTS
SHOW MORE
Loading...
Loading...