അതുല്യയ്ക്ക് സഹായഹസ്തവുമായി കായിക താരങ്ങളുടെ കൂട്ടായ്മ

Athulya-Sahayam-06
SHARE

ശ്വാസകോശ രോഗത്തെതുടർന്ന് ശസ്ത്രക്രിയക്ക് കാത്തിരിക്കുന്ന യുവ കായികതാരം അതുല്യയ്ക്ക് സഹായഹസ്തവുമായി കായിക താരങ്ങളുടെ കൂട്ടായ്മ . ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കേരള സ്പോര്‍ട്സ് പേഴ്സണ്‍സ് അസോസിയേഷന്‍ മൂന്ന് ലക്ഷം രൂപ അതുല്യയുടെ ചികിത്സയ്ക്കായി കൈമാറി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ 13നാണ് അതുല്യയുടെ ശസ്ത്രക്രിയ. 

ജീവിതത്തിന്റെ ട്രാക്കിലേക്ക് അതുല്യ തിരികെയെത്തണമെന്ന പ്രാര്‍ഥനയാണ് ഏവര്‍ക്കും.  സംസ്ഥാന, ദേശീയ കായിക മേളകളിൽ മിന്നുംതാരമായി ഉയർന്നുവന്ന അതുല്യ കഴിഞ്ഞ മാസമാണ് ശ്വാസകോശ രോഗത്തെ തുടര്‍ന്ന് കിടപ്പിലായത്. സര്‍ക്കാര്‍ ഇടപെടലില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ തുടര്‍ ചികിത്സകള്‍ പുരോഗമിക്കുന്നു. അടിയന്തിര ശസ്ത്രക്രിയക്ക് മാത്രം പത്ത് ലക്ഷത്തിലധികം രൂപ ചെലവ് വരും. ബേക്കറി ജീവനക്കാരനായ സജിയുടെ ചെറിയ വരുമാനം കൊണ്ടാണു കുടുംബം പുലരുന്നത്. ഈ ഘട്ടത്തിലാണ്  കുടുംബത്തെ സഹായിക്കാന്‍ മുന്‍ കായിക താരങ്ങള്‍ കൈകോര്‍ത്തത്. 

തലച്ചോറിലെ അണുബാധ വലച്ചിരുന്ന അതുല്യ ഇതിനോടു പൊരുതിയാണു കായികമേളകളിൽ നേട്ടങ്ങള്‍ കൊയ്തത്. കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികമേളയിൽ 400 മീറ്റർ ഹർഡിൽസിൽ സ്വർണമെഡൽ നേടി. ശ്വാസകോശക്കുഴൽ ചുരുങ്ങുന്ന അസുഖമാണ് അതുല്യക്ക്.  സ്വയം ശ്വസിക്കാൻ സാധിക്കാത്തതിനാല്‍ വെന്റിലേറ്റർ സംവിധാനങ്ങളുടെ സഹായത്തോടെയാണു ജീവൻ നിലനിർത്തുന്നത്. 

അടിയന്തരസഹായമായി സംസ്ഥാന സർക്കാർ അതുല്യയ്ക്ക് 3 ലക്ഷം രൂപ അനുവദിച്ചിരുന്നു. ശസ്ത്രക്രിയക്ക് വേണ്ട ബാക്കി തുക കണ്ടെത്താന്‍ കുടുംബം സുമനസുകളുടെ സഹായം തേടുകയാണ്.

MORE IN SPORTS
SHOW MORE
Loading...
Loading...