5 സിലക്ടർമാരും ചേർന്ന് കളിച്ചത് 13 ടെസ്റ്റ്, 31 ഏകദിനം; ഇങ്ങനെ മതിയോ?

cricket-selectors
SHARE

ലോകകപ്പ് ക്രിക്കറ്റിൽ ഫൈനല്‍ കാണാതെ പുറത്തായതിനു പിന്നാലെ വിരാട് കോലിയും സംഘവും പുതിയ പരീക്ഷണത്തിനു തയാറെടുക്കുകയാണ്. ലോകകപ്പ് തോൽവിക്കുശേഷം വെസ്റ്റിൻഡീസിലേക്കാണ് ടീം ഇന്ത്യയുടെ ആദ്യ പര്യടനം. ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന പരമ്പരയിൽ മൂന്നു വീതം ട്വന്റിയും ഏകദിനങ്ങളും രണ്ടു ടെസ്റ്റുകളുമാണുള്ളത്. എം.എസ്.കെ. പ്രസാദിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സിലക്ഷൻ കമ്മിറ്റി വെള്ളിയാഴ്ചയാണ് ടീമിനെ തിര‍ഞ്ഞെടുക്കുന്നത്. ലോകകപ്പിനു ശേഷം വിരമിക്കുമെന്ന അഭ്യൂഹങ്ങൾ കാറ്റിൽപ്പറത്തിയ മുൻ ക്യാപ്റ്റൻ കൂടിയായ മഹേന്ദ്രസിങ് ധോണി ടീമിലുണ്ടാകുമോ എന്ന ആകാംക്ഷയാണ് ആരാധകർക്ക്.

അതേസമയം, ഇക്കഴിഞ്ഞ ലോകകപ്പിലുള്‍പ്പെടെ കഴിഞ്ഞ മൂന്നു വർഷമായി ഇന്ത്യൻ സീനിയർ ടീമിനെ തിരഞ്ഞെടുത്തിരുന്ന സിലക്ഷൻ കമ്മിറ്റിയുടെ അവസാന ടീം തിരഞ്ഞെടുപ്പു കൂടിയാണിത്. ഈ പരമ്പരയോടെ ഇവരുടെ കാലാവധി തീരുകയാണ്. എം.എസ്.കെ. പ്രസാദിനു പുറമെ ടീം തിരഞ്ഞടുപ്പിൽ മുഖ്യ പങ്കുവഹിച്ചിരുന്ന നാലു സിലക്ടർമാർ ആരൊക്കെയാണെന്ന് എത്ര പേർക്കറിയാം? എം.എസ്.കെ. പ്രസാദിന്റെയും സംഘത്തിന്റെയും പരിചയസമ്പത്തിനെക്കുറിച്ചോ?

രാജ്യാന്തര ക്രിക്കറ്റിൽ എം.എസ്.കെ. പ്രസാദിന് ആറു ടെസ്റ്റിന്റെയും 17 ഏകദിനങ്ങളുടെയും അനുഭവ സമ്പത്തേയുള്ളൂ. മറ്റു സിലക്ടർമാരായ ദേവാങ് ഗാന്ധി (4 ടെസ്റ്റ്, 3 ഏകദിനം), ശരൺദീപ് സിങ് (3 ടെസ്റ്റ്, 5 ഏകദിനം), ജതിൻ പരഞ്ജെ (4 ഏകദിനം), ഗഗൻ ഖോഡ (2 ഏകദിനം) എന്നിവരെല്ലാം അനുഭവ സമ്പത്തിൽ ഏറെ പിന്നിൽ. ബിസിസിഐ അപേക്ഷ ക്ഷണിച്ച് രൂപീകരിച്ച ആദ്യത്തെ സിലക്ഷൻ കമ്മിറ്റി കൂടിയാണ് ഇവരുടേതെന്ന പ്രത്യേകതയുമുണ്ട്.

അതേസമയം, കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള ബിസിസിഐ ഉപദേശക സമിതി പുതിയ പരിശീലക സംഘത്തിനൊപ്പം പുതിയ സിലക്ഷൻ കമ്മിറ്റിയെയും തിരഞ്ഞെടുക്കാനൊരുങ്ങുമ്പോൾ, രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കേണ്ട താരങ്ങളെ തിരഞ്ഞെടുക്കുന്നവർക്ക് ഇത്രയൊക്കെ അനുഭവ സമ്പത്തു മതിയോ എന്ന ചോദ്യവുമുണ്ട്. 2016ൽ പ്രസാദിന്റെ നേതൃത്വത്തിൽ പുതിയ സിലക്ഷൻ കമ്മിറ്റിയെ തിരഞ്ഞെടുക്കുമ്പോൾ, ജസ്റ്റിസ് ലോധ സമിതിയുടെ നിർദ്ദേശങ്ങൾ പരിഗണിച്ചു പോലുമില്ലെന്ന് വിവാദം ഉയർന്നിരുന്നു. മിനിമം മൽസരപരിചയം, പരമാവധി മൂന്നംഗങ്ങൾ തുടങ്ങിയ മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെട്ടിരുന്നില്ല.

∙ എം.എസ്.കെ. പ്രസാദ്

ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽനിന്നുള്ളയാളാണ് നാൽപ്പത്തിനാലുകാരനായ മണ്ണവ ശ്രീകാന്ത് പ്രസാദ് എന്ന എം.എസ്.കെ. പ്രസാദ്. 1975 ഏപ്രിൽ നാലിനായിരുന്നു ജനനം. രണ്ടു വർഷത്തിനുള്ളിൽ അവസാനിച്ച രാജ്യാന്തര കരിയറിൽ ആറു ടെസ്റ്റുകളും 17 ഏകദിനങ്ങളുമാണ് വിക്കറ്റ് കീപ്പറായ എം.എസ്.കെ. പ്രസാദ് കളിച്ചത്. 1998 മേയ് 14ന് മൊഹാലിയിൽ ബംഗ്ലദേശിനെതിരായ ഏകദിനത്തിലായിരുന്നു പ്രസാദിന്റെ രാജ്യാന്തര അരങ്ങേറ്റം. തൊട്ടടുത്ത വർഷം നവംബറിൽ ന്യൂസീലൻഡിനെതിരെ അവസാന ഏകദിനം കളിച്ചു.

സ്ഥിരം വിക്കറ്റ് കീപ്പർ നയൻ മോംഗിയയ്ക്കു പരുക്കേറ്റതിനെ തുടർന്ന് 1999 ഒക്ടോബറിൽ ന്യൂസീലൻഡിനെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 2000 ജനുവരി ആദ്യവാരത്തിൽ ഓസീസിനെതിരെ സിഡ്നിയിൽ നടന്ന ടെസ്റ്റ് അവസാന രാജ്യാന്തര മൽസരവുമായി. മോശം ഫോമിനെ തുടർന്ന് ടീമിൽനിന്ന് ഒഴിവാക്കുകയായിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽനിന്നു തഴയപ്പെട്ടെങ്കിലും ഏഴു സീസണുകളിൽ കൂടി അദ്ദേഹം ആന്ധ്രയ്ക്കായി രഞ്ജി ട്രോഫിയിൽ കളിച്ചു.

ആറു ടെസ്റ്റുകളിൽനിന്ന് 11.77 റൺസ് ശരാശരിയിൽ 106 റൺസാണ് പ്രസാദിന്റെ സമ്പാദ്യം. ഒരു അർധസെഞ്ചുറി പോലും നേടിയിട്ടില്ല. ഉയർന്ന സ്കോർ 19 റൺസ്! 17 ഏകദിനങ്ങളിൽനിന്ന് ഒരേയൊരു അർധസെഞ്ചുറി സഹിതം 14.55 റൺ ശരാശരിയിൽ നേടിയത് 131 റൺസ്. ഉയർന്ന സ്കോർ 63 റൺസ്! ടെസ്റ്റിൽ 15 ക്യാച്ചും ഏകദിനത്തിൽ 14 ക്യാച്ചും ഏഴു സ്റ്റംപിങ്ങും ക്രെഡിറ്റിലുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്നു വിരമിച്ച് ആറു വർഷങ്ങൾക്കുശേഷം 2015ൽ പ്രസാദിനെ സിലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. തൊട്ടടുത്ത വർഷം ചീഫ് സിലക്ടറുമായി.

ദേവാങ് ഗാന്ധി

എം.എസ്.കെ. പ്രസാദ് കഴിഞ്ഞാൽ സിലക്ഷൻ കമ്മിറ്റിയിലെ ഏറ്റവും ‘പരിചയ സമ്പന്നനാ’ണ് ബംഗാളിൽനിന്നുള്ള ദേവാങ് ഗാന്ധി. സൗരവ് ഗാംഗുലിക്കുശേഷം ബംഗാളിൽനിന്ന് ഇന്ത്യൻ ടീമിലെത്തിയ വ്യക്തി കൂടിയാണ് ഈ നാൽപ്പത്തിയേഴുകാരൻ. മൂന്നു മാസം മാത്രം നീണ്ട രാജ്യാന്തര കരിയറിൽ ദേവാങ് ഗാന്ധി ഇന്ത്യയ്ക്കായി കളിച്ചത് നാല് ടെസ്റ്റുകളും ഏഴ് ഏകദിനങ്ങളും!

1999 ഒക്ടോബറിൽ മൊഹാലിയിൽ ന്യൂസീലൻഡിനെതിരെ നടന്ന ടെസ്റ്റ് മൽസരത്തിലാണ് ഗാന്ധിയുടെ രാജ്യാന്തര അരങ്ങേറ്റം. അതേവർഷം ഡിസംബറിൽ അ‍ഡ്‌ലെയ്ഡിൽ ഓസീസിനെതിരെ നടന്ന മൽസരത്തോടെ ടെസ്റ്റ് കരിയറിനു വിരാമവുമായി. നാല് ടെസ്റ്റുകളിൽനിന്ന് 34.00 റൺസ് ശരാശരിയിൽ 204 റൺസാണ് സമ്പാദ്യം. ഇതിൽ രണ്ട് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 88 റൺസാണ് ഉയർന്ന സ്കോർ.

ടെസ്റ്റ് അരങ്ങേറ്റത്തിനു തൊട്ടുപിന്നാലെ നവംബറിൽ ന്യൂസീലൻഡിനെതിരെ തന്നെ ഡൽഹിയിൽ ഏകദിന അരങ്ങേറ്റം കുറിച്ചു. 2000 ജനുവരിയിൽ പെർത്തിൽ ഓസീസിനെതിരെ നടന്ന ഏകദിനം അവസാന മൽസരവുമായി. മൂന്ന് ഏകദിനങ്ങളിൽനിന്ന് 16.33 റൺസ് ശരാശരിയിൽ നേടിയത് 49 റൺസ് മാത്രം. 30 റണ്‍സാണ് ഉയർന്ന സ്കോർ. ടെസ്റ്റിലും ഏകദിനത്തിലുമായി ആകെ നേടിയത് ഒരേയൊരു സിക്സ്. മൂന്നു ക്യാച്ചും ക്രെഡിറ്റിലുണ്ട്. 95 ഫസ്റ്റ് ക്ലാസ് മൽസരങ്ങളും 98 ലിസ്റ്റ് എ മൽസരങ്ങളും കളിച്ചു. 2006 ഏപ്രിലിൽ വിരമിച്ചു. മൂന്നു വർഷത്തിനുശേഷം ദേശീയ ടീം സിലക്ടറായി.

∙ ശരൺദീപ് സിങ്

പഞ്ചാബിലെ അമൃത്സറിൽനിന്നുള്ള മുപ്പത്തൊൻപതുകാരനായ ശരൺദീപ് സിങ്, ഇന്ത്യയ്ക്കായി മൂന്നു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 2000 നവംബറിൽ സിംബാബ്‍വെയ്ക്കെതിരെ നാഗ്‌പുരിൽ നടന്ന ടെസ്റ്റ് മൽസരത്തോടെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ശരൺദീപിന്റെ കരിയർ, രണ്ടര വർഷം കൊണ്ട് അവസാനിച്ചു. 2002 ഏപ്രിലിൽ വെസ്റ്റിൻഡീസിനെതിരെ ജോർജ്ടൗണിലായിരുന്നു അവസാന ടെസ്റ്റ്.

2002 ജനുവരിയിൽ ഡൽഹിയിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. 2003 ഏപ്രിലിൽ ധാക്കയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവസാന മൽസരം കളിച്ചു. ബോളർ എന്ന നിലയിൽ ശ്രദ്ധേയനായ ശരൺദീപ്, മൂന്നു ടെസ്റ്റുകളിൽനിന്ന് (നാല് ഇന്നിങ്സ്) 10 വിക്കറ്റും അഞ്ച് ഏകദിനങ്ങളിൽനിന്ന് മൂന്നു വിക്കറ്റും നേടി. 136 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയതാണ് ടെസ്റ്റിലെ മികച്ച പ്രകടനം. 34 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയതാണ് ഏകദിനത്തിലെ മികച്ച പ്രകടനം. 92 ഫസ്റ്റ് ക്ലാസ് മൽസരങ്ങളിലും 77 ലിസ്റ്റ് എ മൽസരങ്ങളിലും കളിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹി, ഹിമാചൽ പ്രദേശ് ടീമുകളെ പ്രതിനിധീകരിച്ചു.

∙ ജതിൻ പരഞ്ജെ

രാജ്യന്തര ക്രിക്കറ്റിൽ ഒരു ടെസ്റ്റ് മൽസരം പോലും കളിക്കാതെ ദേശീയ ടീം സിലക്ടറായ വ്യക്തിയാണ് ജതിൻ പരഞ്ജെ. രാജ്യാന്തര ക്രിക്കറ്റിൽ ആകെ കളിച്ചത് നാല് ഏകദിനങ്ങൾ മാത്രം. ഇന്ത്യൻ ക്രിക്കറ്റിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന മുംബൈയാണ് നാൽപ്പത്തിയേഴുകാരനായ ജതിന്റെ തട്ടകം. നാലര മാസം മാത്രം നീണ്ടുനിന്ന രാജ്യാന്തര ക്രിക്കറ്റ് കരിയറിന്, 1998 മേയ് 28ന് ഗ്വാളിയറിൽ കെനിയയ്ക്കെതിരായ മൽസരത്തോടെയാണ് തുടക്കമിട്ടത്. ഇതേ വർഷം സെപ്റ്റംബറിൽ ടൊറന്റോയിൽ പാക്കിസ്ഥാനെതിരെ നടന്ന മൽസരം അവസാന മൽസരവുമായി.

നാല് ഏകദിനങ്ങളിൽനിന്ന് 18.00 റൺസ് ശരാശരിയിൽ 54 റൺസാണ് സമ്പാദ്യം. ഒരു അർധസെഞ്ചുറി പോലും ക്രെഡിറ്റിലില്ല. ഉയർന്ന സ്കോർ 27 റൺസാണ്. 62 ഫസ്റ്റ് ക്ലാസ് മൽസരങ്ങളും 44 ലിസ്റ്റ് എ മൽസരങ്ങളും കളിച്ചു. 2016ൽ ദേശീയ ടീം സിലക്ടറായി തിരഞ്ഞെടുത്തെങ്കിലും ലോധ കമ്മിറ്റി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ സിലക്ഷൻ കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നായി വെട്ടിച്ചുരുക്കിയതോടെ 2017 ജനുവരിയിൽ പുറത്തായി. എന്നാൽ, 2018 ജനുവരിയിൽ ഇദ്ദേഹത്തെ തിരികെയെടുത്തു.

∙ ഗഗൻ ഖോഡ

പരിചയസമ്പത്തിന്റെ കാര്യത്തിൽ നിലവിലെ സിലക്ഷൻ കമ്മിറ്റിയിൽ ഏറ്റവും ജൂനിയറാണ് ഗഗൻ ഖോഡയെന്ന നാൽപ്പത്തിനാലുകാരൻ. രാജസ്ഥാനിലെ ബാർമിറിൽനിന്നുള്ള ഖോഡ, ബാറ്റ്സ്മാനെന്ന നിലയിലാണ് ശ്രദ്ധേയൻ. 1998 മേയ് 14ന് ബംഗ്ലദേശിനെതിരെയും മേയ് 20ന് കെനിയയ്ക്കെതിരെയും നടന്ന രണ്ടു മൽസരങ്ങളിലൊതുങ്ങുന്നു ഇദ്ദേഹത്തിന്റെ ‘രാജ്യാന്തര പരിചയം’. രണ്ടു മൽസരങ്ങളിൽനിന്ന് 57.50 റൺ ശരാശരിയിൽ 115 റൺസ് നേടി. കെനിയയ്ക്കെതിരെ നേടിയ 89 റൺസാണ് ഉയർന്ന സ്കോർ. ഇതുപക്ഷേ, അദ്ദേഹത്തിന്റെ അവസാന രാജ്യാന്തര മൽസരവുമായി. 132 ഫസ്റ്റ് ക്ലാസ് മൽസരങ്ങളുടെയും 119 ലിസ്റ്റ് എ മൽസരങ്ങളുടെയും അനുഭവ സമ്പത്തുണ്ട്.

2016ൽ ദേശീയ ടീം സിലക്ടറായി തിരഞ്ഞെടുത്തെങ്കിലും ലോധ കമ്മിറ്റി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ സിലക്ഷൻ കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നായി വെട്ടിച്ചുരുക്കിയതോടെ 2017 ജനുവരിയിൽ മറ്റൊരു സിലക്ടറായ ജതിൻ പരഞ്ജെയ്ക്കൊപ്പം പുറത്തായി. എന്നാൽ, 2018 ജനുവരിയിൽ ഇദ്ദേഹത്തെയും തിരികെയെടുത്തു.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...