വലതുകൈ കൊണ്ട് ഷേക്ക് ഹാൻഡ് ഒഴിവാക്കി; ധോണി സെമി കളിച്ചത് പരുക്കേറ്റ വിരലുമായി?

ഇന്ത്യൻ ആരാധകരുടെ നെഞ്ചുതകർത്താണ് ലോകകപ്പ് സെമിയില്‍ നിന്ന് ഇന്ത്യ പുറത്തായത്. മുൻനിര കളി മറന്നപ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 92 എന്ന നിലയിൽ തകർന്ന ഇന്ത്യയെ ജഡേജയും എംഎസ് ധോണിയും ചേർന്നാണ് 221 എന്ന സ്കോറിലെത്തിച്ചത്. എന്നാൽ അപ്രതീക്ഷിതമായി 49ാം ഓവറിൽ ധോണി റണ്ണൗട്ടായി. ഇന്ത്യ തോല്‍വി ഉറപ്പിച്ചു. 

പരുക്കോടെയാണ് ധോണി സെമി കളിച്ചതെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മത്സരശേഷം ഇരുടീമിലെയും താരങ്ങൾ പരസ്പരം കൈകൊടുത്ത് പിരിഞ്ഞപ്പോൾ ധോണി വലതുകൈ ഒഴിവാക്കി ഇടതുകൈ കൊണ്ടാണ് ഷേക്ക് ഹാൻഡ് നൽകിയത്. ഇതോടെയാണ് ധോണിയുടെ വിരലിന് പരുക്കേറ്റോ എന്ന തരത്തിൽ‌ ചർച്ചകൾ നടക്കുന്നത്. 

റണ്ണൗട്ടായ ലോക്കി ഫെർഗൂസന്റെ പന്ത് കളിച്ചപ്പോഴും ധോണി കൈക്ക്‌ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. നേരത്തെ ഇംഗ്ലണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തിലും വിരലിനേറ്റ പരുക്കോടെയാണ് ധോണി കളിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മത്സരത്തിനിടെ പരുക്കേറ്റ വിരൽ വായിലാക്കിയ ശേഷം ചോര തുപ്പിക്കളയുന്ന ധോണിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.