വില്യംസന്‍: ക്യാപ്റ്റന്‍ കൂള്‍: തന്ത്രങ്ങളുടെ ആശാന്‍: അന്ന് രാത്രിയും നന്നായി ഉറങ്ങി

CRICKET-WC-2019
SHARE

ഈ ലോകകപ്പിലെ കൂള്‍ ക്യാപ്റ്റന്‍ ആരാണ്? നിസംശയം പറയാം അത് ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസന്‍ തന്നെ. ഒരു സംഘം ശരാശരി കളിക്കാരെയും കൊണ്ട് ലോകകകപ്പിനെത്തുമ്പോള്‍ കിവീസിന്‍റെ കടുത്ത ആരാധകര്‍ പോലും ഫൈനല്‍ സ്വപ്നം കണ്ടിരുന്നില്ല. എന്നാല്‍ ശരാശരി സംഘത്തെ ലോഡ്സിലെ ഫൈനല്‍ കളിക്കാന്‍ സജ്ജമാക്കിയതിന്‍റെ എല്ലാ ക്രെഡിറ്റും കെയ്ന്‍ വില്യംസനെന്ന നായകന് മാത്രം സ്വന്തം. 

ഇന്ത്യയ്ക്കെതിരായ സെമിഫൈനല്‍ മഴമൂലം നിര്‍ത്തിവച്ച ദിവസം രാത്രി ന്യൂസീലന്‍ഡ് ബാറ്റ്സ്മാന്‍ റോസ് ടെയ്‌ലര്‍ വെളുപ്പിന് മൂന്നുമണിവരെ തന്‍റെ കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു. അതേസമയം തന്‍റെ മുറിയില്‍ ശാന്തമായി ഉറങ്ങുകയായിരുന്നു കെയ്ന്‍ വില്യംസന്‍. 240 റണ്‍സെങ്കിലും എടുത്താല്‍ വിജയിക്കാമെന്ന് തലേന്ന് ബാറ്റ് ചെയ്യുമ്പോള്‍ തന്നെ വില്യംസന്‍ കണക്കുകൂട്ടിയിരുന്നു. മാത്രമല്ല ഏകദിനത്തിന്‍റെ റിസര്‍വ് ദിവസം രാവിലെ നടന്ന ടീം മീറ്റിങ്ങിലും ഈ ക്യാപ്റ്റന്‍ വളരെ കൂളായിരുന്നു. ഫീല്‍ഡിങ്ങില്‍ പുലര്‍ത്തേണ്ട ജാഗ്രതയും ബോളിങ്ങിലെ ശക്തിയും ടീമിനെ ബോധ്യപ്പെടുത്താന്‍ ക്യാപ്റ്റന് കഴിഞ്ഞു. ഇതിന്‍റെ ഫലമായിരുന്നു ആദ്യ ഓവറുകളിലെ ഇന്ത്യയുടെ വിക്കറ്റ് വീഴ്ചയും അവസാന ഓവറില്‍ ധോണിയെ റണ്ണൗട്ടാക്കിയ മാര്‍ട്ടിന്‍ ഗപ്റ്റിലിന്‍റെ മാസ്മരിക ത്രോയും.  

രോഹിതിനേയും കോലിയേയും വീഴ്ത്തിയാല്‍ മല്‍സരം ജയിക്കാമെന്ന കണക്കുകൂട്ടലിലാണ് ആദ്യ ഓവറുകളില്‍ വില്യംസന്‍ തന്ത്രമൊരുക്കിയത്.  രണ്ടു സ്ലിപ്പ് ഫീല്‍ഡര്‍മാര്‍, ഒരു ഗള്ളി, ഷോര്‍ട്ട് മിഡ്്വിക്കറ്റ്, ഷോര്‍ട്ട് ബാക്ക്്വേഡ് സ്ക്വയര്‍ ലെഗ് എന്നിങ്ങനെ അഞ്ചുപേരെ ക്യാച്ചിങ് പൊസിഷനില്‍ നിരത്തിയ വില്യംസന്‍ കവര്‍ ഷോട്ടുകള്‍ക്കായി തുറന്നിട്ടു. ഫലമോ, രോഹിതും രാഹുലും വിക്കറ്റിന് പിന്നില്‍ കുടുങ്ങി. ധോണിയും ജഡേജയും കത്തിക്കയറിയപ്പോഴും ക്യാപ്റ്റന്‍ കൂളായിരുന്നു. മിച്ചല്‍ സാന്‍റ്നറെ ബോള്‍ ചെയ്യിച്ച് റണ്‍നിരക്ക് പിടിച്ചുനിര്‍ത്തി. പിന്നാലെ കൂറ്റനടിക്ക് ശ്രമിച്ച ജഡേജയുടെ ക്യാച്ചും ക്യാപ്റ്റന്‍ കയ്യിലൊതുക്കി. 

ബാറ്റിങ്ങിലും കൂള്‍

ദക്ഷിണാഫ്രിക്കക്കെതിരെയും ഇന്ത്യയ്ക്കെതിരെയും പതറിയപ്പോള്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയും വിജയത്തിലെത്തിക്കുകയും ചെയ്തു വില്യംസന്‍. ദക്ഷിണാഫ്രിക്കക്കെതിരെ നാലു വിക്കറ്റിന് 80 റണ്‍സ് എന്ന നിലയില്‍ പതറിയപ്പോള്‍ സമചിത്തത കൈവിടാതെ അപരാജിത സെഞ്ചുറിയോടെ ടീമിനെ വിജയിപ്പിച്ചു വില്യംസന്‍.  ഇതേ സമചിത്തത സൈമിഫൈനലില്‍ ഇന്ത്യയ്ക്കെതിരെയും വില്യംസന്‍ പ്രകടിപ്പിച്ചു. മാര്‍ട്ടിന്‍ ഗപ്റ്റില്‍ ആദ്യംതന്നെ പുറത്തായെങ്കിലും ഹെന്‍‌റി നിക്കോള്‍സിനും റോസ് ടെയ്‌ലര്‍ക്കുമൊപ്പം ന്യൂസീലന്‍ഡിനെ പൊരുതാവുന്ന സ്കോറിലെത്തിക്കാന്‍ വില്യംസന് കഴിഞ്ഞു. രണ്ട് സെഞ്ചുറികളടക്കം റണ്‍വേട്ടക്കാരില്‍ അഞ്ചാമനാകാനും വില്യംസന് കഴിഞ്ഞു.

വില്യംസന്‍റെ കായിക കുടുംബം  

ന്യൂസിലന്‍ഡിലെ തൗരംഗയില്‍ ഒരു കായിക കുടുംബത്തിലാണ് വില്യംസന്‍റെ ജനനം. അച്ഛന്‍ നോര്‍ത്തേണ്‍ ഡിസ്ട്രിക്ടിന്‍റെ ക്രിക്കറ്റ് താരമായിരുന്നു. അമ്മ ബാസ്കറ്റ്ബോള്‍ താരവും. മൂന്നു സഹോദരിമാരും വോളിബോള്‍ താരങ്ങള്‍. ഇരട്ട സഹോദരനും ക്രിക്കറ്റും റഗ്ബിയും കളിച്ചിരുന്നു.  ഇങ്ങനെയുളള കുടുംബത്തില്‍ ജനിച്ച വില്യംസന്‍ പ്രതിസന്ധികളെ സ്പോര്‍ട്സ്മാന്‍‌ സ്പിരിറ്റോടെ നേരിട്ടില്ലെങ്കിലേ അതിശയമുള്ളൂ. 

MORE IN SPORTS
SHOW MORE
Loading...
Loading...