ഇന്ത്യ തോറ്റു, ജഡേജ ‘ജയിച്ചു’; താരം 2 ഓവർ കൂടി ക്രീസിലുണ്ടായിരുന്നെങ്കിൽ....!

Jadeja
SHARE

‘ജയിക്കുന്ന ടീമിലെ താരത്തിനു മാൻ ഓഫ് ദ് മാച്ച് പുരസ്കാരം കൊടുക്കുന്നതാണു പതിവ്. മാറ്റ് ഹെൻറിയുടെ പ്രകടനം മികച്ചതാണ്. എന്നാൽ, ഇന്ത്യ – ന്യൂസീലൻഡ് സെമിയിലെ യഥാർഥ മാൻ ഓഫ് ദ് മാച്ച് രവീന്ദ്ര ജഡേജയാണ്.’ കിവീസ് വിജയത്തിനുശേഷം കമന്റേറ്റർ ഹർഷ ഭോഗ്‌ലെ പറഞ്ഞതു വെറുതെയല്ല. കിവീസ് പേസർമാർ തീർത്ത കാറിലും കോളിലും ആടിയുലഞ്ഞ ഇന്ത്യൻ കപ്പലിനെ രവീന്ദ്ര ജഡേജയെന്ന പോരാളി വിജയതീരത്തേക്ക് എത്തിക്കുമെന്നു കരുതിയെങ്കിലും പിച്ച് കാത്തുവച്ചത് മറ്റൊന്നായിരുന്നു.

ട്രെന്റ് ബോൾട്ടിന്റെ പന്തി‍ൽ വമ്പനടിക്കു ശ്രമിച്ചു താരം പുറത്തായപ്പോൾ കോടിക്കണക്കിന് ആരാധകർ തലയിൽ കൈവച്ചതിന്റെ കാരണം തേടി എങ്ങും പോകേണ്ടതില്ല. ‘സർ ജഡേജ’ ക്രീസിലുണ്ടായിരുന്നുവെങ്കിൽ ഇന്ത്യ ഫൈനൽ കണ്ടേനേ...

ശരിക്കും ജഡേജയുടെ അരങ്ങായിരുന്നു ഈ സെമി. കിവീസ് ബാറ്റ് ചെയ്തപ്പോൾ 10 ഓവറിൽ 34 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ്. ഇക്കോണമി നിരക്കി‍ൽ ഇന്ത്യൻ ബോളർമാരിലെ കേമൻ. ഫീൽഡിൽ ഗംഭീര പ്രകടനം. 2 ക്യാച്ചും ഒരു റണ്ണൗട്ടും. ക്യാച്ചുകളിലൊന്ന് ലോകോത്തരം. റോസ് ടെയ്‌ലറെ പുറത്താക്കിയ ഡയറക്ട് ഹിറ്റ് മാരകം! ബാറ്റിങ്ങിൽ ഇന്ത്യ തകർന്നടിഞ്ഞു നിൽക്കുമ്പോൾ എട്ടാമനായി ഇറങ്ങി വെറും 59 പന്തുകളിൽ 77 റൺസും. ജഡേജയുടെ കരിയറിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്ന്.

ഈ ജഡേജയെയാണോ ഇന്ത്യ ആദ്യ മത്സരങ്ങൾ കളിപ്പിക്കാതെ പുറത്തിരുത്തിയതെന്ന് ആരും ചോദിച്ചുപോകും. സെമി ഉൾപ്പെടെ കളിപ്പിച്ചത് 2 മത്സരങ്ങൾ മാത്രം. മറ്റു മത്സരങ്ങളിൽ ഇടയ്ക്കിടെ പകരക്കാരനായി കളത്തിലിറങ്ങി ക്യാച്ചുകളെടുത്തും ഫോറുകൾ തട‍ഞ്ഞും സർക്കസ് റിങ്ങിലെ അഭ്യാസിയെപ്പോലെ ടീമിനെയും കാണികളെയും ത്രസിപ്പിച്ചതു മാത്രം മിച്ചം.

സെമിയിൽ അർധ സെഞ്ചുറി തികച്ച ശേഷം പതിവു ശൈലിയിൽ ബാറ്റ് ചുഴറ്റി കാണികളെ അഭിവാദ്യം ചെയ്തപ്പോൾ മോഹക്കൊടുമുടിയിലായിരുന്നു ഇന്ത്യൻ ആരാധകർ. 5 വർഷം മുൻപ് ഓക്‌ലൻഡിൽ എട്ടാമനായി ഇറങ്ങി 66 റൺസെടുത്ത് കിവികൾക്കെതിരായ മത്സരം സമനിലയിലാക്കിയ സൂപ്പർമാൻ. ഈ ലോകകപ്പിന്റെ സന്നാഹ മത്സരത്തിൽ ഇതേ കിവികൾക്കെതിരെ അർധ സെഞ്ചുറിയുമായി തിളങ്ങിയ ഓൾറൗണ്ടർ. ബാറ്റ് പടവാളാക്കിയ ജഡ്ഡു വിജയപ്രതീക്ഷ നൽകിയെങ്കിലും കിവികൾ ശക്തരായിരുന്നു. തോൽവിയുടെ ദുഃഖത്തിനിടയിലും ആരാധകർ പറയുന്നു: വെൽഡൻ ജഡേജ..

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...