കോലിയോടും രവി ശാസ്ത്രിയോടും മൂന്ന് ചോദ്യങ്ങള്‍; കാത്തിരിക്കുന്നു ബോര്‍ഡിന്‍റെ കുരുക്ക്

kohli-ravi-shastri-1
SHARE

ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ന്യൂസീലന്‍ഡിനെതിരെ തോറ്റ് നാട്ടിലെത്തുന്ന ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോലിയോടും മുഖ്യപരിശീലകന്‍ രവി ശാസ്ത്രിയോടും മൂന്നുചോദ്യങ്ങളുമായി സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ  ബിസിസിഐ സമിതി. ടീം ഇന്ത്യയുടെ പ്ലയിങ് ഇലവന്‍ തിര‍ഞ്ഞെടുപ്പും ടീം തിര‍ഞ്ഞെടുപ്പും ചോദ്യങ്ങളായി ക്യാപ്റ്റന്റെയും കോച്ചിന്റെയും മുന്നിലെത്തും. അടുത്തവര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഒരുക്കവും ക്രിക്കറ്റ് ഭരണസമിതി ചര്‍ച്ചചെയ്യും.

മൂന്നു ചോദ്യങ്ങളിതാ

ഒന്നാമത്തെ ചോദ്യം: എന്തുകൊണ്ടാണ് ലോകകപ്പിനുള്ള ടീമില്‍ അമ്പട്ടി റായിഡുവിനെ ഉള്‍പ്പെടുത്താഞ്ഞത്. നാലാം നമ്പറിലേക്ക് പരിഗണിച്ച റായഡിവിനെ മോശംഫോമിന്റെ പേരില്‍ ഒഴിവാക്കാന്‍ തക്ക കാരണം എന്തായിരുന്നു. പകരം ടീമിലെടുത്തയാളുടെ പ്രകടനം എന്തായിരുന്നു..?

രണ്ടാമത്തെ ചോദ്യം: എന്തുകൊണ്ടാണ് ന്യൂസീലന്‍ഡിനെതിരായ സെമിഫൈനലില്‍ മൂന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍മാരെ ഉള്‍പ്പെടുത്തിയത്? ധോണിയും ദിനേശ് കാര്‍ത്തിക്കും റിഷഭ് പന്തുമാണ് പ്ലയിങ് ഇലവനില്‍ കളിച്ചത്. ഇതില്‍ അഞ്ചാമനായി ഇറങ്ങിയ കാര്‍ത്തിക്ക് നേടിയത് വെറും ആറുറണ്‍സ്മാത്രമാണ്. പന്ത് 32 റണ്‍സ് നേടി. അര്‍ധസെഞ്ചുറി നേടിയ ധോണിയാണ് വിക്കറ്റിനു പിന്നില്‍ കളിച്ചതും. 

മൂന്നാമത്തെ ചോദ്യം: ന്യൂസീലന്‍ഡിനെതിരായ സെമിഫൈനലില്‍ എന്തുകൊണ്ടാണ് ധോണിയെ ഏഴാം നമ്പറില്‍ ബാറ്റിങ്ങിന് ഇറക്കിയത്? മുന്‍നിര വീണപ്പോള്‍ ധോണിയുടെ അനുഭവസമ്പത്തിനെ ആശ്രയിക്കാതെ കാര്‍ത്തിക്കിനും പാണ്ഡ്യയ്ക്കും ശേഷം ഇറക്കിയത് എന്തിന്? ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാറാണ് ബാറ്റിങ് ഓര്‍ഡര്‍ തീരുമാനിച്ചതെങ്കില്‍ എന്തുകൊണ്ട് മുഖ്യപരിശീലകന്‍ അത് മറികടന്നില്ല. തീരുമാനങ്ങള്‍ ക്യാപ്റ്റനും കോച്ചും കൂട്ടായ് എടുത്തതാണോ. ഈ ചോദ്യങ്ങളായിരിക്കും ക്രിക്കറ്റ് ഭരണസമിതി ലോകകപ്പ് അവലോകനത്തില്‍ ക്യാപ്റ്റനോടും കോച്ചിനോടും ചോദിക്കുക. 

ലോകകപ്പിനുശേഷമുള്ള വിശ്രമമായതിനാല്‍ ഭരണസമിതി ഇവരുമായി കൂടിക്കാഴ്ച നടത്തുന്നത് എന്നാണെന്ന് തീരുമാനിച്ചിട്ടില്ല. ക്യാപ്റ്റനും കോച്ചും മറ്റ് ടീം അംഗങ്ങളും കുടുംബാംഗങ്ങളുമായി ഉല്ലാസയാത്രയിലാണ്. ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയശേഷമായിരിക്കും കൂടിക്കാഴ്ച. അടുത്തമാസം ആദ്യം ഇന്ത്യയുടെ രാജ്യാന്തര പരമ്പരകള്‍ പുനരാരംഭിക്കുന്നതിനാല്‍  ഈമാസം അവസാനംതന്നെ കൂടിക്കാഴ്ചയുണ്ടാകും. സിലക്ഷന്‍ കമ്മിറ്റി അംഗങ്ങളുമായും ക്രിക്കറ്റ് ഭരണസമിതി ചര്‍ച്ചനടത്തും.

MORE IN SPORTS
SHOW MORE
Loading...
Loading...